പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതു മൂലം ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒട്ടും വേവലാതിപ്പെടേണ്ടതില്ലെന്നും സി.എ.എ.-യില്‍ അവരുടെ പൗരത്വത്തെ ബാധിക്കുന്ന ഒന്നുമില്ലെന്നും അവരെല്ലാം ഹിന്ദുക്കള്‍ക്ക് തുല്യമായ അവകാശങ്ങള്‍ ഉള്ളവരായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് വിശദീകരിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴി പുറത്തിറക്കിയ ചോദ്യോത്തര വിശദീകരണക്കുറിപ്പിലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരം സംശയങ്ങള്‍ അസ്ഥാനത്താണെന്ന് അവകാശപ്പെടുന്നത്. പൗരത്വം തെളിയിക്കാനായി ഒരു മുസ്ലീമിനോടും ഒരു രേഖയും ആവശ്യപ്പെടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
നിയമത്തില്‍ പരാമര്‍ശിച്ച രാജ്യങ്ങളുമായി അഭയാര്‍ഥികളെ സംരക്ഷിക്കാനായി ഒരു തരം കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ ‘നിയമവിരുദ്ധ’മായി വരുന്നവരുടെ കാര്യത്തില്‍ പ്രശ്‌നമുണ്ടാവുമെന്നും എന്നാല്‍ അവരെ കയറ്റിയയക്കുന്ന കാര്യത്തില്‍ സി.എ.എ.-യില്‍ ഒന്നും പറയാത്തതിനാല്‍ മുസ്ലീങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉല്‍കണ്ഠയ്ക്ക് അവകാശമില്ലെന്നും വിശദീകരണത്തില്‍ അവകാശപ്പെടുന്നു.
അതേസമയം ഇന്ത്യയില്‍ നിയമവിരുദ്ധമായി ജീവിക്കുന്നു എന്ന് ബിജെപിയും സംഘപരിവാറും ആരോപിക്കുന്ന മുസ്ലീങ്ങളുടെ പൗരത്വത്തിന്, ഇതേ പോലെ നിയമവിരുദ്ധമായി കടന്നു വന്ന മറ്റ് മതവിഭാഗങ്ങളിലെ ആളുകള്‍ക്ക് പൗരത്വം നല്‍കുന്ന വകുപ്പുകള്‍ ബാധകമാക്കാത്തതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയം മൗനം പാലിക്കുകയും ചെയ്യുന്നു.