പത്തു ദിവസത്തിനകം ലോക്‌സഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചേക്കാം. അതിനു മുമ്പ് ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനവുമൊക്കെയായി പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയുമാണ്.
കേരളത്തിലെ ഇടതു മുന്നണിയാകട്ടെ, അതിവേഗം ബഹുദൂരം മുന്നില്‍ എന്ന രീതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു തയ്യാറെടുപ്പില്‍ കുതിക്കുകയാണ്. രാജ്യത്തൊരിടത്തും കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഇടതുമുന്നണിയുടെ കേരളത്തിലെ സ്ഥാനാര്‍ഥികളെല്ലാം പര്യടനം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഏതാനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മാത്രം രഹസ്യമായെങ്കിലും ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം അതീവ ആകാംക്ഷയിലാണ്. അത് വയനാട്, കണ്ണൂര്‍, ആലപ്പുഴ എന്നിവയാണ്. ഇതില്‍ ആലപ്പുഴ സിപിഎമ്മിന്റെ ഏക സിറ്റിങ് സീറ്റും ആണ്.

വയനാട് മണ്ഡലം ഇന്ത്യയാകെ ഉറ്റു നോക്കുന്ന മണ്ഡലമാണ്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വ സാധ്യതയാണ് ഇത്തവണയും ആ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. അതിനപ്പുറം സിപിഎമ്മിന് ഏറ്റവും ഉല്‍കണ്ഠയുള്ള സ്ഥാനാര്‍ഥിത്വം കൂടിയാണിത്. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ മല്‍സരിച്ചാല്‍ അത് സംസ്ഥാനത്ത് ഇടതു മുന്നണിയുടെ വിജയസാധ്യതയില്‍ വലിയ മങ്ങലുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ തവണ രാഹുല്‍ കേരളത്തില്‍ മല്‍സരിച്ചത് മൊത്തം യു.ഡി.എഫ്. വിജയത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് ഇടതുപക്ഷം പൊതുവെ വിലയിരുത്തിയ കാര്യമാണ്. അതിന്റെ ആവര്‍ത്തനം സംഭവിക്കുമോ എന്ന ആശങ്ക ഇടതു നേതാക്കള്‍ രഹസ്യമായി പങ്കുവെക്കുന്നുണ്ട്.
രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കരുതെന്ന് മുന്നണി മര്യാദ വെച്ച് ഇന്ത്യസഖ്യത്തിന്റെ ഭാഗം കൂടിയായ സിപിഎമ്മിനോ സിപിഐക്കോ പറയാന്‍ സാധ്യമല്ല. പക്ഷേ ഈ രണ്ടു പാര്‍ടികളുടെ സംസ്ഥാന, അഖിലേന്ത്യാ നേതൃത്വം പരോക്ഷമായും ഭംഗ്യന്തരേണയും ഇക്കാര്യത്തിലുള്ള നീരസം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പക്ഷത്തു നിന്നും ഇതിന് കാര്യമായ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. അമേഠിയില്‍ രാഹുല്‍ മല്‍സരിക്കുമോ ഇത്തവണ എന്ന് അറിവായിട്ടില്ല.

അതേസമയം ഒരു ഉറച്ച മണ്ഡലത്തില്‍ തീര്‍ച്ചയായും രാഹുല്‍ ഉണ്ടാവും. കര്‍ണാടകത്തിലെയോ തെലങ്കാനയിലെയോ മണ്ഡലം തിരഞ്ഞെടുത്തേക്കും എന്ന വാര്‍ത്തയുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഉറപ്പുള്ള ഒരു മണ്ഡലത്തിലും ഒപ്പം ഉത്തേരന്ത്യയിലെ ഒരു മണ്ഡലം എന്ന നിലയില്‍ അമേഠിയിലും രാഹുല്‍ മല്‍സരിക്കാന്‍ എല്ലാ സാധ്യതയും ഉണ്ട്. കേരളത്തിലെ ഇടതുമുന്നണിക്കെതിരെ നേരിട്ട് മല്‍സരിക്കുന്നു എന്നത് ഒഴിവാക്കാന്‍ രാഹുലിനും താല്‍പര്യമുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

സ്ഥാനാര്‍ഥി രാഹുല്‍ ആയിരിക്കും എന്ന കണക്കുകൂട്ടലില്‍ തന്നെയാണ് സി.പി.ഐ. സ്വന്തം സീറ്റില്‍ ദേശീയ തലത്തില്‍ ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ദേശീയ പ്രാധാന്യമുള്ള വ്യക്തിയായ ആനി രാജയെ തന്നെ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിട്ടുള്ളതും.
എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഹുല്‍ സിറ്റിങ് മണ്ഡലത്തില്‍ തന്നെ ഇക്കുറിയും ജനവിധി തേടണമെന്ന താല്‍പര്യത്തിലാണ്. അതിനു കാരണം വേറൊന്നുമല്ല, ആ താരസാന്നിധ്യം മൊത്തം യു.ഡി.എഫ്. വിജയത്തെ സഹായിക്കും എന്ന ചിന്തയാണ്. കേരളത്തില്‍ നിന്നും പരമാവധി സ്വന്തം പാര്‍ടി എം.പി.മാര്‍ എന്നത് സിപിഎമ്മിന്റെതു മാത്രമല്ല, കോണ്‍ഗ്രസിന്റെയും കൂടി ആവശ്യമാണ്. ലോക്‌സഭയിലെ അംഗബലം കോണ്‍ഗ്രസിനും സിപിഎമ്മിനെപ്പോലെ തന്നെ ഇത്തവണ നിര്‍ണായകമാണ്.

