ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിനും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കും മുൻതൂക്കം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകൾ പുറത്തു വന്നു.
മധ്യപ്രദേശിൽ ബി.ജെ.പിക്ക് 100-123 സീറ്റുകളും കോൺഗ്രസിന് 102-125 സീറ്റുകളും ലഭിക്കുമെന്ന് ജാൻ കി ബാത്ത് എക്‌സിറ്റ് പോൾ പ്രവചിച്ചപ്പോൾ, റിപ്പബ്ലിക് ടിവി-മാട്രിസ് ബി.ജെ.പിക്ക് 118-130 സീറ്റുകളും കോൺഗ്രസിന് 97-107 സീറ്റുകളും പ്രവചിച്ചു ബിജെപിക്ക് 106-116, കോൺഗ്രസിന് 111-121 എന്നിങ്ങനെ ലഭിക്കുമെന്ന് ടിവി-9 ഭാരത് വർഷ് പോൾസ്ട്രാറ്റ് പറഞ്ഞു.
ചാണക്യ സർവ്വേ മധ്യപ്രദേശിൽ ബിജെപിക്ക് വൻ വിജയം പ്രവചിച്ചു. ബിജെപിക്ക് 151 , കോൺഗ്രസിന് 74 ലഭിക്കുമെന്ന് പ്രവചിച്ചു. 102-119ൽ നിന്ന് 107-124 സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് 2018-ന് സമാനമായ നേട്ടമാണ് ജിസ്റ്റ്-ടിഎഫ്-എൻഎഐ സർവ്വേ പ്രവചിക്കുന്നത്.
രാജസ്ഥാനിൽ ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവ്വേയിൽ കടുത്ത മത്സരമാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 86-106 സീറ്റുകളും ബിജെപിക്ക് 80-100 സീറ്റുകളും മറ്റുള്ളവർക്ക് 9-18 സീറ്റുകളും പ്രവചിക്കുന്നു.
കോൺഗ്രസിന് 100-122, ബി.ജെ.പിക്ക് 62-85 എന്നിങ്ങനെ ലഭിക്കുമെന്ന് ജാൻ കി ബാത്ത് സർവ്വേ പ്രവചിക്കുന്നു. ടി.വി.9 ഭാരത് വർഷ് പോൾസ്ട്രാറ്റ് ബി.ജെ.പിക്ക് 100-110 ഉം കോൺഗ്രസിന് 90-100 ഉം പ്രവചിച്ചു.
ടൈംസ് നൗ ഇടിജി സർവ്വേ രാജസ്ഥാനിൽ ബിജെപിക്ക് 108-128 സീറ്റുകളും കോൺഗ്രസിന് 56-72 സീറ്റുകളും പ്രവചിക്കുന്നു.
രാജസ്ഥാനിൽ സർക്കാർ മാറി മാറി വരുന്ന പാരമ്പര്യത്തിന്റെ തുടർച്ചയുണ്ടാകുമെന്ന് ജിസ്റ്റ്-ടിഎഫ്-എൻഎഐ സർവ്വേ പ്രവചിച്ചു– ബിജെപിക്ക് 110 സീറ്റുകളും കോൺഗ്രസിന് 70 സീറ്റുകളുംആണ് ഇവരുടെ പ്രവചനം.
ഛത്തീസ്ഗഡിൽ എബിപി ന്യൂസ്-സി വോട്ടർ ബിജെപിക്ക് 36-48 സീറ്റുകളും കോൺഗ്രസിന് 41-53 സീറ്റുകളും പ്രവചിച്ചപ്പോൾ ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ ബിജെപിക്ക് 36-46 സീറ്റുകളും കോൺഗ്രസിന് 40-50 സീറ്റുകളും പ്രവചിക്കുന്നു. ഇന്ത്യ ടിവി-സിഎൻഎക്‌സ് ബിജെപിക്ക് 30-40 സീറ്റുകളും കോൺഗ്രസിന് 46-56 സീറ്റുകളും പ്രവചിക്കുന്നു. ജൻ കി ബാത്ത് പ്രകാരം ബിജെപിക്ക് 34-45 ഉം കോൺഗ്രസിന് 42-53 ഉം ലഭിക്കും. ബിജെപിക്ക് 33 സീറ്റുകളും (പ്ലസ്-മൈനസ് 8 സീറ്റുകൾ) കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമായ 57 സീറ്റുകളും (പ്ലസ് മൈനസ് 8) ലഭിക്കുമെന്ന് ടുഡേസ് ചാണക്യ പ്രവചിച്ചു.
തെലങ്കാനയിൽ ഇന്ത്യ ടിവി-സിഎൻഎക്‌സ് പ്രവചിക്കുന്നത് കോൺഗ്രസിന് 63-79, ബിആർഎസിന് 31-47, ബി.ജെ.പിക്ക് 2-4, എ.ഐ.എം.ഐ.എമ്മിന് 5-7 എന്നിങ്ങനെയാണ്. കോൺഗ്രസിന് 48-64 സീറ്റുകൾ ലഭിക്കുമെന്ന് ജാൻ കി ബാത്ത് പ്രവചിക്കുന്നു. ബിആർഎസിന് 40-55, ബിജെപിക്ക് 7-13, എഐഎംഐഎം 4-7 എന്നിങ്ങനെയാണ് സീറ്റുകൾ കിട്ടുക എന്നും അവർ പറയുന്നു .
കോൺഗ്രസിന് 58-68, ബിആർഎസ് 46-56, ബിജെപി 4-9, എഐഎംഐഎം 5-9 എന്നിങ്ങനെയാണ് റിപ്പബ്ലിക് ടിവി-മാട്രൈസ് പ്രവചിച്ചത്. കോൺഗ്രസിന് 49-59 സീറ്റുകളും ബിആർഎസിന് 48-58 സീറ്റുകളും ലഭിക്കുമെന്ന് ടിവി-9 ഭാരത് വർഷ് പോൾസ്ട്രാറ്റ് പ്രസ്താവിച്ചു.
മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെണ്ടും മിസോ നാഷണൽ ഫ്രണ്ടുമായിട്ടാണ് നേർക്കുനേർ മത്സരമെന്നും ഇവിടെ കോൺഗ്രസും ബിജെപിയും പിന്നിലാണെന്നും പ്രവചിക്കപ്പെടുന്നു. മിസോറാമിൽ എംഎൻഎഫിന് 14-18, സെഡ്.പി.എം.-നു 12-16, കോൺഗ്രസ് 8-10, ബിജെപി 0-2 എന്നിങ്ങനെ ഇന്ത്യ ടിവി-സിഎൻഎക്‌സ് സർവ്വേ പ്രവചിക്കുമ്പോൾ എംഎൻഎഫിന് 15-21, സെഡ്.പി.എം 12-18 എന്നിങ്ങനെയും എബിപി ന്യൂസ്-സി വോട്ടർ പറയുന്നു. കോൺഗ്രസ് 2-8 സീറ്റുകൾ നേടും. എംഎൻഎഫിന് 10-14 സീറ്റുകളും സെഡ്.പി.എം 15-25 സീറ്റുകളും കോൺഗ്രസിന് 5-9 സീറ്റുകളും ബിജെപി 0-2 സീറ്റുകളും നേടുമെന്ന് ജാൻ കി ബാത്ത് സർവ്വേ പ്രവചിക്കുന്നു.
230 അംഗ മധ്യപ്രദേശ് നിയമസഭയിൽ ബിജെപിയാണ് അധികാരത്തിലുള്ളത്. രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസ് ഭരിക്കുന്നവയാണ് . തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) 10 വർഷമായി അധികാരത്തിലാണ്. മിസോറാമിൽ എംഎൻഎഫ് സർക്കാരാണ് ഭരണത്തിൽ .