മോസ്‌കോക്കടുത്തുള്ള ഒരു സംഗീത പരിപാടി അരങ്ങേറുന്ന ഹാളിൽ 110 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട് തോക്കുധാരികളെന്ന് സംശയിക്കുന്ന നാല് പേർ ഉൾപ്പെടെ 11 പേരെ റഷ്യ അറസ്റ്റ് ചെയ്തതായി ക്രെംലിൻ അറിയിച്ചു.
കസ്റ്റഡിയിലെടുത്തവരിൽ “നാല് ഭീകരരും” ഉൾപ്പെട്ടിട്ടുണ്ടെന്നും അവരുടെ കൂട്ടാളികളെ തിരിച്ചറിയാൻ ശ്രമം തുടരുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്. ഉക്രേനിയൻ ബന്ധത്തിൻ്റെ തെളിവുകളൊന്നും റഷ്യ പരസ്യമാക്കിയിട്ടില്ല. തോക്കുധാരികളെന്ന് സംശയിക്കുന്ന നാല് പേർ ഉക്രേനിയൻ അതിർത്തിയിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റിലായതെന്നും അവർക്ക് ഉക്രെയ്നിൽ ബന്ധമുണ്ടെന്നും എഫ്എസ്ബി സുരക്ഷാ സേവനത്തെ ഉദ്ധരിച്ച് ഇൻ്റർഫാക്സ് റിപ്പോർട്ട് ചെയ്തു.

അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ച കാറിൽ നിന്ന് ഒരു പിസ്റ്റൾ, ആക്രമണ റൈഫിളിനുള്ള മാഗസിൻ, താജിക്കിസ്ഥാനിൽ നിന്നുള്ള പാസ്‌പോർട്ടുകൾ എന്നിവ കണ്ടെത്തിയതായി ഖിൻഷെയിൻ പറഞ്ഞു. സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്ന മധ്യേഷ്യൻ മുസ്ലീം രാജ്യമാണ് താജിക്കിസ്ഥാൻ.
ആക്രമണത്തിൽ മരണസംഖ്യ 110 ആയി ഉയർന്നതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. സൈനികരുടെ വേഷത്തിലെത്തിയ അക്രമികൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് വെടിയുതിർക്കുകയും, സ്ഫോടനശേഷിയുള്ള ഗ്രനേഡോ ബോംബോ എറിയുകയും ചെയ്തതായി സംഭവസ്ഥലത്തുണ്ടായിരുന്ന പത്രപ്രവർത്തകൻ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ ഇനിയും ഉയരുമെന്ന് സൂചനയുണ്ട്. 2004ലെ ബെസ്‌ലാൻ സ്കൂൾ ഉപരോധത്തിന് ശേഷം റഷ്യ കണ്ട ഏറ്റവും വലിയ ആക്രമണമാണ് ഇത്. വെടിവെപ്പുണ്ടായ സംഗീത ഹാളില്‍ വന്‍ തീപിടുത്തവുമുണ്ടായി. ഹാള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു. ചിലർ വെടിയേറ്റും മറ്റുചിലർ സമുച്ചയത്തിൽ പൊട്ടിപ്പുറപ്പെട്ട വൻ തീപിടുത്തത്തിലുമാണ് മരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഐഎസ് ഐഎസ് ഏറ്റെടുത്തിരുന്നു.