ഇനി ആലപ്പുഴ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഉണ്ടെങ്കില്‍ ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും എന്ന് അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചാല്‍ കേരളത്തില്‍ ഇടതുമുന്നണി വെട്ടിലാകുന്ന അവസ്ഥയുണ്ടാകും. എ.ഐ.സി.സി.യുടെ രാഹുല്‍ ഭക്തനായ സംഘടനാ ജനറല്‍സെക്രട്ടറിയാണ് വേണുഗോപാല്‍. രാഹുലിനെ നിഴല്‍ പോലെ പിന്തുടരുന്ന ആള്‍. ആലപ്പുഴയില്‍ വേണുഗോപാലും നില്‍ക്കട്ടെ എന്ന് തീരുമാനിച്ചാല്‍ കളി മാറും. വേണുഗോപാല്‍ ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എം.പി.യാണ്. അദ്ദേഹം ആലപ്പുഴയില്‍ മല്‍സരിച്ച് ജയിക്കുകയാണെങ്കില്‍ രാജസ്ഥാനില്‍ വേറെ തിരഞ്ഞെടുപ്പു വരും. പക്ഷേ ഇപ്പോഴത്തെ നിയമസഭാ കക്ഷിനില അനുസരിച്ച് കോണ്‍ഗ്രസിന് ആ എം.പി.സ്ഥാനം പിന്നെ കിട്ടില്ലെന്നുറപ്പാണ്.
വേണുഗോപാലിന്റെ സ്വന്തം തിരഞ്ഞെടുപ്പു തട്ടകമാണ് ആലപ്പുഴ എന്നതിനാല്‍ സാധ്യത കൂടുതലാണ്. പക്ഷേ അവിടെ ഭീഷണി നേരിടുക പാര്‍ലമെന്റില്‍ കേരളത്തിലെ ഏക സിപിഎം എം.പി.യായ എ.എം.ആരിഫ് ആണ്. ആരിഫിന്റെ വിജയസാധ്യതയെ വളരെയധികം ബാധിക്കുന്ന സ്ഥാനാര്‍ഥിത്വമായിരിക്കും വേണുഗോപാലിന്റെത്.

കെ.പി.സി.സി. പ്രസിഡണ്ടിന്റെ മണ്ഡലമായ കണ്ണൂര്‍ കേരളത്തിലെ ഏറ്റവും താരമണ്ഡലങ്ങളില്‍ ഒന്നാണ്. സുധാകരന്‍ തന്നെ ഇനിയും സ്ഥാനാര്‍ഥിയായി വരും എന്ന് കണക്കു കൂട്ടിക്കൊണ്ടു തന്നെയാണ് ഒത്ത എതിരാളിയെ തന്നെ സി.പി.എം. രംഗത്തിറക്കിയത്. സുധാകരനെ കണ്ണൂരില്‍ എതിര്‍ക്കാന്‍ എം.വി.ജയരാജന്‍ എന്ന സ്ഥാനാര്‍ഥിയാണ് അനുയോജ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ അഭിപ്രായ ഭേദമില്ല. എന്നു മ്ാത്രമല്ല, സുധാകരനല്ലാത്ത മറ്റൊരു താര സ്ഥാനാര്‍ഥിയെ കണ്ണൂരില്‍ ആലോചിക്കാന്‍ പോലും ആകാത്ത സ്ഥിതി കോണ്‍ഗ്രസിനും ഉണ്ട്. സുധാകരനില്ലെങ്കില്‍ മണ്ഡലം നഷ്ടപ്പെടാന്‍ പോലും സാധ്യത കോണ്‍ഗ്രസ് കാണുന്നുണ്ട്.
പക്ഷേ കെ.പി.സി.സി. അധ്യക്ഷ പദവിയെന്ന ഭാരിച്ച ചുമതലയ്‌ക്കൊപ്പം എം.പി.പദവി വഹിക്കാനാവില്ല എന്ന സുധാകരന്റെ താല്‍പര്യത്തില്‍ സ്വാഭാവികമായ ചില മാനങ്ങളുണ്ട്. കണ്ണൂരിനോട് ഇട ചേര്‍ന്നു നില്‍ക്കുന്ന തൊട്ടടുത്ത മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഉണ്ടെങ്കില്‍ സുധാകരന്‍ മല്‍സരിച്ചേക്കാം എന്ന സാധ്യത ഉണ്ട്. അങ്ങിനെയെങ്കില്‍ വിജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു.
ഇതു തന്നെയാണ് സി.പി.എമ്മിന്റെയും ആശങ്ക. എം.വി.ജയരാജനെപ്പോലെ പ്രമുഖന്റെ കണ്ണൂരിലെ തോല്‍വി പാര്‍ടിക്ക് തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടാനിടയുണ്ട്. ജയരാജന്റെ എതിരിടല്‍ ശേഷിയുള്ള മറ്റൊരാളും ജില്ലയില്‍ സുധാകരനോട് ഏറ്റുമുട്ടാന്‍ തക്ക രീതിയില്‍ ജനമനസ്സിലില്ല എന്നതും ശ്രദ്ധേയമാണ്.