Categories
latest news

റാവുവിനും ചരണ്‍സിങിനും സ്വാമിനാഥനും ഭാരത രത്‌നം….വോട്ടുതന്ത്രത്തിന്റെ ഭാഗമായ നീക്കമെന്ന് വിമര്‍ശനം

മുന്‍ പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍സിങ്, പി.വി. നരസിംഹറാവു, കാര്‍ഷികവിപ്ലവത്തിന്റെ പിതാവ് എം.എസ്.സ്വാമിനാഥന്‍ എന്നിവര്‍ക്കു കൂടി മരണാനന്തര ബഹുമതിയായി ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സി-ലുടെയാണ് പ്രഖ്യാപനം നടത്തിയത്.
നേരത്തെ ഈ വര്‍ഷം തന്നെ എല്‍.കെ. അദ്വാനി, കര്‍പൂരി ഠാക്കൂര്‍ എന്നിവര്‍ക്ക് ഭാരതരത്‌നം പ്രഖ്യാപിച്ചിരുന്നു. ഇത്രയധികം പേര്‍ക്ക് ഭാരത രത്‌ന പ്രഖ്യാപിക്കുന്നത് ഇത് ആദ്യമാണ്. പുരസ്‌കാരം പ്രഖ്യാപിച്ചതിലെ അസാധാരണത്വം അതിനു പിന്നിലെ രാഷ്ട്രീയതന്ത്രമാണെന്ന് വ്യാഖ്യനിക്കപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പല രാഷ്ട്രീയ-ജാതി വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുക എന്ന തന്ത്രം നടപ്പാക്കുകയാണ് സര്‍ക്കാര്‍ എന്ന് വിലയിരുത്തപ്പെടുന്നു. ഇത്രയേറെ ഉയര്‍ന്ന പുരസ്‌കാരത്തിന്റെ വില കളയുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നുള്ള വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.
ജാട്ട് വിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് ചരണ്‍സിങിന് പുരസ്‌കാരം നല്‍കുന്നതെന്നും തെക്കെ ഇന്ത്യയിലെ പ്രത്യേകിച്ച് തെലങ്കാന, ആന്ധ്ര മേഖലയിലെ വോട്ട് തന്ത്രം എന്ന നിലയിലാണ് കോണ്‍ഗ്രസ് നേതാവായിരുന്ന നരസിംഹറാവുവിന് പുരസ്‌കാരം നല്‍കുന്നതെന്നും വിമര്‍ശിക്കപ്പെടുന്നു.

ആന്ധ്രയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന നരസിംഹറാവു ആണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്ന കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി. ആര്‍.എസ്.എസ്. പശ്ചാത്തലമുണ്ടെന്നു പറയപ്പെടുന്ന റാവു മസ്ജിദ് തകര്‍ക്കപ്പെടും എന്ന് അറിഞ്ഞു കൊണ്ടു തന്നെ അത് തടയാന്‍ ഫലപ്രദമായി ഇടപെടാതെ മാറി നിന്നു എന്ന വിലയിരുത്തല്‍ പിന്നീട് കോണ്‍ഗ്രസില്‍ തന്നെ വിലയിരുത്തലുണ്ടായിട്ടുണ്ട്. ആഗോളവല്‍ക്കരണത്തിനും അതിന്റെ ഭാഗമായ സാമ്പത്തിക ഉദാരവല്‍ക്കരണത്തിനും ഇന്ത്യയില്‍ തുടക്കമിട്ടത് നരസിംഹറാവു ആയിരുന്നു.

thepoliticaleditor

ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും പിന്നാക്ക സംവരണത്തിന്റെ പിതാവുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌ന പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പ്രതിപക്ഷ ഇന്ത്യാ സഖ്യം വിട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബിജെപി മുന്നണിയിലേക്ക് പോയത്. കര്‍പൂരി ഠാക്കൂറിന് ഭാരത രത്‌ന സമ്മാനിച്ചത് നിതീഷുമായുള്ള കച്ചവടം ആണെന്ന വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അയോധ്യപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവായിരുന്ന എല്‍.കെ. അദ്വാനിയെ ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ അദ്വാനിയുടെ ആരാധകരായ ബിജെപി വിഭാഗക്കാരുടെ നീരസം ക്ഷണിച്ചു വരുത്തിയിരുന്നു. രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന ശേഷം പേരിന് ക്ഷണിച്ചെങ്കിലും അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുക്കുകയുണ്ടായില്ല. അനാരോഗ്യമാണ് പുറമേ പറയുന്ന കാരണമെങ്കിലും മോദിയെ ഉയര്‍ത്തിക്കാട്ടാനായി അദ്വാനിയെ ചവിട്ടിത്താഴ്ത്തി എന്ന വിമര്‍ശനം കനത്തു നില്‍ക്കുന്നുണ്ട്. 2104-ല്‍ മോദിയെ പ്രധാനമന്ത്രിയാക്കുന്നതിനെ ശക്തിയായി എതിര്‍ത്ത അദ്വാനിയെ പിന്നീട് രാഷ്ട്രപതി സ്ഥാനത്തേക്ക് മോദി പരിഗണിച്ചില്ല എന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അദ്വാനിക്ക് ഭാരത രത്‌ന നല്‍കിയത് നീരസമുള്ള അദ്വാനിപക്ഷക്കാരെ തൃപ്തിപ്പെടുത്തി കൂടെ നിര്‍ത്താനാണ് എന്ന വിലയിരുത്തല്‍ ഇവയുടെയെല്ലാം പശ്ചാത്തലത്തിലാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick