വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവും എഐസിസി വക്താവുമായ ഷമ മുഹമ്മദിനെതിരെ കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ നടത്തിയ പ്രസംഗം മതസ്പർദ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചു എന്ന് തിരുവനന്തപുരം സ്വദേശി അരുൺജിത് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.
“ഈ തെരഞ്ഞെടുപ്പ് ഫാസിസത്തിനെതിരായ തിരഞ്ഞെടുപ്പാണ്. നരേന്ദ്ര മോദി തിരിച്ചുവന്നാൽ ജനാധിപത്യം തീർന്നു, ഭരണഘടന തീർന്നു. 400 സീറ്റുകളിലധികം കിട്ടിയാൽ ഈ ഭരണഘടന ഞങ്ങൾ മാറ്റും എന്ന് ബിജെപിയുടെ നേതാവ് തന്നെയാണ് പറഞ്ഞത്. പല കാര്യങ്ങളും മാറ്റും. മതേതരത്വം ഉണ്ടാവില്ല. ചിലപ്പോൾ ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ ഉണ്ടാവില്ല”– ഇതായിരുന്നു ഷമയുടെ പ്രസംഗം. ഇതിൽ അവസാനത്തെ ഭാഗമാണ് കേസിന് ആസ്പദം എന്ന് പറയുന്നു.
കേസിനു പിന്നാലെ, സംസ്ഥാന പോലീസിനും സർക്കാരിനും എതിരെ കടുത്ത വിമർശനവുമായി ഷമ പ്രതികരിച്ചു. “എനിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാകുന്നില്ല. ഞാൻ ഒരു മതത്തിനും എതിരായി പറഞ്ഞിട്ടില്ല. സിപിഎം നേതാക്കൾ എന്തെല്ലാം പറയുന്നുണ്ട്. എന്തുകൊണ്ട് അവർക്കെതിരെയൊന്നും ഇത്തരം വകുപ്പുകൾ ഇടുന്നില്ല. കേരളത്തിലെ ആഭ്യന്തരമന്ത്രി ഏതുപാർട്ടിക്കാരനാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രിക്ക് തിടുക്കമാണ്. മണിപ്പൂരിൽ നടന്ന കാര്യങ്ങളാണ് ഞാൻ ഉന്നയിച്ചത്. ബിജപിക്കെതിരെ പറയുന്നതുകൊണ്ടാണോ എനിക്കെതിരെ കേസെടുത്തത്.”- അവർ ചോദിച്ചു.