കൊല്ലം ജില്ലയിലെ ഓയൂരിൽ അബിഗെൽ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തതായി പ്രാഥമിക വിവരം. ചാത്തന്നൂർ സ്വദേശികളായ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാട് തർക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു സൂചനയുണ്ട്.
ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, അനിത, മകൾ അനുപമ എന്നിവരാണ് തെങ്കാശിയില്‍ പിടിയിലായിട്ടുള്ളത്. കുട്ടിയെ ആശ്രാമം മൈതാനത്തേക്ക് കൊണ്ടുവന്നതായി കുട്ടി തന്നെ മൊഴി നല്‍കിയിട്ടുളള നീല കാറും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയുടെ പിതാവുമായി വിദേശത്ത് പോകാനായി നല്‍കിയ പണം തിരിച്ചു നല്‍കാത്തിനാലാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതെന്നാണ് പറയുന്നത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സാമ്പത്തികത്തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ എത്തിച്ചതെന്നും പറയുന്നു. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലുമാണ് തട്ടിക്കൊണ്ടുപോകലിന്റെ അണിയറയിലേക്ക് നിര്‍ണായക വിവരം ലഭ്യമാക്കിയത്.
നഴ്‌സിങ് മേഖലയിലെ സംഘടനയുടെ കൊല്ലം ജില്ലാ ഭാരവാഹിയാണ് അബിഗേലിന്റെ പിതാവ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കൊല്ലം കമ്മീഷണറുടെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. തെങ്കാശിയിൽ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ കൊല്ലത്തുനിന്നുള്ള ഷാഡോ പൊലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു.
സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ഒരു കുടുംബത്തിലുള്ളവരാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്യലിന്അടുർ പൊലീസ് ക്യാമ്പിലെത്തിച്ചു.