ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ബിജെപിക്കു മുന്നില്‍ കീഴടങ്ങിയതിന് കാരണം കോണ്‍ഗ്രസിന്റെ ഉള്‍ക്കാഴ്ചക്കുറവാണെന്ന് സി.പി.എം. മുഖപത്രമായ പീപ്പിള്‍ ഡെമോക്രസി അതിന്റെ മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ പരാജയം ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ ആധിപത്യത്തെ മറികടക്കാനുള്ള ഒരു പ്രത്യയശാസ്ത്രം കോണ്‍ഗ്രസിന് ഇല്ലാതിരുന്നതിനാലാണെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു.
ഹിന്ദി ഹൃദയഭൂമി’യിൽ ഒറ്റയ്ക്ക് പോകാനുള്ള കോൺഗ്രസ് പാർട്ടിയുടെ തീരുമാനം ഹ്രസ്വ ദൃഷ്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ‘പീപ്പിൾസ് ഡെമോക്രസി’ കുറ്റപ്പെടുത്തി. “പ്രധാന പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നുവെങ്കിലും, മധ്യപ്രദേശിലെ സമാജ്‌വാദി പാർട്ടി പോലുള്ള പാർട്ടികളുമായും ഈ സംസ്ഥാനങ്ങളിലെ മറ്റ് ചെറുകിട കളിക്കാരുമായും തിരഞ്ഞെടുപ്പ് ക്രമീകരണം നടത്താൻ കോൺഗ്രസ് വിസമ്മതിച്ചത് എല്ലാ ബിജെപി വിരുദ്ധ ശക്തികളുടെയും ഒത്തുചേരലിനെ തടഞ്ഞു.”– എഡിറ്റോറിയൽ വിമർശിക്കുന്നു. എഡിറ്റോറിയൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥിനെയും ഛത്തീസ്ഗഢ് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും കുറ്റപ്പെടുത്തി.

“ഈ മൃദു ഹിന്ദുത്വത്തിന്റെ മുഖ്യ പ്രയോക്താവ് മറ്റാരുമല്ല ഹിന്ദുത്വ ബാനർ തുടർച്ചയായി അനുകരിക്കുന്ന കമൽനാഥാണ്. രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ട ദിവസം എല്ലാ കോൺഗ്രസ് ഓഫീസുകളിലും ഹനുമാൻ ചാലിസ പാരായണം ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. തന്റെ ഹിന്ദു മത സ്വത്വം കൊട്ടിഘോഷിക്കാനും രാം വാൻ ഗമൻ പാത നിർമ്മിക്കുന്നത് പോലുള്ള സർക്കാർ പരിപാടികൾ നടപ്പിലാക്കാനുമാണ് ഭൂപേഷ് ബാഗേൽ ശ്രമിച്ചത് “– എഡിറ്റോറിയൽ കൂട്ടിച്ചേർത്തു.