യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി. ഇതനുസരിച്ചു 16 ഇടത്ത് കോൺഗ്രസ് മത്സരിക്കും. മുസ്‍ലിം ലീഗ് രണ്ടു സീറ്റിലും ആർഎസ്പി, കേരള കോൺഗ്രസ് എന്നിവർ ഒരോ സീറ്റിലും മത്സരിക്കും. ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്നും എന്നാൽ അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നൽകുമെന്നും തീരുമാനമായി. പൊന്നാനി, മലപ്പുറം എന്നിവിടങ്ങളില്‍ മുസ്ലീം ലീഗും കൊല്ലത്ത് ആര്‍.എസ്.പി.യും കോട്ടയത്ത് കേരള കോണ്‍ഗ്രസും മല്‍സരിക്കും.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ അന്തിമതീരുമാനം നാളെ ചേരുന്ന യോഗത്തിലാണ് എടുക്കുക. ഇടതു മുന്നണി അതിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ ഇപ്പോഴും പുകമറയിലാണ്. യു.ഡി.എഫ്. ഘടക കക്ഷികളാവട്ടെ ഇന്നോടെ അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
മുസ്ലീം ലീഗ് ഇന്ന് മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ്ജിനെയും പ്രഖ്യാപിച്ചു കഴിഞ്ഞു. ആര്‍.എസ്.പി.യുടെ സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനായിരിക്കും എന്നതില്‍ ആര്‍ക്കും സംശയം ഇല്ല താനും. 16 സീറ്റില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥനാര്‍ഥികളെയാണ് അന്തിമമായി പ്രഖ്യാപിക്കാന്‍ ബാക്കിയായിരിക്കുന്നത്.