Categories
kerala

മനോരമ വോട്ടര്‍ സര്‍വ്വെയില്‍ കേരള-കേന്ദ്ര ഭരണവിരുദ്ധ വികാരങ്ങള്‍, പക്ഷേ യുഡിഎഫിന് 2019 ആവര്‍ത്തിക്കാനാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടു ചെയ്യലില്‍ സംസ്ഥാന ഭരണത്തിനെതിരായ വികാരവും ഒപ്പം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരായ വികാരവും പ്രതിഫലിക്കുമെന്ന് മനോരമ ന്യൂസ് -വിഎംആർ വോട്ടര്‍ സര്‍വ്വെയില്‍ വിലയിരുത്തല്‍.

രാമക്ഷേത്രനിര്‍മാണവും, മണിപ്പൂരും, വര്‍ഗീയ ധ്രുവീകരണവും ഭരണഘടന ദുര്‍ബലപ്പെടുത്തലും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യലും വിലക്കയറ്റവും തൊഴിലില്ലായ്മയും ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരായാണ് കേരളീയ ജനമനസ്സ് പ്രതികരിച്ചിരിക്കുന്നത്.

thepoliticaleditor

ഒപ്പം കേരളത്തിലെ സര്‍ക്കാരിനെതിരായി ശക്തമായ വികാരവും ഉണ്ട്. പ്രധാനമായും മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട വിവാദത്തില്‍ വസ്തുതകളുണ്ടെന്ന് വിശ്വസിക്കുന്നതായി ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടുവെന്നാണ് മനോരമ പറയുന്നത്. നവകേള സദസ്സ് ഗുണം ചെയ്യില്ലെന്നും ചെയ്യുമെന്നും വാദിച്ചവര്‍ തമ്മിലുള്ള വ്യത്യാസം ഏറെ ചെറുതാണ് എങ്കിലും ഗുണം ചെയ്തില്ലെന്ന വാദത്തിനാണ് നേരിയ മുന്‍തൂക്കം.

സംസ്ഥാന ഭരണത്തെ വിലയിരുത്തുന്ന രീതിയിലുള്ള വോട്ടു ചെയ്യലായിരിക്കും എന്ന് 66 ശതമാനം പേര്‍ സംസാരിച്ചുവെന്ന് സര്‍വ്വേ പറയുന്നതില്‍ നിന്നും ഭരണം വോട്ടെടുപ്പിനെ സ്വാധീനിക്കും എന്ന ശക്തമായ സൂചന തന്നെയാണ് ലഭിക്കുന്നത്. അതായത് ഇത്തവണ എല്ലായ്‌പ്പോഴും എന്നതു പോലെ കേന്ദ്രസര്‍ക്കാരിനെതിരായ വിധിയെഴുത്ത് മാത്രമാവില്ല സംസ്ഥാന ഭരണം വിലയിരുത്തല്‍ കൂടിയായിരിക്കും എന്ന സൂചന നല്‍കുകയാണ് മനോരമ സര്‍വ്വേ.

എന്നാല്‍ സംസ്ഥാന ഭരണത്തിനെതിരെ വോട്ടര്‍മാര്‍ പ്രതികരിച്ചതിന്റെ വിശദാംശങ്ങളായി രണ്ടു കാര്യങ്ങള്‍ മാത്രമാണ് സര്‍വ്വേയുടെ വിവരമായി നല്‍കിയിരിക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരായി പ്രതികരിച്ചതിന്റെ അര ഡസനിലേറെ വിഷയങ്ങള്‍ സര്‍വ്വേ ഫലത്തില്‍ വിവരിച്ചിട്ടുമുണ്ട്.

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന് സര്‍വ്വേയില്‍ പങ്കെടുത്ത അമ്പത് ശതമാനത്തോളം ആളുകള്‍ വിശ്വസിക്കുന്നുണ്ട്. ഇത് കേരളം ഉയര്‍ത്തിയ വാദങ്ങളുടെയും നടത്തിയ സംവാദങ്ങളുടെയും സഫലത വെളിപ്പെടുത്തുന്നു. അതേസമയം പാലസ്തീന്‍ വിഷയത്തില്‍ ഇടതുമുന്നണിയുടെ നിലപാടുകളെക്കാളും ഏശിയത് കോണ്‍ഗ്രസ് എടുത്ത നിലപാടുകളാണ് എന്നാണ് സര്‍വ്വേ ശരിവെക്കുന്നത്. കോണ്‍ഗ്രസ് ഹമാസിനെ കൂടി ശക്തമായി എതിര്‍ത്തു കൊണ്ടുള്ള നിലപാടാണ് എടുത്തിരുന്നത്. ഇടതുമുന്നണിയാവട്ടെ ഇസ്രായേലിനെ മാത്രം കേന്ദ്രീകരിച്ചുള്ള എതിര്‍പ്പാണ് ഉയര്‍ത്തിയിരുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അംഗീകരിച്ചത് വന്ദേഭാരത് ട്രെയിനും വനിതാ സംവരണവും മാത്രമാണ് എന്നത് ശ്രദ്ധേയമാണ്. കേന്ദ്രഭരണവിരുദ്ധ വികാരം കേരളത്തില്‍ ശക്തമാണ്. കേന്ദ്രത്തിലെ ബിജെപി ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് എന്നത് വ്യക്തമാണ്. ഇതിന്റെ നേട്ടം യു.ഡി.എഫിനോ എല്‍.ഡി.എഫിനോ എന്നതാണ് ഇനി ഉറ്റുനോക്കുന്ന കാര്യം.
മനോരമ വോട്ടര്‍ സര്‍വ്വേ അനുസരിച്ച് 2019-ലെ വിജയം ആവര്‍ത്തിക്കാന്‍ യു.ഡി.എഫിന് സാധിക്കില്ല എന്ന് വ്യക്തമായി പറയുന്നു. വോട്ടു ശതമാനത്തില്‍ യു.ഡി.എഫ് മുന്നിലെത്തും- എട്ട് ശതമാനത്തിന്റെ വ്യത്യസത്തോടെ 43.38 ശതമാനം യു.ഡി.എഫിനും 38.74 ശതമാനം ഇടതു മുന്നണിക്കും കിട്ടും. ബിജെപി മുന്നണിക്ക് 18.44 ശതമാനം ആണ് കിട്ടാന്‍ സാധ്യത. ഇത് നേരിയ വര്‍ധന രേഖപ്പെടുത്തുന്ന കണക്കാണ്.

സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊന്നും ഈ തിരഞ്ഞെടുപ്പില്‍ കേരളജനതയുടെ രാഷ്ട്രീയ മനസ്സ് കവരാന്‍ സാധിക്കില്ലെന്ന ശക്തമായ സൂചന സര്‍വ്വേ നല്‍കുന്നുണ്ട്. പൊടിപാറുന്ന മല്‍സരം നടക്കുന്ന തൃശ്ശൂരില്‍ യു.ഡി.എഫിനാണ് നേരിയ മുന്‍തൂക്കം മനോരമ പ്രവചിക്കുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നിലയും ശക്തമാണ്. ഫലം ഇപ്പോള്‍ പ്രവചിക്കാനാവാത്ത നിലയില്‍ കടുത്ത മല്‍സരമാണ് ഇവിടെ.

ഇടതുമുന്നണിക്ക് വ്യക്തമായ മുന്‍തൂക്കം പ്രവചിക്കുന്നത് കണ്ണൂര്‍, വടകര, പാലക്കാട്, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ്. തൃശ്ശൂര്‍, ചാലക്കുടി, മാവേലിക്കര എന്നിവിടങ്ങളില്‍ മാറിമറിയാം. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പമായിരിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. ഇതില്‍ കോട്ടയം കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും ഏറ്റുമുട്ടുന്ന സീറ്റാണ്. ഇവിടെ യു.ഡി.എഫ്. വിജയം ഉണ്ടായാല്‍ അത് മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ നിര്‍ണായക വിധിയായി മാറിയേക്കാം.

കിഴക്കമ്പലത്ത് രൂപം കൊണ്ട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കിറങ്ങിയ ട്വന്റി ട്വന്റി കൂട്ടായ്മയുടെ സ്വാധീനം ആണ് സര്‍വ്വേ എടുത്തുകാട്ടുന്ന ഒരു പ്രത്യേക കാര്യം. ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് – എല്‍.ഡി.എഫ്. വിജയത്തില്‍ ട്വന്റി ട്വന്റി നല്ല സ്വാധീനം ചെലുത്തുമെന്നും വോട്ടു ചോര്‍ച്ചയുണ്ടാക്കാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിക്കുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പു തീയതിക്കും ഒരുമാസത്തോളം മുന്‍പേ നടത്തിയ സര്‍വ്വേ ആണിതെന്നത് പരിഗണിക്കേണ്ട കാര്യമത്രേ. ഈ സര്‍വ്വേക്കു ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ചില പുതിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് വോട്ടെടുപ്പിനെ സ്വാധീനിക്കാവുന്നത്ര ശക്തവുമാണ്. അതു പോലെ കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണങ്ങളിലും ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രചാരണങ്ങളും കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഫലത്തെ സ്വാധീനിക്കുമോ എന്നത് ചിന്തിക്കേണ്ടതാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick