Categories
kerala

ഈ കേന്ദ്രമന്ത്രി എന്തൊരു സമൂഹവിരുദ്ധനാണ്…കേരള വിരുദ്ധനാണ്

കേരളത്തിന്റെ സമാധാനത്തിനു മേല്‍ ഒരു ദൗര്‍ഭാഗ്യ സംഭവം നടക്കുമ്പോള്‍ അതിന് ബോധപൂര്‍വ്വം വര്‍ഗീയച്ഛായ നല്‍കാനും സമൂഹത്തെ ഭിന്നിപ്പിക്കാനും വിഷം ചീറ്റാനും നേതൃത്വം നല്‍കുന്ന കേരളീയനായ കേന്ദ്രമന്ത്രിയെ നമ്മള്‍ എന്തു വിളിക്കണം. രാജീവ് ചന്ദ്രശേഖറിനെ കുറിച്ചാണ് പറയുന്നത്. ഇദ്ദേഹം എന്തൊരു സമൂഹവിരുദ്ധനെപ്പോലെയാണ് കേരളത്തെ കലാപകലുഷിതമാക്കാനും മലയാളികളുടെ മനസ്സില്‍ വിഷം നിറക്കാനും പാടുപെട്ടത്. ഈ കേന്ദ്രമന്ത്രി സത്യത്തില്‍ നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ് എന്ന് മുന്‍ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞിരിക്കുന്നത് നൂറു ശതമാനം ശരിയല്ലേ.

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍ അതിനു പിന്നില്‍ ആരാണെന്ന അഭ്യൂഹത്തിന് ചിറകു മുളയ്ക്കും മുമ്പേ രാജീവ് ചന്ദ്രശേഖര്‍ വിഷലിപ്തമായ പ്രസ്താവനയുമായി എത്തി. ക്രിസ്ത്യന്‍ സമുദായത്തെ ലാക്കാക്കിയുള്ള ആക്രമണത്തിനു പിന്നില്‍ ഹമാസിനെ പിന്തുണയ്ക്കുന്നവരാണെന്ന് മന്ത്രി അങ്ങ് കണ്ടെത്തിയതു പോലെയാണ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു-“കേരളസര്‍ക്കാരാണീ സ്‌ഫോടനത്തിന് ഉത്തരവാദി. കാരണം അവര്‍ കഴിഞ്ഞ ദിവസം ഹമാസ് ഭീകര നേതാവിന് പ്രസംഗിക്കാൻ അനുമതി നല്‍കി. സര്‍ക്കാര്‍ ആ പരിപാടിക്ക് അനുമതി നല്‍കി 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നമ്മള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നു. കേരളത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയാകട്ടെ ഡെല്‍ഹിയില്‍ ഇരുന്ന് രാഷ്ട്രീയം കളിക്കുന്നു’. എന്തൊരു നിരുത്തരവാദപരമായ പ്രസ്താവനയാണിത്-അതും ഭരണഘടനയെ തൊട്ട് സത്യം ചെയ്ത ഒരു കേന്ദ്രമന്ത്രിയുടെതാണിത്. അതിനപ്പുറം ഒരു കേരളീയനായ മന്ത്രിയുടെത്. ഇദ്ദേഹത്തെ പോലുള്ള ബിജെപി-സംഘികള്‍ ശരിക്കും കേരളീയ സമൂഹത്തിന്റെ സൗഹാര്‍ദ്ദത്തെ നശിപ്പിക്കുന്ന മാരക ശക്തികളാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലെങ്കിലും അസത്യമുണ്ടോ…

thepoliticaleditor

യാതൊരു ലജ്ജയും മടിയുമില്ലാതെ രാജീവ് ചന്ദ്രശേഖറിന് ഇങ്ങനെ വര്‍ഗീയവിഷം ചീറ്റാന്‍ എന്തുകൊണ്ട് സാധിക്കുന്നു. ഇതാണ് ഇന്ത്യയില്‍ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിഭജന,വിദ്വേഷ രാഷ്ട്രീയമാതൃക. വല്യ യജമാനനെ സുഖിപ്പിക്കാന്‍ രാജീവിന് തന്റെ അറിവും യുക്തിയും മനസ്സാക്ഷിയും മാറ്റിവെച്ച് അസത്യജടിലമായ വിഷകല്‍പനകള്‍ പുറപ്പെടുവിച്ചല്ലേ മതിയാകൂ.

അല്‍പം സാമാന്യബോധവും രാജ്യത്തോടും സമൂഹത്തോടും ഉത്തരവാദിത്വവും ഉണ്ടായിരുന്നെങ്കില്‍ ശ്രീ. രാജീവ്, താങ്കള്‍ മലയാളി എന്ന നിലയില്‍ ഒരല്‍പം വിവേകം കാണിക്കണമായിരുന്നു. ഒരു സംഭവം നടന്നതിനു തൊട്ടു പിറകെ ഒരു അന്വേഷണവും നടത്തുന്നതിനു മുമ്പേ, ഇത്രയും ഭാവനാപരമായൊരു അസത്യം ഒരു സംശയവുമില്ലാതെ ഇങ്ങനെ പ്രസ്താവിച്ച താങ്കള്‍ മഹനീയമായ ഒരു പദവി ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. താങ്കള്‍ക്ക് ആരാണ് ഇത്രയും വിശ്വാസയോഗ്യമായി ഹമാസ് ഭീകരന്റെ വിവരം നല്‍കിയത്. ജനം ടി.വി.യിലെ അനില്‍നമ്പ്യാര്‍ ആണോ, 24 ന്യൂസിലെ സുജയ പാര്‍വ്വതിയാണോ, മറുനാടന്‍ മലയാളി ചാനല്‍ മേധാവി ബഹുമാനപ്പെട്ട ഷാജന്‍ സ്‌കറിയയോ, അതോ ബിജെപി സംസ്ഥാന പ്രസിഡണ്ട് സാക്ഷാല്‍ സുരേന്ദ്രനാണോ!!( ഇവരില്‍ പലരും എഴുതിയിട്ട സമൂഹമാധ്യമ കുറിപ്പുകള്‍ വായിച്ച് അതെല്ലാം പൊലീസ് റിപ്പോര്‍ട്ടാണെന്ന് തെറ്റിദ്ധരിച്ചുവോ താങ്കള്‍)

എന്തിന് ഡല്‍ഹിയില്‍ മറ്റൊരു പരിപാടിക്കായി പോയ മുഖ്യമന്ത്രിയെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പരിഹസിക്കാനുള്ള അവിവേകം മന്ത്രിക്കെങ്ങിനെ കിട്ടി. ഇതാണോ സംഘികളുടെ പൊതുവായ മാനസിക നില.

താങ്കളെ ഓര്‍ത്തു മലയാളികള്‍ ലജ്ജിക്കുന്നു മിസ്റ്റര്‍ രാജീവ ചന്ദ്രശേഖര്‍. വിദ്യാ സമ്പന്നനായതു കൊണ്ടു മാത്രം വിവേകവും ബോധവും ഉണ്ടാകില്ലെന്ന് താങ്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളീയ സമൂഹത്തിലെ മതസൗഹാര്‍ദ്ദ ജനജീവിതത്തെ തകര്‍ക്കുന്ന ശക്തിയായി താങ്കള്‍ മാറരുത്. കുറച്ചെങ്കിലും നീതി കാണിക്കൂ-ഇപ്പോഴത്തെ ആ സ്ഥാനത്തിരുന്ന്.

സി.പി.എം. നേതാവ് തോമസ് ഐസകിന്റെ കുറിപ്പും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. അത് ഇവിടെ പകര്‍ത്തട്ടെ.

“കേന്ദ്രകമ്മിറ്റി മീറ്റിംഗ് കഴിഞ്ഞയുടനെ കേരളത്തിൽ നിന്നുള്ള അംഗങ്ങളെ മുഴുവൻ വിളിച്ച് മുഖ്യമന്ത്രിയാണ് കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ വിവരം പറഞ്ഞത്. കേരളമെന്ന ആശയത്തെ തകർക്കുന്നതിനു തക്കം പാർത്തിരിക്കുന്നവർ ഇങ്ങനെ കിട്ടുന്ന ഏതൊരവസരവും സുവർണ്ണാവസരമായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ശരിയാണെന്ന് എയർപോർട്ടിലേക്കു പോകുന്നവഴി സാമൂഹ്യമാധ്യമങ്ങളിൽവന്ന സന്ദേശങ്ങൾ കണ്ടപ്പോൾ മനസിലായി. ചില സന്ദേശങ്ങൾ ചിത്രമായി കൊടുത്തിട്ടുണ്ട്. വാര്യരുടെയും സുരേന്ദ്രന്റെയുമെല്ലാം പ്രതികരണം പ്രതീക്ഷിച്ചതുപോലെ തന്നെ.

പക്ഷേ, രാജീവ് ചന്ദ്രശേഖർ എന്നു പറയുന്ന ഒരു കേന്ദ്രമന്ത്രിയുണ്ടല്ലോ. അയാളുടെ പ്രതികരണം ഭരണഘടനാ ലംഘനമാണ്. യാതൊരടിസ്ഥാനവുമില്ലാതെ ദൗർഭാഗ്യകരമായ ഒരു സംഭവത്തെ വർഗ്ഗീയ ഭിന്നിപ്പിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് മലയാളിയായ കേന്ദ്രമന്ത്രി കാട്ടിക്കൊടുക്കുകയാണ്. അതും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന കേരളാ പൊലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചശേഷം. ഈ മാധ്യമ മുതലാളി ഇപ്രകാരം പറയുമ്പോൾ മാധ്യമങ്ങൾ വർഗ്ഗീയവിഷം പരത്തുന്നതിന് പരസ്പരം മത്സരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ഈ സുജയ പാർവ്വതിക്കൊന്നും അരക്കഴഞ്ച് വിവരം അവർ പറയുന്നതിനെക്കുറിച്ച് ഇല്ലായെന്നതിനു തെളിവാണ് യഹോവയുടെ പേരുമായി ബന്ധിപ്പിച്ച് അതിനെ പലസ്തീൻ പ്രശ്നവുമായി കൂട്ടിക്കുഴയ്ക്കാനുള്ള ശ്രമം. പേര് യഹോവ സാക്ഷികൾ എന്നാണെങ്കിലും അവർ പുതിയ നിയമത്തെ അഥവാ സുവിശേഷത്തെ ഊന്നിക്കൊണ്ടാണു ലോകത്തെ വ്യാഖ്യാനിക്കുന്നത്. ജൂതമതമാകട്ടെ പുതിയ നിയമത്തെ അംഗീകരിക്കുന്നുമില്ല. ഏതായാലും ഈ മാധ്യമ പ്രവർത്തകയ്ക്ക് ഒരു കാര്യത്തിൽ അഭിമാനിക്കാം. കൂട്ടുകാരനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഉണ്ട്. അല്ലെങ്കിലും സംഘികളിലെല്ലാം ഒരേ അന്തർധാര തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്.

വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. സുപ്രിംകോടതി തന്നെ ജാഗ്രതപ്പെടുത്തിയിട്ടുള്ളതാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകണം. ആരായാലും ഇതൊക്കെ പറയാനും പ്രചരിപ്പിക്കാനുമുള്ള പ്രിവിലേജ് ഇല്ല. ഏതായാലും ഇവറ്റകളുടെയൊക്കെ തനിനിറം ഒരിക്കൽക്കൂടി മലയാളികൾക്കു മനസിലായി.”

Spread the love
English Summary: poisonous response of a union minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick