ബിജെപി പുറത്തു വിട്ട ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പ്രമുഖനായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പേരില്ലാത്തതില്‍ സംശയമുയര്‍ത്തി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറേ. നരേന്ദ്രമോദിയുമായി അത്ര സൗഹൃദത്തിലല്ലാത്ത നേതാവാണ് ഗഡ്കരി എന്നാണ് അറിയപ്പെടുന്നത്. ഗഡ്കരിയെ തഴയുകകയാണെങ്കില്‍ ധൈര്യമായി ഇങ്ങോട്ടു പോരണമെന്നും തങ്ങള്‍ അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കുമെന്നും ശിവസേനാ നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി നേതാവുമായ താക്കറേ പറഞ്ഞു. തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ വലിയ അധികാരമുള്ള മന്ത്രി പദവിയും നല്‍കാമെന്നും താക്കറേ വാഗ്ദാനം ചെയ്തു.
തിരഞ്ഞെടുപ്പു സമയം ലാക്കാക്കി സി.എ.എ. വിജ്ഞാപനം ചെയ്തതിനെയും താക്കറേ പരിഹസിച്ചു. വെറും തിരഞ്ഞെടുപ്പു സ്റ്റണ്ട് എന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് നാല് വർഷത്തിലേറെയായി, എന്നാൽ ജമ്മു കശ്മീരിൽ ഒരു തിരഞ്ഞെടുപ്പും നടന്നിട്ടില്ലെന്നും കശ്മീരി പണ്ഡിറ്റുകൾ ഇതുവരെ കശ്മീരിലെ വീടുകളിലേക്ക് മടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആദ്യം കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരണം. എന്നിട്ട് മതി സിഎഎ നടപ്പാക്കൽ — താക്കറെ പറഞ്ഞു.
“വരുന്ന തെരഞ്ഞെടുപ്പിൽ മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കി ഭരണഘടന മാറ്റാൻ ആഗ്രഹിക്കുന്നത് ബിജെപിയാണ്, മറുവശത്ത് രാജ്യസ്നേഹികളുടെ കൂട്ടായ്മയായ ഇന്ത്യാ മുന്നണിയാണ്. ഈ തിരഞ്ഞെടുപ്പ് ‘ദേശ്-ഭക്ത’നും ‘ദ്വേഷ് ഭക്ത’നും തമ്മിലുള്ളതായിരിക്കും”– താക്കറെ പറഞ്ഞു. സംഘർഷഭരിതമായ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി ഇതുവരെ സമയം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഗഡ്കരി ബിജെപിയുടെ പ്രമുഖ നേതാവാണ് എന്നും ബിജെപിയും സഖ്യകക്ഷികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാത്തതിനാൽ ആദ്യ പട്ടികയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള പേരുകൾ ഉണ്ടായിരുന്നില്ലെന്നും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ന്യായീകരിച്ചു.