ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം അവലോകനം ചെയ്യാൻ കോൺഗ്രസ് നേതൃത്വം വെള്ളിയാഴ്ച പ്രത്യേക യോഗങ്ങൾ നടത്തി. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടെ ഭാഗത്തു നിന്നും ഏറ്റ പരാജയം അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തൽ.
പാർട്ടിക്ക് വോട്ട് വിഹിതം നഷ്ടപ്പെട്ടിട്ടില്ലെന്നും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് വിശദമായ വിശകലനം നടത്തുമെന്നും ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കുമാരി സെൽജ പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച് വിജയിക്കുമെന്ന് സെൽജ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡൽഹിയിലെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുത്തു.
മധ്യപ്രദേശിലെ പാർട്ടിയുടെ തോൽവിയുടെ കാരണങ്ങളും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ചർച്ച ചെയ്തതായി രൺദീപ് സുർജേവാല പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിയുടെ തോൽവിയുടെ കാരണങ്ങളെക്കുറിച്ച് തുറന്ന് ചർച്ച ചെയ്യുകയും പാർട്ടിയുടെ പോരായ്മകൾ വിശകലനം ചെയ്യുകയും ചെയ്‌തു- അദ്ദേഹം പറഞ്ഞു.
“കോൺഗ്രസ് അധ്യക്ഷൻ ക്ഷമയോടെ ഞങ്ങളുടെ വാക്കുകൾ കേട്ടു. സംഘടനയെ എങ്ങനെ ശക്തിപ്പെടുത്തണം എന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ എല്ലാ നേതാക്കളും അദ്ദേഹത്തെ അധികാരപ്പെടുത്തി. മധ്യപ്രദേശിൽ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയുടെ യോഗം ചേരാനും യോഗത്തിന് ഒരു നിരീക്ഷകനെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്”– സുർജേവാല പറഞ്ഞു.