Categories
kerala

വടകരയില്‍ മല്‍സരം പ്രവചനാതീതമാകും…എന്തു കൊണ്ട്…

കെ.കെ.ശൈലജ എന്ന സ്ഥാനാര്‍ഥിക്ക് ഇടതുപക്ഷേ നിരീക്ഷിച്ച ഒരു വലിയ നേട്ടം രാഷ്ട്രീയ എതിരാളികളോ കക്ഷി രാഷ്ട്രീയമില്ലാത്തവരോ ആരായാലും ശരി, ആര്‍ക്കും എതിര് പറയാനില്ലാത്ത മതിപ്പ് രേഖപ്പെടുത്തുന്ന വ്യക്തിയാണ് ശൈലജ എന്നതാണ്. ഈ നേട്ടം മുതലാക്കാന്‍ പറ്റിയ മികച്ച മണ്ഡലമാണ് വടകര എന്നും കരുതി. കാരണം ശക്തമായ ഇടതു പക്ഷ മണ്ഡലമായിട്ടും പലപ്പോഴും അവിടെ ജയിക്കാറുള്ളത് വലതുമുന്നണി സ്ഥാനാര്‍ഥിയാണ് എന്നതാണ്.!

കമ്മ്യൂണിസറ്റ് പാര്‍ടിയുടെയും സോഷ്യലിസ്റ്റ് പാര്‍ടികളുടെയും മലബാറിലെ പ്രധാനപ്പെട്ടൊരു സ്വാധീന മേഖലയാണ് വടകര ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പ്രദേശങ്ങള്‍. പക്ഷേ കഴിഞ്ഞ തവണ അവിടെ പരാജയപ്പെട്ടത് കേരളത്തിലെ സിപിഎമ്മിന്റെ ആവേശ നേതാവായ പി.ജയരാജനാണ് താനും. ഇത്തവണ മണ്ഡലം സ്വന്തമാക്കാനുള്ള സി.പി.എം. മോഹം തന്നെയാണ് ശൈലജയെ അവിടേക്കെത്തിക്കാന്‍ പാര്‍ടിയെ പ്രേരിപ്പിച്ചത്.

thepoliticaleditor

സിപി.എമ്മിനും കോണ്‍ഗ്രസിനും പുറമേ, സോഷ്യലിസ്റ്റ് നേതാക്കളെയും ഈ മണ്ഡലം വിജയിപ്പിച്ചിട്ടുണ്ട്. 1971 മുതല്‍ 1991 വരെ തുടര്‍ച്ചയായി ആറു തവണ കെ.പി.ഉണ്ണിക്കൃഷ്ണന്‍ ജയിച്ചതും കേന്ദ്രമമന്ത്രി വരെയായതും ചരിത്രമാണ്. അദ്ദേഹം പലപ്പോഴും മല്‍സരിച്ചത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. അവസാനമാണ് കോണ്‍ഗ്രസ്-എസ്. എന്ന ഇടതുമുന്നണികക്ഷിയുടെ ലേബലില്‍ രംഗത്തിറങ്ങിയത്. കോണ്‍ഗ്രസ്, കോണ്‍ഗ്രസ്-യു. തുടങ്ങിയ പാര്‍ടികളുടെ സ്ഥാനാര്‍ഥിയായും ഉണ്ണിക്കൃഷ്ണന്‍ ജയിച്ചിട്ടുണ്ടിവിടെ.
1996-ല്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവുമായ ഒ.ഭരതന്‍ മണ്ഡലം സിപിഎമ്മിന്റെതാക്കി മാറ്റി. എന്നാല്‍ 2009-ല്‍ ടി.പി.ചന്ദ്രശേഖരന്‍ ആര്‍.എം.പി. എന്ന പാര്‍ടി രൂപീകരിക്കുകയും 2012-ല്‍ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തതോടെ സിപിഎമ്മിന് വടകര ദിവാ സ്വപ്‌നം മാത്രമായി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ നിന്നും വടകരയിലേക്ക് മാറിയപ്പോള്‍ സി.പി.എം. സ്വപ്‌നം കണ്ടത് രാമചന്ദ്രനെ എളുപ്പത്തില്‍ തോല്‍പിക്കാനാവും എന്നതായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. രണ്ടു തവണ മുല്ലപ്പള്ളി വടകരയുടെ എം.പി.യായി.

ഇത് അവസാനിപ്പിക്കാനാണ് കഴിഞ്ഞ തവണ ശക്തനായ, ചെറുപ്പക്കാരുടെ കൂടി ആരാധാനാപാത്രവും, സിപിഎമ്മിലെ ആദര്‍ശാധിഷ്ഠിത രാഷ്ട്രീയത്തിന്റെ രൂപവുമായി കേള്‍വിപ്പെട്ടിരുന്ന പി. ജയരാജനെ രംഗത്തിറക്കിയത്. ശൈലജയുടെ കാര്യത്തിലെന്ന പോലെ ജയരാജന്റെ കാര്യത്തിലും അന്ന് കണ്ണൂര്‍ സിപിഎമ്മിലെ ചില കോണുകളില്‍ വ്യാപകമായി ചില കുശുകുശുപ്പുകള്‍ ഉണ്ടായിരുന്നു. ശൈലജയെ സംസ്ഥാന തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്താനും അടുത്ത തവണ ഒരു വനിതാ മുഖ്യമന്ത്രി എന്ന് സിപിഎം അണികളില്‍ മുഴങ്ങു ആശയത്തിന്റെ കനല്‍ കെടുത്താനുമാണ് വടകരയില്‍ മല്‍സരിപ്പിക്കുന്നതെന്ന് ഇപ്പോള്‍ ചില കോണുകളില്‍ കുശുകുശുപ്പുണ്ട്. ജയരാജനെ കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താനായിട്ടാണ് വടകര മല്‍സരിപ്പിച്ചതെന്ന ഒരു ഗോസിപ്പ് 2019-ല്‍ ഉണ്ടായിരുന്നു. അത് ശരിയാവുകയും ചെയ്തു. പരാജയപ്പെട്ട ജയരാജന് പിന്നീട് പാര്‍ടി ജില്ലാ സെക്രട്ടറി പദവി തിരിച്ചു കിട്ടിയുമില്ല.

എന്നാല്‍ ഇത്തരം കുശുകുശുപ്പുകളോ ഗോസിപ്പുകളോ ഒന്നും ഇടതുമുന്നണിയുടെ വോട്ടുകളെ ഏതെങ്കിലും വിധത്തില്‍ കുറയ്ക്കുകയില്ല എന്നതാണ് വാസ്തവം. കാരണം സിപിഎം എടുക്കുന്ന ഒരു തീരുമാനത്തിനു പിന്നില്‍ അണികളും അനുഭാവികളും എപ്പോഴും ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് മലബാര്‍ ഭാഗത്തെ രാഷ്ട്രീയപ്പതിവ്. മറ്റ് രാഷ്ട്രീയ അടിയൊഴുക്കുകളും ശക്തമായ രാഷ്ട്രീയ ചര്‍ച്ചകളുമാണ് വോട്ടിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുക, വിശേഷിച്ച് രാഷ്ട്രീയം മനുഷ്യരുടെ ശ്വാസത്തില്‍ പോലുമുള്ള കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍.

കോണ്‍ഗ്രസ് തരംഗം വീശിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ 84,663 വോട്ടിന്റെ വന്‍ വിജയമാണ് വടകരയിലുണ്ടാക്കിയത്. ഇത് മറികടക്കാനാണ് വന്‍ പൊതു സ്വീകാര്യതയുള്ള ശൈലജയെ ഇവിടെ മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്.

നിഷ്പക്ഷരും സ്ത്രീകളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുള്ളവരില്‍ നിന്നും, ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യമറിഞ്ഞ കാലങ്ങളില്‍( പ്രത്യേകിച്ച് വടകരയുടെ അടുത്തയിടമായ പേരാമ്പ്രയില്‍ ഉണ്ടായ നിപ യെ പ്രതിരോധിക്കലിലും, പിന്നീട് വന്ന കൊവിഡ് പ്രതിരോധത്തിലും) ശൈലജയ്ക്ക് ലഭിച്ച വലിയ സ്വീകാര്യത വോട്ടായി പരിണമിച്ചാല്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ബുദ്ധിമുട്ടേയില്ല എന്ന നിഗമനം.

എന്നാല്‍ ഈ അന്തരീക്ഷം പെട്ടെന്ന് ഇപ്പോള്‍ മാറിയിട്ടുണ്ട്. ഒന്ന് 2012 മുതല്‍ നിലനിന്ന ടി.പി.വധക്കേസുമായി ബന്ധപ്പെട്ടുണ്ടായ സിപിഎം വിരുദ്ധ വൈകാരികതയുടെ സ്വാധീനം 2024 ആയപ്പോള്‍ കുറേയേറെ മാഞ്ഞില്ലാതായി എന്നു കരുതി ഇരുന്നപ്പോള്‍ പൊട്ടിവീണതു പോലെ, വീണ്ടും ആ കേസ് മുന്‍നിര ചര്‍ച്ചകളിലേക്ക് കൊണ്ടുവന്ന ഹൈക്കോടതി വിധി. ഈ വിധി സിപിഎമ്മിന് നല്ല ആഘാതം തന്നെയായിരുന്നു. ടി.പി.കേസ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി വലിയ വിചാരണയ്ക്കു ശേഷം ശരിവെച്ചു എന്നു മാത്രമല്ല, നേരത്തെ വിചാരണക്കോടതി വിട്ടയച്ച രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ക്കു കൂടി ജീവപര്യന്തം ഉള്‍പ്പെടെ ശിക്ഷ വിധിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച കോടതിയിലെ വാദത്തിനും മൊഴികള്‍ക്കും വലിയ വാര്‍ത്താ പ്രാധാന്യമാണ് പൊതുജനത്തിനിടയില്‍ ലഭിച്ചത്. ചാരം മൂടിക്കിടന്ന ഒരു കേസ് അങ്ങനെ വീണ്ടും തിരഞ്ഞെടുപ്പില്‍ ഒരു വിഷയമായിത്തീരാന്‍ പോകുന്നു എന്നു തന്നെ കരുതണം. കെ.കെ.രമ എം.എല്‍.എ. ഉള്‍പ്പെടെയുളള യു.ഡി.എഫ്. നേതാക്കളുടെ പ്രതികരണവും അതു തന്നെയാണ്.

രണ്ടാമത്തെ കാര്യം, സിപിഎമ്മിനെ ഞെട്ടിച്ചു കൊണ്ട് മുരളീധരന്റെ തിരോധാനവും യുവരക്തമായ ഷാഫി പറമ്പിലിന്റെ വരവും ആണ്. ആന്റി ഇന്‍കുമ്പന്‍സി ഘടകങ്ങള്‍ ഒന്നുമില്ലാത്ത ഒരു സ്ഥാനാര്‍ഥി വന്നു എന്നതാണ് വടകരയില്‍ യു.ഡി.എഫ്. കാണുന്ന പ്രധാന നേട്ടം. മുരളീധരനോട് നീരസമുള്ള യു.ഡി.എഫുകാര്‍ക്കു പോലും ഷാഫി പുതിയൊരു സ്ഥാനാര്‍ഥിയായതിനാല്‍ പുതുമയാണ്. മാത്രമല്ല, ന്യൂനപക്ഷ വോട്ടുകള്‍ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഷാഫിക്ക് സാധിക്കുമെന്ന പ്രത്യാശയും ഉണ്ടാകുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി എം.എല്‍.എ. ആയ കെ.കെ.ശൈലജയ്ക്ക് വടകരയുടെ ഭൂരിപക്ഷ മനസ്സ് കീഴടക്കാന്‍ സാധിക്കേണ്ടതുണ്ട്, അതൊരു അത്യാവശ്യമാണ് അവരുടെ രാഷ്ട്രീയ കരിയറില്‍. സിപിഎമ്മിനും അഭിമാനപ്പോരാട്ടമാണിത്. ടി.പി.കേസിനെ മണ്ണിട്ടു മൂടാന്‍ കിട്ടുന്ന ഏറ്റവും മികച്ച അവസരമാകും ഇത്. എന്നാല്‍ മുരളി മാറി ഷാഫി വന്നതും ടി.പി.കേസിലെ പ്രതികൂല വിധിയും പുറമേക്ക് എന്തെല്ലാം അമിത ആത്മവിശ്വാസം പറഞ്ഞാലും ഇടതു നേതാക്കളെ തെല്ല് കുഴയ്ക്കുന്നുണ്ട്.

കഴിഞ്ഞ തവണ രാഹുല്‍ തരംഗം ഉണ്ടായിരുന്നു കോണ്‍ഗ്രസിനെ സഹായിക്കാന്‍. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇതാ അധികാരം തിരിച്ചുപിടിക്കാന്‍ പോകുകയാണ്, അതിനാല്‍ കോണ്‍ഗ്രസിന് വോട്ട് എന്ന ഒരു ചിന്ത നിഷ്പക്ഷ വോട്ടര്‍മാരില്‍ ഉണ്ടായിരുന്നു. എന്നാലിത്തവണ അതൊന്നും ഇല്ലെന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നു മാത്രമല്ല, കോണ്‍ഗ്രസ് എവിടെയും കാര്യമായി ജയിക്കില്ലെന്നു മോദി തന്നെ തിരിച്ചുവരുമെന്നുമൊക്കെയുള്ള ചിന്തയും ശക്തമാണ്. ആകെ പിന്നെ കേരളത്തില്‍ കോണ്‍ഗ്രസിനുള്ള കച്ചിത്തുരുമ്പ് സംസ്ഥാന സര്‍ക്കാരിനെതിരായ വികാരങ്ങളെ രാഷ്ട്രീയമായി വോട്ടാക്കി മാറ്റുക എന്നതു മാത്രമാണ്.

ഒപ്പം ഷാഫി പറമ്പില്‍ എന്ന പാലക്കാട് നല്ല ഇമേജുള്ള ചെറുപ്പക്കാരന്റെ കരിസ്മയും ഒപ്പം സി.എ.എ. വിജ്ഞാപനം ചെയ്തു കഴിഞ്ഞിട്ടുള്ള കാലത്തെ ന്യൂനപക്ഷങ്ങളുടെ പിന്തുണ(വടകര മണ്ഡലത്തില്‍ മുസ്ലീം വോട്ടര്‍മാര്‍ നല്ലൊരു ശതമാനമുണ്ട് എന്നത് നിര്‍ണായകം) എത്രത്തോളം നേടിയെടുക്കാന്‍ ഷാഫിക്ക് സാധിക്കും എന്നതും പ്രധാനമായി മാറും.

അതിനാല്‍…. ഇപ്പോള്‍ പ്രവചനാതീതമാണ് വടകരയുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയ മണ്ഡലം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick