Categories
kerala

ഇത് ഒരു ബ്ലൈൻഡ് കേസ് ആയിരുന്നു…എഡിജിപി അജിത്കുമാർ

മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്നും നിരന്തരമായി അനാവശ്യ പ്രഷർ ഉണ്ടായെങ്കിലും അതിൽ വീഴാതെ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് ഇപ്പോൾ കേസ് തെളിയിക്കാനായത്

Spread the love

ആയൂരിലെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവിൽനിന്നാണു കേസ് തെളിയിക്കാനായതെന്നും പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു വ്യക്തമായതെന്നും എഡിജിപി എം.ആർ. അജിത്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതി പത്മകുമാർ

‘ആദ്യ ദിവസം തന്നെ ലഭിച്ച സുപ്രധാന തെളിവാണ് കേസ് തെളിയിക്കാൻ സഹായിച്ചത്. പ്രതി സമീപപ്രദേശത്തുള്ള ആളാണെന്നും മനസിലായി. സൈബർ തെളിവുകൾ, നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളും ക്രോഡീകരിച്ചാണ് 96 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ചത്. ഇത് ബ്ലൈൻഡായിട്ടുള്ള കേസായിരുന്നു. മാദ്ധ്യമങ്ങളിൽ പലരും ശ്രമിച്ചിട്ടും ഒരു തെളിവുപോലും കണ്ടെത്താൻ സാധിക്കാത്തതും അതുകൊണ്ടാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. അതുകൊണ്ട് തന്നെ വളരെ സാവധാനത്തിൽ അന്വേഷിച്ചാൽ മാത്രമേ ഇത് കണ്ടെത്താനാകൂ. മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്നും നിരന്തരമായി അനാവശ്യ പ്രഷർ ഉണ്ടായെങ്കിലും അതിൽ വീഴാതെ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് ഇപ്പോൾ കേസ് തെളിയിക്കാനായത്. – എഡിജിപി പറഞ്ഞു.

thepoliticaleditor

പത്മകുമാറും ഭാര്യയും ചേർന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മകളും പിന്നീട് ഇവർക്കൊപ്പം ചേർന്നു. മകൾക്ക് യൂട്യൂബ് വഴിയുള്ള വരുമാനം കുറഞ്ഞതിനാലാണ് മാതാപിതാക്കൾക്കൊപ്പം ചേർന്നത്.

‘‘ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. കേബി‍ൾ ടിവി ബിസിനസ് നടത്തുന്ന ആളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു’’ – എം.ആർ.അജിത് കുമാർ പറഞ്ഞു.

‘‘ചുറ്റുമുള്ള പലരും ഇത്തരത്തിൽ പൈസയുണ്ടാക്കുന്നത് കണ്ടതിന്റെയും ദൃശ്യമാധ്യമങ്ങളുടെയും അടിസ്ഥാനത്തിലാണു കൃത്യം ചെയ്തതെന്നാണ് പത്മകുമാർ പറഞ്ഞത്. ഒരുവർഷം മുൻപു തന്നെ പദ്ധതി ഇട്ടിരുന്നു. ആദ്യത്തെ നമ്പർ പ്ലേറ്റ് ഒരുവർഷം മുൻപാണ് ഉണ്ടാക്കിയത്. രണ്ടാമത്തെ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് അടുത്തകാലത്താണ്. ഇടയ്ക്കു വച്ചു പദ്ധതി നിർത്തിവച്ചു. പിന്നീട് വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ചിരുന്നു. ഹാൻഡിൽ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു കുട്ടിയെയായിരുന്നു അവർക്ക് ആവശ്യം.

തട്ടികൊണ്ട് പോയതിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയാണ്. കുട്ടി ആശ്രാമം മൈതാനത്ത് സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതികൾ തിരികെ പോയത്.

കുട്ടിയുടെ സഹോദരൻ ജോനാഥാൻ അദ്ദേഹമൊരു വലിയ ഹീറോയാണ്. കുട്ടി നന്നായി പോരാടി. പരമാവധി തടയാൻ ശ്രമിച്ചു. പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു അത്.–എം.ആർ.അജിത് കുമാർ പറഞ്ഞു.

പ്രതി പദ്‌മകുമാർ പറയുന്നത് :

തനിക്ക് രണ്ട് കോടി രൂപയുടെ കടമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റാൻ വേണ്ടിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി പത്ത് ലക്ഷം രൂപ വാങ്ങിച്ചെടുക്കാനായിരുന്നു പ്ലാൻ. ഒരു വർഷം മുമ്പ് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു. താനും ഭാര്യയും മകളും ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. മറ്റാരുടെയും സഹായം ഉണ്ടായിട്ടില്ല. കുട്ടിയിൽ നിന്നാണ് വീട്ടിലെ നമ്പർ കിട്ടിയത്. ഭാര്യയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചതെന്നും പ്രതി വ്യക്തമാക്കി. ദൃശ്യമാദ്ധ്യമങ്ങൾ കണ്ടും ചുറ്റുമുള്ള മറ്റുള്ളവർ ഇത്തരം പ്രവർത്തികൾ ചെയ്ത് പൈസ സമ്പാദിക്കുന്നത് കണ്ടും പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ പദ്ധതി തയ്യാറാക്കിയത്. തട്ടികൊണ്ട് പോകുന്നതിന് ഒരാഴ്ച മുൻപ് കുട്ടികൾ വൈകിട്ട് ആറരയോടുകൂടി ട്യൂഷന് പോകുന്നത് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുട‌ർന്നാണ് ആറുവയസുകാരിയെ തട്ടിയെടുക്കാൻ പദ്ധതിയിടുന്നത്.–പോലീസിനോട് ഇങ്ങനെയാണ് പദ്‌മകുമാർ പറഞ്ഞതെന്ന് എഡിജിപി പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick