Categories
kerala

ചുള്ളിക്കാടിന്റെ കവിതയ്ക്ക് കയ്യടി…ശക്തമായ` ഇടതു രാഷ്ട്രീയ വിമര്‍ശനമെന്നും വിലയിരുത്തൽ

പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഏറ്റവും പുതിയ കവിത “തോട്ടി” കേരളത്തിലെ സി.പി.എം-ഇടതുപക്ഷ വായനക്കാരില്‍ ആവേശമുണര്‍ത്തിയ വായനാനുഭവമാകുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച കവിത കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിനെ ആദരിച്ചുള്ളതാണ്. തോട്ടികളെ സംഘടിപ്പിച്ച് ആദ്യമായി ഒരു സംഘടനയുണ്ടാക്കി അവര്‍ക്ക് ആത്മാഭിമാനത്തിന്റെ ആദ്യപാഠം പകര്‍ന്നുനല്‍കാന്‍ ശ്രമിച്ച ലോറന്‍സ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ ചുള്ളിക്കാട് വളരെ കുറഞ്ഞ വാക്കുകളില്‍ ഒരു സമുദ്രം പോലെ വികാരം നിറച്ച് അവതരിപ്പിച്ചത് വന്‍ ആവേശമാണ് വായനക്കാരില്‍ ഉണര്‍ത്തിയിരിക്കുന്നത്. അത്ര ശക്തമായ വരികളാണ് ചുള്ളിക്കാടിന്റെ തൂലികയില്‍ നിന്നും ജ്വലിച്ചുയര്‍ന്നത് എന്ന് വിലയിരുത്തലും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു.

ഇതോടൊപ്പം ഈ കവിത ശക്തമായൊരു സമകാലീന രാഷ്ട്രീയ വിമര്‍ശനവും ഉള്‍ക്കൊള്ളുന്നു എന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. “ലോറൻസുചേട്ടനു തൊണ്ണൂറു കഴിഞ്ഞു. ആണിക്കിടക്കയിൽ മരണം കാത്തു കിടക്കുന്നു. കുപ്പാണ്ടിയുടെ പരമ്പര ഇപ്പോഴും കൊച്ചിയിലുണ്ട്. കോർപറേഷനിൽ മാലിന്യം നീക്കുന്നു.”– കവിതയിലെ ഈ വരികൾ വലിയ രാഷ്ട്രീയ വിമർശനമായി വിലയിരുത്തപ്പെടുന്നു.

thepoliticaleditor

കൊച്ചിയുടെ അടിപ്പടവില്‍ മലം നിറച്ച പാട്ടയുമായി അയാള്‍ നിന്നു എന്ന് തുടങ്ങുന്ന കവിതയില്‍ ഗാന്ധിയും നാരായണ ഗുരുവും പിന്നെ ലോറന്‍സും അര്‍ഥവത്തായി കടന്നു വരുന്നു. ലോറന്‍സിനെ കവി വരച്ചിട്ടിരിക്കുന്നത് വളരെ കുറഞ്ഞ വാക്കുകളിലെങ്കിലും അത്യധികം ഗംഭീരമായിട്ടാണ്- ‘കുപ്പയാണ്ടിയുടെ തോളില്‍ കൈവെച്ച് ലോറന്‍സു ചേട്ടന്‍ വിളിച്ചു: സഖാവേ.’

തൊണ്ണൂറു വയസ്സുള്ള എം.എം.ലോറന്‍സ് ഇന്ന് കേരളത്തിലെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ആലോചനാവേദികളിലെ ഒരയലത്തുമില്ലാതെ കഴിയുന്നത് കേരളത്തിലെ സി.പി.എം. നടപ്പാക്കിയ തമസ്‌കരണത്തിന്റെ ഭാഗമായാണ് എന്ന വിമര്‍ശനത്തിനാണ് കവിത മരുന്നിട്ടിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാക്കളില്‍ ഒരാളും ഇടതുമുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍ വരെയായി ഉയര്‍ന്നു നിന്ന നേതാവുമായിരുന്നിട്ടും വിഭാഗീയതയുടെ ആളിപ്പടരലും എരിഞ്ഞൊടുങ്ങലും കഴിഞ്ഞപ്പോള്‍ പുതിയ നേതൃത്വങ്ങളാല്‍ ചവിട്ടിത്താഴ്ത്തപ്പെടുകയും അവഗണിക്കപ്പെട്ട് അഗണ്യനായി തീരുകയും ചെയ്തിരിക്കുന്ന ലോറന്‍സ് ആണ് ചുള്ളിക്കാടിന്റെ കവിതയിലുള്ളത് എന്ന് സിപിഎമ്മിന്റെ നിലവിലുള്ള വിമര്‍ശകരിലൊരാളായ മുന്‍ സിപിഎം -ഇടതു സാംസ്‌കാരിക പ്രവര്‍ത്തനുമായ ആസാദ് മലയാറ്റില്‍ സമൂഹമാധ്യമത്തിലെഴുതിയ ദീര്‍ഘമായ കുറിപ്പില്‍ പറയുന്നു.

