പാർലമെന്റ് സഭാനടപടികൾ തടസപ്പെടുത്തിയതിന് കേരള എംപിമാരായ ടി എൻ പ്രതാപൻ, ഡീൻ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹെെബി ഈഡൻ, വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ എന്നിവർ അടക്കം 14 പേരെ ലോക് സഭാ, രാജ്യസഭാ അധ്യക്ഷന്മാർ സസ്പെൻഡ് ചെയ്തു. ഈ സമ്മേളന കാലയളവിലേയ്ക്കാണ് സസ്പെൻഷൻ. ഒമ്പത് പേർ കോൺഗ്രസ് എം പിമാരാണ്. മാണിക്കം ടാഗോർ രാജ്യ സഭാ കോൺഗ്രസ് വിപ്പ് ആണ്.
ജ്യോതിമണി, കനിമൊഴി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ, പി ആർ നടരാജൻ (സിപിഐ എം), കെ. സുബ്ബരായൻ (സിപിഐ)എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. സസ്‌പെൻഡ് ചെയ്ത എംപിമാരിൽ സിപിഐഎമ്മിൽ നിന്നും ഡിഎംകെയിൽ നിന്നും 2 പേർ വീതവും സിപിഐയിൽ നിന്നുള്ള ഒരു നേതാവും ഉൾപ്പെടുന്നു.
പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് 15 എം പിമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. ആദ്യം കോൺഗ്രസിൽ നിന്ന് അഞ്ച് എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ചു. മിനിറ്റുകൾക്ക് ശേഷം, സഭാനടപടികൾ തടസ്സപ്പെടുത്തിയതിന് വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള ഒമ്പത് എംപിമാരെ കൂടി സസ്പെൻഡ് ചെയ്യുന്ന രണ്ടാമത്തെ പ്രമേയം ലോക്സഭ പാസാക്കി. വി കെ ശ്രീകണ്ഠൻ (കോൺഗ്രസ്), ബെന്നി ബഹനാൻ (കോൺഗ്രസ്), മുഹമ്മദ് ജാവേദ് (കോൺഗ്രസ്), പി ആർ നടരാജൻ (സിപിഐ എം), കനിമൊഴി (ഡിഎംകെ), കെ. സുബ്ബരായൻ (സിപിഐ), എസ് ആർ പാർത്ഥിബൻ (ഡിഎംകെ), എസ് വെങ്കിടേശൻ (സിപിഐ-എം), രാജ്യ സഭാ കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ എന്നിവരെയാണ് രണ്ടാമത് സസ്‌പെൻഡ് ചെയ്തത്.
ലോക്സഭയിലെ സുരക്ഷാ വിഴ്ചയിൽ സർക്കാരിന്റെ പ്രസ്താവന ആവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം ലോക്സഭയിൽ ബഹളം വച്ചത്.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഒമ്പതാം ദിവസമായ വ്യാഴാഴ്ച നടപടികൾ ആരംഭിച്ചയുടൻ, പാർലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രതിപക്ഷ എംപിമാർ ബഹളം സൃഷ്ടിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാക്കൾ മുദ്രാവാക്യം വിളിച്ചു. പകൽ പലതവണ സഭ നിർത്തിവെക്കേണ്ടി വന്നു.
രാജ്യസഭയിൽ നിന്നുള്ള ടിഎംസി എംപിയാണ് ഡെറക് ഒബ്രിയൻ. പാർലമെന്റ് സുരക്ഷയിൽ വീഴ്ച വരുത്തിയ വിഷയത്തിൽ ചർച്ച വേണമെന്ന് ഒബ്രിയൻ ആവശ്യപ്പെടുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് ഡെറക് സ്‌പീക്കറുടെ വെല്ലിലേക്ക് വന്നപ്പോൾ ജഗ്ദീപ് ധൻഖർ അദ്ദേഹത്തോട് അതിയായി ക്ഷോഭിക്കുകയും സഭയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. സെഷന്റെ ശേഷിക്കുന്ന സമയത്തേക്ക് ഒബ്രിയനെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ചെയർമാൻ പ്രഖ്യാപിച്ചു. സസ്‌പെൻഷനിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ ധൻഖർ ഉച്ചയ്ക്ക് 2 മണി വരെ നടപടികൾ നിർത്തിവച്ചു. സഭാനടപടികൾ പുനരാരംഭിച്ചപ്പോൾ സസ്‌പെൻഷനിലായ അംഗം ഡെറക് വീണ്ടും സഭയിലേക്ക് വന്നു. ചോദ്യോത്തര വേള ആരംഭിക്കുന്നതായി ചെയർമാൻ അറിയിച്ചുവെങ്കിലും അംഗങ്ങൾ ബഹളം വെച്ചതിനാൽ സഭ പ്രവർത്തിക്കാൻ അനുവദിച്ചില്ല. തുടർന്ന് മൂന്ന് മണി വരെ നടപടികൾ നിർത്തിവെച്ചു.