2014 ഡിസംബര്‍ 31-നകം ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, പാഴ്‌സി ജനവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വ നിയമം 2020-ല്‍ ഭേദഗതി ചെയ്തപ്പോള്‍ പുറത്തായിപ്പോയ മുസ്ലീങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇനി എന്തു ചെയ്യും- സി.എ.എ.ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതോടെ ഉയരുന്ന ചോദ്യം ഇതാണ്. അതിനുള്ള ഉത്തരവും ബിജെപി സര്‍ക്കാര്‍ നേരത്തെ തന്നെ തന്നിട്ടുണ്ട്-ദേശീയ പൗരത്വ രജിസ്റ്ററിലൂടെ പൗരത്വമില്ലാത്തവരെന്ന് തെളിയുന്നവരെ അഭയാര്‍ഥികളായി പരിഗണിച്ച് ഡീറ്റെന്‍ഷന്‍ ക്യാമ്പുകള്‍ തയ്യാറാക്കി അവരെ അവിടെ അടയ്ക്കും.
ഇന്ത്യാ വിഭജനത്തോടെ പാകിസ്താനിലും ഇന്നത്തെ അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും കുരുങ്ങിപ്പോയ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഒരുപാധിയും കൂടാതെ തിരിച്ചുവരാമെന്ന അതീവ മാനുഷികവും ജനാധിപത്യപരവുമായ തീരുമാനമെടുത്ത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നി്ന്നും നരേന്ദ്രമോദിയിലേക്കുള്ള ദൂരം വെറും 75 വര്‍ഷത്തിന്റെതല്ല, മാനസികമായി പ്രകാശവര്‍ഷങ്ങളുടെതാണ്.
ലോകത്ത് ഏറ്റവും അധികം മുസ്ലീം പൗരന്‍മാരുള്ള മതേതര രാഷ്ട്രമാണ് ഇന്ത്യ. ഇന്‍ഡോനേഷ്യയും പാകിസ്താനുമൊക്കെ മുസ്ലീം രാജ്യങ്ങളാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെയു സംസ്‌കാരത്തിന്റെയും ജനാധിപത്യഭാവനയുടെയും അവിഭാജ്യ ഭാഗമാണ് മുസ്ലീങ്ങള്‍. അവരെ അപരവല്‍ക്കരിക്കാനായുള്ള ആര്‍.എസ്.എസ്. പദ്ധതി നരേന്ദ്രമോദിയിലൂടെ നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിലൂടെ ഇന്ത്യയെ മുസ്ലീം-മുസ്ലീമേതരം എന്ന വിഭജനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ എന്താണ് ചെയ്യേണ്ടത്.

എന്‍.ആര്‍.സി. നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് പറയുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സി.എ.എ.-ക്കെതിരെ പ്രതികരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. “എൻആർസി നടപ്പാക്കുന്നതിനെ എന്തുവിലകൊടുത്തും ഞങ്ങൾ എതിർക്കും. പുതിയ CAA നിയമങ്ങൾ നമ്മുടെ പൗരന്മാരുടെ മുൻകാല അവകാശങ്ങൾ അസാധുവാക്കുമോ എന്ന് മാത്രമേ എനിക്ക് ആശങ്കയുള്ളൂ. അവരുടെ കൈവശമുള്ള രേഖകൾക്ക് ഇപ്പോൾ മൂല്യം നഷ്ടപ്പെടുമോ? – ഇന്നലെ മമത ഇങ്ങനെ പ്രതികരിച്ചതിലെ അർഥം വ്യക്തമാണ്.
കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ മുസ്ലീംവോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വിജയമൊരുക്കുന്ന തന്ത്രം ബംഗാളില്‍ സ്വീകരിച്ചിരിക്കുന്ന മമത ബാനര്‍ജി നരേന്ദ്രമോദിയെ പുറമേ എതിര്‍ക്കുന്നു എ്ന്ന പ്രതിച്ഛായ ഉണ്ടാക്കുകയും അകമേ തന്ത്രപരമായ ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പുകാരിയായി പ്രത്യക്ഷപ്പെടുന്നു. എന്‍.ഡി.എ. സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി ഇരുന്നിട്ടുള്ള മമതയ്ക്ക് എന്ത് മതേതരം, എന്ത് ബിജെപി വിരുദ്ധം!!
2014-നു മുന്‍പ് മൂന്നു രാജ്യങ്ങളില്‍ നിന്നും പല വിധ കാരണങ്ങളാല്‍ ഇന്ത്യയിലെത്തിയ ജനങ്ങളെ മതം തിരിച്ച് കണക്കാക്കുകയും മുസ്ലീങ്ങള്‍ക്കൊഴികെ മറ്റെല്ലാ മതക്കാര്‍ക്കും പൗരത്വം കൊടുക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യ ലോകത്തിന് നല്‍കുന്ന സന്ദേശം എന്താണ്. പൗരത്വം ലഭിക്കുന്നതിന് അടിസ്ഥാന യോഗ്യത മതം ആണോ. പാകിസ്താനില്‍ മതപരമായ പീഢനം അനുഭവിക്കുന്നവരില്‍ പണ്ട് ഇന്ത്യയില്‍ നിന്നും പലായനം ചെയ്ത് എത്തിയ മുസ്ലീങ്ങള്‍ ഉണ്ട്. ഇവരെ മുഹാജിറുകള്‍ എന്നാണ് പാക് മുസ്ലീങ്ങള്‍ മുദ്ര കുത്തി മാറ്റി നിര്‍ത്തിയത്. എം.ക്യു.എം. എന്ന രാഷ്ട്രീയ പാര്‍ടി പോലും രൂപം കൊണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയിലെ തങ്ങളുടെ ബന്ധുക്കള്‍ക്കൊപ്പം ജീവിക്കാനായി കുടിയേറിയ മുസ്ലീങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളവര്‍ മാത്രമല്ല, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. നേരത്തെ ജീവിക്കാനായി ഇന്ത്യയിലെത്തിയ, ഇവിടെ ദശാബ്ദങ്ങളായി കുടുംബമായി താമസിക്കുന്ന, വോട്ട് ചെയ്യുന്ന, ഇന്ത്യന്‍ പൗരനായിത്തന്നെ കഴിയുന്ന പാവപ്പെട്ട മുസ്ലീങ്ങള്‍ ഇനി എന്തു ചെയ്യണം. അവര്‍ക്ക് വിധിക്കപ്പെട്ടത് ഡീറ്റെന്‍ഷന്‍ ക്യാമ്പുകളിലെ പീഡനകാലമാണോ.
മുസ്ലിങ്ങൾ അല്ലാത്തവർക്ക് എങ്ങനെ അപേക്ഷിക്കാം
കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ജില്ലാതല കമ്മിറ്റി മുഖേന ഒരു എംപവേർഡ് കമ്മിറ്റിക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. പാകിസ്ഥാൻ നൽകിയ പാസ്‌പോർട്ടിൻ്റെ പകർപ്പ് പോലുള്ള രേഖകൾ ഉപയോഗിക്കാം.. അഫ്ഗാനിസ്ഥാൻ അല്ലെങ്കിൽ ബംഗ്ലാദേശ് സർക്കാരുകൾ നൽകിയ ജനന സർട്ടിഫിക്കറ്റ്, മറ്റേതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ രേഖ, ഭൂമി അല്ലെങ്കിൽ വാടക രേഖകൾ അല്ലെങ്കിൽ അപേക്ഷകൻ്റെ മാതാപിതാക്കളോ മുത്തശ്ശിമാരോ മുത്തശ്ശിമാരോ മൂന്ന് രാജ്യങ്ങളിലൊന്നിലെ പൗരന്മാരാണെന്ന് കാണിക്കുന്ന ഏതെങ്കിലും രേഖ അനുവദനീയമാണ്. ഈ രേഖകൾ അവയുടെ സാധുതയുള്ള കാലയളവിനുശേഷവും സ്വീകാര്യമായിരിക്കും.
അപേക്ഷകർ 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ചുവെന്നതിൻ്റെ തെളിവും നൽകണം. വിസ, ഇമിഗ്രേഷൻ സ്റ്റാമ്പ്, ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസറുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇന്ത്യയിലെ സെൻസസ് എന്യുമറേറ്റർമാർ നൽകുന്ന സ്ലിപ്പ് എന്നിവ തെളിവായി സ്വീകരിക്കും . ഇന്ത്യയിൽ സർക്കാർ നൽകിയ ലൈസൻസ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പെർമിറ്റ് ,ഡ്രൈവിംഗ് ലൈസൻസ്, ആധാർ നമ്പർ, റേഷൻ കാർഡ് , അല്ലെങ്കിൽ ഇന്ത്യയിൽ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് മുതലായവയും സ്വീകാര്യമാണ്.
അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ ഒരു നിയുക്ത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റി രേഖകൾ പരിശോധിച്ച് അപേക്ഷവിശ്വാസ യോഗ്യമെന്ന സർട്ടിഫിക്കറ്റ് നൽകും. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ അപേക്ഷകർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും നൽകും.