നേരത്തെ സിപിഎമ്മിനൊപ്പം നില്‍ക്കുകയും പിന്നീട് പാര്‍ടിയുമായി അഭിപ്രായവ്യത്യാസം മൂലം അകലുകയും ചെയ്ത സാംസ്‌കാരിക മുഖങ്ങളില്‍ പലരും ചുള്ളിക്കാടിന്റെ കവിതയില്‍ ആവേശം പ്രകടിപ്പിക്കുന്ന കുറിപ്പുകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്നുണ്ട്.

ആസാദിന്റെ കുറിപ്പ്:

ലോറൻസിന് തൊണ്ണൂറു കഴിഞ്ഞു. ‘ആണിക്കിടക്കയിൽ മരണകാലം കാത്തു കഴിയുന്നു’ എന്ന് തോട്ടി എന്ന കവിത. കൊച്ചി നഗരത്തിലെ തോട്ടിത്തൊഴിലാളികളെ മലക്കൂമ്പാരത്തിൽനിന്നും ആകാശം കാണിക്കാനും ആത്മബോധത്തിലേക്കും വർഗബോധത്തിലേക്കും ആനയിക്കാനും എം എം ലോറൻസ് എന്ന കമ്യൂണിസ്റ്റ് നേതാവ് വഹിച്ച പങ്ക് ഓർക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്, തോട്ടി എന്ന കവിതയിൽ.
കുപ്പാണ്ടിയെ പാതാളത്തിലേക്കു കൈനീട്ടി സഖാവേ എന്നു വിളിച്ചു. പൊക്കിളിൽനിന്ന് ഊരിയ ചെങ്കൊടി ഉയർത്തിപ്പിടിച്ചിരുന്നു ലോറൻസ്. മലത്തിൽനിന്ന് അയാൾ മാനത്തേക്കു നോക്കി. സൂര്യൻ അയാളുടെ കണ്ണുകൾക്ക് തീയിട്ടു. കുപ്പയാണ്ടിയുടെ പരമ്പര ഇപ്പോഴും കൊച്ചിയിൽ മാലിന്യം നീക്കുന്നു. ലോറൻസുചേട്ടൻ ആണിക്കിടക്കയിൽ മരണം കാത്തു കഴിയുന്നു.
കവിതയല്ല, അതിലെ വാസ്തവങ്ങളും അവയുടെ അന്വയരീതിയുമാണ് എന്നെ ആകർഷിച്ചത്. കൊച്ചിയുടെ അടിപ്പടവിൽ മലം നിറച്ച തൊട്ടിയുമായി നിന്ന കുപ്പാണ്ടി. നാരായണഗുരുവും ഗാന്ധിജിയും വന്നു. തോട്ടി ബ്രഹ്മമാണോ എന്ന വേലായുധന്റെ സംശയം തീർക്കാൻ ഗുരു പറഞ്ഞു. തോട്ടിയും ബ്രഹ്മം, മലവും ബ്രഹ്മം. ഗാന്ധിജി ഓർമ്മിപ്പിച്ചു: തോട്ടിയിൽനിന്നു വമിക്കുന്ന ദുർഗന്ധം അയാളുടെ മലത്തിന്റേതല്ല. നിങ്ങളുടെ മലത്തിന്റേതാണ്. ചെങ്കൊടിയുമായി വന്ന ലോറൻസ് കൈനീട്ടി വിളിച്ചു വരൂ സഖാവേ എന്ന്. ഇത്രയും ചരിത്രം. വർത്തമാനത്തിലോ കുപ്പാണ്ടി മാലിന്യം നീക്കുന്നു. ലോറൻസ് ആണിക്കിടക്കയിൽ കിടക്കുന്നു. ഇത് തീർച്ചയായും രാഷ്ട്രീയ വിമർശനവുമാണ്.
ബ്രഹ്മപുരത്ത് മാലിന്യം ഏറ്റുവാങ്ങി കൊണ്ടുപോകുന്ന ലോറിയുടമകളും ഇടത്തട്ടുകാരും മുതലാളിമാരായിട്ടുണ്ട്. മാലിന്യം നീക്കുന്ന കുപ്പാണ്ടിയുടെ സന്തതി പരമ്പരകൾക്കു മാറ്റമില്ല. ചെങ്കൊടി പിടിച്ചു കരകയറി ലോറൻസിനെയും തള്ളി പണമുതലാളിത്തത്തിന്റെ ചങ്ങാത്തം പിടിച്ചു പറ്റിയ നേതാക്കൾ അധികാരികളും പ്രഭുക്കളുമായി വിരാജിക്കുന്നു. അധർമ്മയുദ്ധത്തിൽ വില്ലാളിവിജയന്മാർ ജയിക്കുന്നു. ലോറൻസ് ആണിക്കിടക്കയിൽ അന്ത്യകാലം തള്ളിനീക്കുന്നു.
അവകാശബോധം പഠിപ്പിച്ച, തൊഴിൽ അന്തരീക്ഷം സുഗമമാക്കിയ, വർഗബോധത്തെ ജ്വലിപ്പിച്ച സമര നേതൃത്വത്തെ പിറകിൽനിന്നു കുത്തി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം പിടിച്ചെടുത്തവർ ലോറൻസിനെയും കെ എൻ രവീന്ദ്രനാഥിനെയുമൊക്കെ സ്വച്ഛന്ദ മൃത്യുവിന് വിട്ടത് ഇടതുരാഷ്ട്രീയത്തിലെ വർഗവഞ്ചനയുടെ അദ്ധ്യായം. അത് ഓർമ്മിപ്പിക്കുന്നുണ്ട് തോട്ടി എന്ന കവിത. നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മഹത്തായ ഭൂതകാല കാഴ്ച്ചപ്പാടുകളും പ്രയോഗങ്ങളും സ്മരിച്ചുകൊണ്ടാണ് തോട്ടിയുടെ ചിത്രമെഴുതിയിട്ടുള്ളത്. ഇന്നും മാലിന്യത്തിൽ കഴിയുന്ന അടിസ്ഥാന തൊഴിലാളിവർഗം അസ്പൃശ്യതയെ മറികടന്നിട്ടുണ്ടോ? അവരുടെ സമരനേതാക്കൾ പിറകിൽ വെട്ടേറ്റു വീഴുന്നത് എന്തുകൊണ്ടാണ്?
തോട്ടി എന്ന കവിതയാണ് ഇങ്ങനെ ചിന്തിപ്പിച്ചത്. ചിന്ത വഴുതിയെങ്കിൽ എനിക്കല്ല, ബാലചന്ദ്രൻ ചുള്ളിക്കാടിനും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനുമാണ് ഉത്തരവാദിത്തം.

പ്രമുഖ കഥാകൃത്തും പ്രഭാഷകനുമായ വി.എസ്.അനില്‍കുമാര്‍ എഴുതിയ കുറിപ്പും ശ്രദ്ധേയമായി. ത്രസിച്ചു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ബാലചന്ദ്രന്റെ കിടിലന്‍ കവിത എന്നാണ് വിശേഷണം.

“പൊക്കിളിൽ നിന്ന് ചെങ്കൊടി

വലിച്ചൂരിയെടുത്തുയർത്തിപ്പിടിച്ച്

ഭൂമിയുടെ പടവുകളിറങ്ങിച്ചെന്ന്

കുപ്പയാണ്ടിയുടെ തോളിൽ കൈവെച്ച്

ലോറൻസ്ചേട്ടൻ വിളിച്ചു :

സഖാവേ .”

ബാലചന്ദ്രന്റെ ഒരു കിടിലൻ കവിത മാത്രൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ത്രസിച്ചു.”

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick