കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം സുപ്രീംകോടതിയില്‍ അടിയന്തിരമായി പരാമര്‍ശിക്കപ്പെടുകയും സുപ്രീംകോടതി വസ്തുത അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തത് ഏറെ നേരം വലിയ വിവാദമായി. വോട്ട് ചെയ്യുന്നതിന്റെ വിവിപാറ്റ് രേഖയില്‍ ബിജെപിയുടെ ചിഹ്നമായ താമരയ്ക്കു ചെയ്യാത്ത വോട്ടുകള്‍ വരുന്നു എന്നതാണ് വിവാദത്തിലേക്ക് നയിച്ചത്. ബിജെപിക്ക് മോക് പോളിൽ പോൾ ചെയ്യാത്ത വോട്ട് ലഭിച്ചെന്ന വിവരം ഇന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയിൽ ധരിപ്പിച്ചത്.
വോട്ടെടുപ്പ് സുതാര്യമാക്കാനായി വിവിപാറ്റ് സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണാന്‍ നിര്‍ദ്ദേശം നല്‍കമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവേയായിരുന്നു പ്രശാന്ത് ഭൂഷണ്‍ കാസര്‍ഗോട്ട് സംഭവിച്ച കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ഇത് സാങ്കേതിക തകരാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് നൽകിയതോടെയാണ് വിവാദം ഒടുങ്ങിയത്. പ്രശ്‌നം ഉടൻ പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ അറിയിച്ചു . കാസർകോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തെറ്റാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
എന്നാൽ മോക് പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലും ബിജെപിക്ക് പോൾ ചെയ്യാതെ വോട്ട് ലഭിച്ചെന്ന് യുഡിഎഫ് ഏജന്റ് നാസര്‍ ആരോപിച്ചു. എല്ലാ സ്ഥാനാർത്ഥികൾക്കും ഒരു വോട്ട് വീതം ചെയ്തപ്പോൾ വിവിപാറ്റിൽ ബിജെപി സ്ഥാനാർത്ഥിക്ക് അധികമായി ഒരു വോട്ട് കൂടി ലഭിച്ചുവെന്നാണ് നാസറിന്റെ പരാതിയിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്ക് ഇയാൾ പരാതി നൽകിയിരുന്നു. അവസാന റൗണ്ടിൽ പ്രശ്‌നം പരിഹരിച്ചു.