Categories
kerala

പ്രഭാതയോഗങ്ങളില്‍ നടക്കുന്നത് ഉയര്‍ന്ന സംവാദവും ആശയവിനിമയവും, ആക്ഷേപം ശരിയല്ലെന്ന് മുഖ്യമന്ത്രി

നവകേരള സദസ്സിനോട് അനുബന്ധിച്ച് ഒരോ ജില്ലയിലും ചേരുന്ന പ്രഭാത യോഗങ്ങളില്‍ പ്രധാന വ്യക്തികളുമായി നടത്തുന്ന ആശയവിനിമയത്തെ ദുര്‍വ്യാഖ്യാനിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ പങ്കെടുക്കുന്നത് പല നിലകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരുടെ പ്രതിനിധികളും ഒപ്പം സംരംഭകരും ഉള്‍പ്പെടെ ആണെന്നും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ വിവരിക്കുന്നുണ്ട്. തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ പ്രതിനിധിയും പാചകത്തൊഴിലാളികളുടെ പ്രതിനിധിയും ഉള്‍പ്പെടെ പ്രഭാത യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

സാധാരണക്കാരുടെ പരാതികള്‍ വാങ്ങിവെക്കുകയും അതേസമയം പൗരപ്രമുഖരുമായി മാത്രം നേരിട്ട് സംസാരിക്കുകയും ചെയ്യുന്ന രീതിയില്‍ നവകേരളസദസ്സില്‍ സംവിധാനം ഒരുക്കിയതിനെക്കുറിച്ച് വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം വസ്തുതകളിലേക്ക് വെളിച്ചം വീശാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.

thepoliticaleditor

മുഖ്യമന്ത്രിയുടെ കുറിപ്പില്‍ നിന്നും:

“നവകേരള സദസ്സിന്റെ സവിശേഷത. സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും അത് അഭിസംബോധന ചെയ്യുന്നു എന്നതാണ്. എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം കേൾക്കുന്നു എന്നതാണ്. കർഷകരുടെയും തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും പാചക തൊഴിലാളികളുടെയും ഹരിതകർമ്മ സേനയുടെയും അക്കാദമിക് വിദഗ്ധരുടെയും കലാ, സാംസ്കാരിക പ്രവർത്തകരുടെയും പ്രൊഫഷനലുകളുടെയും വ്യവസായികളുടെയും-ഇങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളുടെ പ്രാതിനിധ്യമാണ് ഓരോ ദിവസത്തേയും പര്യടനത്തിന് മുമ്പ് ചേരുന്ന പ്രഭാത യോഗത്തിൽ ഉണ്ടാകുന്നത്. സമൂഹത്തിന്റെ പരിച്ഛേദമാണ് അവിടെ എത്തുന്നത്. അവർ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു, ആവശ്യങ്ങൾ ഉന്നയിക്കുന്നു.

സ്‌കൂൾ പാചക തൊഴിലാളികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നത് കേരളത്തിലാണെന്ന് പാചക തൊഴിലാളി യൂനിയൻ പ്രതിനിധി പയ്യന്നൂരിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കി. സ്‌കൂൾ പാചക തൊഴിലാളികളുടെ അധ്വാനഭാരം കുറക്കാൻ നടപടി വേണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി കൃഷിക്കാർക്ക് ഉപകരിക്കുന്ന രീതിയിലാക്കണമെന്നതായിരുന്നു കർഷകൻ അൻവർ ഹാജി അരവഞ്ചാലിന്റെ ആവശ്യം. കലാസാംസ്‌കാരിക രംഗത്ത് മലബാറിന് കൂടുതൽ പൊതുഇടങ്ങൾ വേണമെന്നതായിരുന്നു ചിത്രകാരൻ എബി എൻ ജോസഫിന്റെയും നടൻ സന്തോഷ് കീഴാറ്റൂരിന്റെയും നിർദേശം. ഇങ്ങനെ ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രകടമാക്കപ്പെടുന്ന യോഗങ്ങളിൽ, അവയാകെ കേട്ട് മറുപടി പറയുന്നുമുണ്ട്.

കോടികളുടെ മുതൽ മുടക്കിൽ ആരംഭിക്കുന്ന വ്യവസായം ഏതു സംസ്ഥാനത്ത് ആരംഭിക്കണമെന്ന പരിശോധനയിൽ കേരളത്തെ തെരഞ്ഞടുത്തതും കാസർകോട് ജില്ലയിലെ അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ ആരംഭിച്ചതും കേരളം പൂർണമായും വ്യവസായ സൗഹൃദമായതിനാലാണെന്ന് മഹാരാഷ്ട്ര സ്വദേശി വിജയ് അഗർവാൾ കാസർകോട്ടെ പ്രഭാത യോഗത്തിലാണ് പറഞ്ഞത്. സർക്കാറിന്റെ പിന്തുണയും ഉദ്യോഗസ്ഥരുടെ സൗഹൃദ സമീപനവും വ്യവസായത്തിന് അനുകൂലമാണ്. പ്ലൈവുഡ് അധിഷ്ഠിത വ്യവസായത്തിന് ഗുജറാത്തും കേരളവുമാണ് അനുകൂല സംസ്ഥാനങ്ങൾ. കേരളത്തിൽ ഫാക്ടറി ആരംഭിക്കാൻ കഴിഞ്ഞതിൽ താൻ സംതൃപ്തനാണെന്ന് അന്യനാട്ടിൽ നിന്നെത്തിയ അദ്ദേഹം വ്യക്തമാക്കി. ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്.”

“ഈ ചർച്ചാ യോഗങ്ങൾ ജനാധിപത്യ സംവാദത്തിന്റെ സാർത്ഥകമായ മാതൃകയാണ്. ഇതിനു ശേഷമാണ് മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസ്സുകൾ നടക്കുന്നത്. അവിടെയും ഏകപക്ഷീയമായല്ല ആശയവിനിമയം. പങ്കെടുക്കുന്നവർക്കാകെ അഭിപ്രായങ്ങളും നിവേദനങ്ങളും പരാതികൾ ഉണ്ടെങ്കിൽ അവയും സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ട് വരാനുള്ള അവസരമുണ്ട്.”

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick