തൃശ്ശൂര്‍ പൂരത്തില്‍ പൊലീസ് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് വന്‍ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്ന ചര്‍ച്ച തൃശ്ശൂരില്‍ ചില കോണുകളില്‍ ഉയര്‍ന്നു വരുന്നു. പൂരത്തിനിടയില്‍ ഉണ്ടായ തടസ്സങ്ങളും അസ്വസ്ഥതകളും ബിജെപിയെ മുന്നിലെത്തിച്ചുവെന്നും എന്നാല്‍ ഇതിന്റെ ഗുണം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കാണ് ലഭിക്കുക എന്നും ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. ഈ രണ്ടു സ്ഥാനാര്‍ഥികള്‍ക്കും പിറകിലായിരിക്കയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയെന്നും തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് ഇടതു സ്ഥാനാര്‍ഥി താഴുമെന്നും പ്രചാരണം ഉണ്ട്.
സംസ്ഥാനം ഉറ്റുനോക്കുന്ന മല്‍സരമാണ് തൃശ്ശൂരിലെത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ദേശീയപ്രധാന്യവും കല്‍പിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പലതരം പ്രചാരണങ്ങളും പ്രാധാന്യം നേടുന്നത്.
ഇടതുമുന്നണി സ്ഥാനാര്‍ഥി സുനില്‍കുമാറിന് ഇതേവരെയുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മേല്‍ക്കൈ ഉണ്ട്. വിജയസാധ്യതയും കല്‍പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൂരത്തിലെ പ്രശ്‌നങ്ങള്‍ സുനില്‍കുമാറിനെ അപ്രസക്തനാക്കിയെന്ന നിലയിലുള്ള പ്രചാരണം അവസാന മണിക്കൂറുകളില്‍ ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവരികയാണ്.
താനും സുരേഷ്‌ഗോപിയും തമ്മിലാണ് മല്‍സരം എന്ന് തിങ്കളാഴ്ച യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ പറഞ്ഞതില്‍ ഇത്തരം പ്രചാരണത്തിന്റെ സൂചനയാണുള്ളതെന്ന് വിലയിരുത്തലുണ്ട്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയും തൃശ്ശൂര്‍ പൂരം തടസ്സപ്പെട്ടത് വലിയ വൈകാരിക വിഷയം എന്ന നിലയില്‍ പറഞ്ഞുകൊണ്ട് രംഗത്തുണ്ട്. അതേസമയം ഇടതുസ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍ പൊലീസിന്റെ ധാര്‍ഷ്ട്യം മാത്രമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് പ്രതികരിച്ചു.
പൂരത്തിന്റെ എഴുന്നള്ളിപ്പ് തിരുവമ്പാടി ദേവസ്വം നിര്‍ത്തിവെച്ച രാത്രിയില്‍ മറ്റാരും അത് അറിയുന്നതിനു മുമ്പേ സുരേഷ് ഗോപി ഒരു ആര്‍.എസ്.എസ് നേതാവിനൊപ്പം തിരുവമ്പാടി ക്ഷേത്രത്തിലെത്തിയതില്‍ ദുരൂഹത ആരോപിക്കപ്പെട്ടിട്ടുണ്ട്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജന്‍ പോലും എത്തുന്നതിനു മുമ്പേ സുരേഷ് ഗോപി എത്തിയത് എങ്ങിനെ എന്ന ചോദ്യം ഉയരുന്നുണ്ട്. തന്നെ വിവരമറിയിച്ചതനുസരിച്ചാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ തിരുവമ്പാടി ദേവസ്വത്തിലെ ഭാരവാഹികള്‍ ഇത് നിഷേധിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ ആരും വിവരമറിയിച്ചിരുന്നില്ലെന്ന് ഭാരവാഹികള്‍ ഇന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി.