Categories
kerala

കേരള റേഷന്‍ സംവിധാനത്തെ പരിഹസിച്ച് ‘ഭാരത് അരി’ തൃശ്ശൂരില്‍…രാഷ്ട്രീയ അടുക്കളയില്‍ വേഗം വേവും, എന്തുകൊണ്ടെന്നാല്‍….

ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും ഭാരത് അരി വാഹനങ്ങളില്‍ എത്തിച്ച് വില്‍പന നടത്തും

Spread the love

ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരും മുന്‍ഗണനയിലാത്ത റേഷന്‍കാര്‍ഡുള്ളവരും ഇപ്പോള്‍ കേരളത്തിലെ റേഷന്‍കടകളെ ആശ്രയിക്കുന്നത് മാസത്തില്‍ പരമാവധി അഞ്ചോ ആറോ കിലോ അരി കുറഞ്ഞ വിലയില്‍ കിട്ടുന്നതിനു വേണ്ടി മാത്രമാണ്. ഒരു കിലോയ്ക്ക് പത്തുരൂപയില്‍ താഴെയായി കിട്ടുന്ന ആ അരി മാത്രമാണ് റേഷന്‍ കടയില്‍ നിന്നും മുന്‍ഗണനാവിഭാഗമല്ലാത്തവര്‍ക്ക് കിട്ടുന്നത്.

പൊതുവിതരണ സംവിധാനം കേരളത്തിന്റെ പട്ടിണി നിര്‍മ്മാര്‍ജ്ജന സംവിധാനത്തില്‍ സുപ്രധാന പങ്ക് ആണ് നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി വരുമാനമുള്ള വിഭാഗത്തിന് റേഷന്‍കട ഇപ്പോള്‍ ഒരുപകാരവും ഇല്ലാത്ത കേന്ദ്രമായി മാറിയിരിക്കുന്നു. ഈ ഇടത്തേക്ക് കടന്നു കയറുന്ന നയവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പേ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ രംഗത്തെത്തിയിരിക്കയാണ്. അതാണ് ഭാരത് അരി.

thepoliticaleditor

കിലോയ്ക്ക് 29 രൂപയ്ക്ക് അഞ്ച്, പത്ത് കിലോ പാക്കറ്റുകളിലാക്കി തെരുവില്‍ എവിടെയും വെച്ച് വിതരണം ചെയ്യാനുദ്ദേശിച്ച് ഇറക്കിയിരിക്കുന്ന ഈ ഭാരത് അരി വാങ്ങാന്‍ റേഷന്‍ കാര്‍ഡിന്റെയോ ഒരു രേഖയുടെയോ ആവശ്യമില്ല. പൊതുവിപണിയില്‍ ഇപ്പോള്‍ അരിവില 58-60 രൂപ വരെയായി മാറുന്ന സാഹചര്യമുണ്ട്. സാമ്പത്തികമായി ഭേദപ്പെട്ടവര്‍ പോലും ഈ വിലക്കയറ്റത്തില്‍ അമ്പരപ്പുള്ളവരാണ്. ആ സമയത്ത് കിലോയ്ക്ക് 29 രൂപയ്ക്ക് അരി നല്‍കുന്ന സംവിധാനം കേരളത്തില്‍ കേന്ദ്രം നേരിട്ട് ഏര്‍പ്പെടുത്തിയത് രാഷ്ട്രീയമായി കേരള മധ്യവര്‍ഗമനസ്സിനെ സ്വാധീനിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ്.
രസകരമായ ഒരു കാര്യം, ഭാരത് അരി കഴിഞ്ഞ ദിവസം വിതരണം തുടങ്ങിയത് ആദ്യം തൃശ്ശൂരിലാണ് എന്നതാണ്. തൃശ്ശൂര്‍ ‘എടുക്കാന്‍’ ബിജെപി കേന്ദ്ര നേതൃത്വം തന്നെ ശ്രദ്ധിച്ചു നീങ്ങുന്ന ഘട്ടത്തില്‍ ഈ അരി വില്‍പനയില്‍ വ്യക്തമായ രാഷ്ട്രീയം കാണാവുന്നതാണ്.
ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും ഭാരത് അരി വാഹനങ്ങളില്‍ എത്തിച്ച് വില്‍പന നടത്തും എന്നാണ് പറയുന്നത്.

ഇന്നലെ തൃശ്ശൂരിലെ മണ്ണുത്തി, പട്ടിക്കാട്, പീച്ചി തുടങ്ങിയ ഇടങ്ങളില്‍ ചെറുവാഹനങ്ങളില്‍ എത്തിച്ചാണ് നേരിട്ട് അരി വില്‍പന നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഒരാള്‍ക്ക് ഒരു തവണ 10 കിലോ അരി ലഭിക്കും. അരി കൂടാതെ കടലപ്പരിപ്പും വിതരണം ചെയ്തുവത്രേ. കടലപ്പരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. പൊതുവിപണിയില്‍ ഇതിന്റെ ഇരട്ടിയാണ്.

കേന്ദ്ര ഭക്ഷ്യവകുപ്പിനു കീഴിലുള്ള നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍, കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള നാഫെഡ് എന്നിവയാണ് ഈ വിതരണത്തിന് നേതൃത്വം.
കേരളത്തിലെ റേഷന്‍ സംവിധാനത്തെ നോക്കുകുത്തിയാക്കിയാണ് സമാന്തരമായി കേന്ദ്രസര്‍ക്കാരിന്റെ അരി, പലവ്യഞ്ജന വിതരണം എന്നത് കേരളത്തിലെ പൊതുവിതരണ അന്തരീക്ഷത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ പോകുന്നതാണ്. രാഷ്ട്രീയമായി ബിജെപിക്ക് നേട്ടമുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇടത്തരക്കാരും വെള്ളക്കാര്‍ഡ് ഉപയോഗിക്കുന്ന മധ്യവര്‍ഗക്കാരും ഗുണഭോക്താക്കളായി മാറുന്ന ഈ അരി,പലവ്യഞ്ജന വില്‍പന കേരളസര്‍ക്കാരിനെതിരായ മനോഭാവം ഉണര്‍ത്താന്‍ സഹായിക്കും എന്നതാണ് നേട്ടമായി കാണാവുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ഞെരുങ്ങുന്ന ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഇപ്പോള്‍ സപ്ലൈകോയും ഏറെക്കൂറെ ഊര്‍ധ്വന്‍ വലിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന് ഒരു പരിഗണനയും നല്‍കാത്തതില്‍ മുറുമുറുപ്പും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രം നേരിട്ട് എത്തിക്കുന്ന ഭാരത് അരി കേരളത്തിലെ രാഷ്ട്രീയ അടുക്കളയില്‍ എളുപ്പം വേവുന്ന വിഭവം ആയി മാറുകയാണ്.

ഭാരത് അരിയുടെ ‘സമാന്തര വരവ്’ രാഷ്ട്രീയമായ ദുരുപയോഗക്കലാണെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ഒരു പ്രതികരണം നടത്തിയിട്ടുണ്ട്. ഇത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick