തൃശ്ശൂരില്‍ പ്രചാരണം ആരംഭിച്ച ശേഷം സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട സിറ്റിങ് എം.പി. ടി.എന്‍.പ്രതാപനെ കെ.പി.സി.സി.യുടെ വര്‍ക്കിങ് പ്രസിഡണ്ടായി നിയമിച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പ്രതാപനെ ‘ആശ്വസിപ്പിച്ചു’. എല്ലാ സിറ്റിങ് എം.പി.മാര്‍ക്കും സീറ്റ് നിലനിര്‍ത്തിയപ്പോള്‍ തൃശ്ശൂരില്‍ മാത്രമാണ് അപ്രതീക്ഷിതമായി പ്രതാപനെ അവസാന നിമിഷം മാറ്റി പകരം കെ.മുരളീധരനെ നിയോഗിച്ചത്. എന്നാല്‍ പകരം പ്രതാപന് മുരളിയുടെ മണ്ഡലമായ വടകര നല്‍കിയുമില്ല.

കടുത്ത വിഷമം ഉളളില്‍ സൂക്ഷിച്ചു തന്നെ ഹൈക്കമാന്‍ഡിന്റെ തീരുമാനം പരസ്യമായി അംഗീകരിച്ച് മുരളീധരന്റെ ആദ്യ വരവില്‍ തന്നെ അതിയായ മുരളിസ്‌നേഹം ജനത്തിനു മുന്നില്‍ പ്രകടിപ്പിച്ച് പ്രതാപന്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു.

2019ലെ തിരഞ്ഞെടുപ്പിൽ മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (93,633) നേടിയാണ് പ്രതാപൻ ലോക്സഭയിലേക്ക് എത്തിയത്. 4,15,084 വോട്ടുകളാണ് പ്രതാപൻ അന്ന് നേടിയത്.
പ്രതാപന്റെ മനസ്സിലെ മുറിവുണക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡണ്ട് എന്ന സ്ഥാനം അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. നേരത്തെ കെ.വി.തോമസിന് ഈ സ്ഥാനം നല്‍കിയിരുന്നതായിരുന്നു. എന്നാല്‍ തോമസ് മാഷ് അവിടെ നിന്നും വിട്ടു പോയത് ഇടതുപക്ഷ സഹയാത്രികനായിട്ടായിരുന്നു. വര്‍ക്കിങ പ്രസിഡണ്ട് സ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.