18 വര്‍ഷം മുമ്പ് ജോലിക്കിടയില്‍ സംഭവിച്ച കൈബദ്ധം മൂലം ഉണ്ടായ ഒരു മരണത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്, സൗദി അറേബ്യയിലെ നിയമപ്രകാരം ഒടുവില്‍ ദയാധനമായി മരണപ്പെട്ടയാളിന്റെ അവകാശികള്‍ ആവശ്യപ്പെട്ട തുക മലയാളിയായ ആ യുവാവിന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ സാധിക്കാത്തതായിരുന്നു-34 കോടി ഇന്ത്യന്‍ രൂപ. കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന് മാത്രമല്ല, കേരളീയര്‍ക്കാകെ തന്നെ കേട്ട മാത്രയില്‍ അസാധ്യം എന്നു തോന്നുന്ന ഒരു ജീവകാരുണ്യ ധന സമാഹരണം- 34 കോടി ഇന്ത്യന്‍ രൂപ പിരിച്ചെടുത്തു കൊണ്ട് കേരളം മാതൃക കാട്ടി.
സൗദിയിലെ ജയിലിലുള്ള അബ്ദുള്‍റഹീമിന്റെ (42) ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുന്നിട്ടിറങ്ങിയത് അന്നാട്ടിലെ ചെറിയൊരു കൂട്ടായ്മയായിരുന്നു. അവര്‍ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ധനസമാഹരണം നടത്താന്‍ ആരംഭിച്ച് വെറും ഒരുമാസം മാത്രം പിന്നിട്ടപ്പോള്‍ ആ ശ്രമം ഒരു ആഗോള മലയാളിയുടെ ജീവകാരുണ്യസഹായ പ്രവാഹമായിത്തീര്‍ന്ന ആവേശക്കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. നിശ്ചയിച്ചതിലും രണ്ടു ദിനം മുമ്പേ തന്നെ 34.5 കോടി രൂപ പിരിഞ്ഞുകിട്ടി. വിദേശ സംഭവനകളും ഇതോടൊപ്പം ചേര്‍ന്നാല്‍ ഇനിയും തുക കൂടും. ഉദ്ദേശ്യം സാധിച്ചതിനെത്തുടര്‍ന്ന് മൊബൈല്‍ ആപ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കയാണിപ്പോള്‍.
ഈ ഉമ്മയുടെ കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക എന്ന മുദ്രാവാക്യത്തോടെ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയായിരുന്നു ധനസമാഹരണം. തിരഞ്ഞെടുപ്പിന്റെ കോലാഹലത്തിനും രാഷ്ട്രീയപാര്‍ടികളുടെ പണപ്പിരിവിനും ഇടയില്‍ നിശ്ശബ്ദമായി എന്നാല്‍ എത്രയോ ഊര്‍ജ്ജിതമായി ജനം ഏറ്റെടുത്ത ദൗത്യമായിരുന്നു അത്. കഴിഞ്ഞ ഒറ്റ ദിവസം വെറും ഒന്‍പത് മിനിറ്റ് കൊണ്ടു മാത്രം ഒരു കോടി രൂപ അക്കൗണ്ടിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം തുക പിരിഞ്ഞു കിട്ടിയതെന്നു പറയുന്നു- ഒന്‍പത് കോടി. ധനസമാഹരണത്തിനായി പലവിധ മാര്‍ഗങ്ങളും ആളുകള്‍ സ്വീകരിച്ചിരുന്നു. ബസ്സുകളുടെ കാരുണ്യ യാത്ര മുതല്‍ ബിരിയാണി ചാലഞ്ച് വരെ. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും റഹീമിനായി ധനസമാഹരണ യാത്ര സംഘടിപ്പിച്ചിരുന്നു.
സൗദി അറേബ്യയില്‍ 2006-ല്‍ ഒരു വീട്ടിലെ ഡ്രൈവറായി ജോലിക്കു കയറിയ അബ്ദുള്‍ റഹിം ബോധപൂര്‍വ്വമല്ലാതെ അബദ്ധത്തില്‍ സംഭവിച്ച അപകടത്തില്‍ ഒരു കുട്ടി മരിക്കാനിടയായതാണ് അദ്ദേഹത്തിന് വധശിക്ഷ ലഭിക്കാനിടയാക്കിയ കേസ്. വീട്ടുടമയുടെ രോഗിയായ മകന്റെ പരിചരണമായിരുന്നു റഹീമിന്റെ ജോലി. കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തിലൂടെയായിരുന്നു ഈ മകന് ആഹാരം നല്‍കിയിരുന്നത്. ഒരിക്കല്‍ കാറില്‍ ഇദ്ദേഹത്തെ റഹീം പിന്‍സീററിലിരുത്തി കൊണ്ടുപോകവേ, ഈ ഉപകരണം യാത്രക്കിടയില്‍ എപ്പോഴോ സ്ഥാനം തെറ്റിയത് അറിയാതെ പോയി. ഇതോടെ രോഗിയായ വക്തി മരിച്ചുപോയി. വധക്കേസിന് അബ്ദുള്‍റഹീം പിടിയിലുമായി.
ശിക്ഷ ഒഴിവാക്കണമെങ്കില്‍ ഒന്നര കോടി റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു മരിച്ചയാളിന്റെ കുടുംബം ആവശ്യപ്പെട്ടത്.
ഈ മാസം 16-നകമാണ് തുക നല്‍കേണ്ടത്. ഇന്ത്യന്‍ എംബസി മുഖേന പണം കൈമാറാനാണ് പ്രവര്‍ത്തനം നടക്കുന്നത്.