മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിൻ്റെ മകൻ നകുലിനെ മധ്യപ്രദേശിലെ ചിന്ദ്വാര ലോക്‌സഭാ മണ്ഡലത്തിലും അശോക് ഗെലോട്ടിൻ്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടും രാജസ്ഥാനിലെ ജലോറിലും തീരുമാനിച്ചു കൊണ്ടുള്ള രണ്ടാം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ഇന്ന് പുറത്തിറക്കി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ അന്തിമമാക്കുന്നതിനായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്ന് ഒരു ദിവസത്തിന് ശേഷമാണ് കോൺഗ്രസിൻ്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക വന്നത്.
അശോക് ഗെലോട്ടിൻ്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടും രാജസ്ഥാനിലെ ജലോറിൽ നിന്ന് മത്സരിക്കും. ലോക്‌സഭയിലെ കോൺഗ്രസിൻ്റെ ഉപനേതാവ് ഗൗരവ് ഗൊഗോയിയെ കാലിയാബോർ ലോക്‌സഭാ സീറ്റിൽ നിന്ന് ഒഴിവാക്കി പകരം ജോർഹട്ടിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. ജോർഹട്ടിൽ നിന്ന് തൻ്റെ പേര് പ്രഖ്യാപിച്ചതിന് ശേഷം ഗൗരവ് ഗൊഗോയ് പറഞ്ഞു– “എനിക്ക് ഈ ഉത്തരവാദിത്തം നൽകിയതിന് കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പിനെ പൂർണ ശക്തിയോടെ നേരിടുകയും വിജയിക്കാൻ ശ്രമിക്കുകയും ചെയ്യും.”
രാജസ്ഥാൻ, അസം, ദാമൻ & ദിയു, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി 43 സ്ഥാനാർത്ഥികളാണ് കോൺഗ്രസിൻ്റെ രണ്ടാം സ്ഥാനാർത്ഥി പട്ടികയിലുള്ളത്. അസമിലെ 12 സീറ്റുകളിലേക്കും ഗുജറാത്തിലെ ഏഴ് സീറ്റുകളിലേക്കും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും 10 സീറ്റുകൾ വീതവും ഉത്തരാഖണ്ഡിലെ മൂന്ന് സീറ്റുകളിലേക്കും ദാമൻ ദിയുവിലെ ഒരു സീറ്റിലേക്കും ഉള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസിൻ്റെ രണ്ടാം പട്ടികയിൽ പുറത്തുവിട്ടത് .
60-ലധികം ലോക്‌സഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച നടത്തിയെങ്കിലും 43 സീറ്റുകളിൽ മാത്രമാണ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രണ്ടാമത്തെ പട്ടികയിൽ അസമിൽ നിന്ന് 12 പേരും മധ്യപ്രദേശിൽ നിന്ന് 10 പേരും രാജസ്ഥാനിൽ നിന്ന് 10 പേരും ഗുജറാത്തിൽ നിന്ന് ഏഴ് പേരും ഉത്തരാഖണ്ഡിൽ നിന്ന് മൂന്ന് പേരും ദാമൻ ദിയുവിൽ നിന്ന് ഒരാളും ഉൾപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാർച്ച് 12 ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ഈ പട്ടികയിൽ, 43 സ്ഥാനാർത്ഥികളിൽ 10 പേർ ജനറൽ സ്ഥാനാർത്ഥികളും 13 ഒബിസി സ്ഥാനാർത്ഥികളും 10 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളും 9 പേർ പട്ടിക വർഗ്ഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളും ഒരാൾ മുസ്ലീം സ്ഥാനാർത്ഥിയുമാണ്.”– വേണുഗോപാൽ കൂട്ടിച്ചേർത്തു.