Categories
latest news

അധികാരത്തിനു മുന്നില്‍ അഭിമാനം പണയം വെക്കാത്ത മലയാളിയുടെ പ്രതീകമായി ഇതാ വീണ്ടുമൊരു മലയാളി

അധികാരത്തിനു മുന്നില്‍ അഭിമാനം പണയം വെക്കാത്ത മലയാളിയുടെ പ്രതീകമായി ഇതാ വീണ്ടുമൊരു മലയാളി ഉദ്യോഗസ്ഥന്‍. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം എന്ന കവിവാക്യം ഓര്‍ത്തു പോകുന്നത് കെ.എസ്.ജയിംസിനെ ഓര്‍ക്കുമ്പോഴാണ്. കേന്ദ്രസര്‍ക്കാരിന്റെ വ്യാജ അവകാശവാദങ്ങള്‍ പൊളിച്ചടുക്കി സത്യത്തിന്റെ ദയനീയമായ മുഖം ഇന്ത്യയ്ക്കു മുന്നില്‍ കൊണ്ടുവന്ന ജെയിംസ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിന്റെ ഡയറക്ടര്‍ ആയിരുന്നു. ഇദ്ദേഹത്തെ ജൂലായില്‍ മോദി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും അത് നീട്ടാന്‍ കഴിഞ്ഞ 11-ാം തീയതി തീരുമാനിക്കുകയും ചെയ്തതോടെയാണ് ജെയിംസ് സ്ഥാപനത്തില്‍ നിന്നും രാജി വെച്ചത്. രാജിക്കു പിറകെ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കുകയും ചെയ്തു!!. നേരത്തെ രാജിവെക്കാന്‍ ജെയിംസിനെ ഉപദേശിച്ചെങ്കിലും അതിന് വഴങ്ങാതിരുന്നതോടെയാണ് സസ്‌പെന്‍ഡ് ചെയ്തത് എന്നതു കൂടി കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ കാര്യം മനസ്സിലാകും-കേന്ദ്രസര്‍ക്കാര്‍ അവര്‍ ആഗ്രഹിച്ചത് സാധിച്ച ക്രൂരമായ സംതൃപ്തിയിലായിരിക്കും.

എന്തായിരുന്നു കോട്ടയം പാലാ സ്വദേശി ജെയിംസ് കേന്ദ്ര സര്‍ക്കാരിനോട് ചെയ്ത ‘കുറ്റം’. സ്വച്ഛ് ഭാരത് എന്നൊക്കെ മോദിസര്‍ക്കാര്‍ എപ്പോഴും കൂവി നടക്കുന്നുവെങ്കിലും അതിലെ യാഥാര്‍ഥ്യത്തിന്റെ ഒരു വശം ധീരമായി പുറത്തുവിട്ടതാണ് ജെയിംസിനെ പുറത്തു ചാടിക്കാന്‍ ഭരണകൂടത്തിന് പ്രേരണയായത്. വെളിയിട വിസര്‍ജ്ജനം പൂര്‍ണമായി ഇല്ലാതാക്കിയെന്ന് 2109-ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയിലെ 19 ശതമാനം കുടുംബങ്ങള്‍ ഇപ്പോഴും ശുചിമുറി ഇല്ലാത്തവരാണെന്ന സത്യം പുറത്തു വന്നത് ജെയിംസ് ഡയറക്ടറായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിന്റെ ഒടുവിലെത്ത കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടിലൂടെയായിരുന്നു. അതു പോലെ തന്നെയായിരുന്നു പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക കണക്ഷനായ ഉജ്ജ്വല പദ്ധതി, പോഷകാഹാര പദ്ധതിയായ പോഷണ്‍ അഭിയാന്‍ എന്നിവയില്‍ കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ പൊളിക്കുന്ന വിധത്തിലുള്ള സര്‍വ്വേ വെളിപ്പെടുത്തലുകള്‍. കുട്ടികളുടെ പോഷകാഹാരത്തിലെ ഒരു വിടവ് അത് എടുത്തുകാണിച്ചു . 6-23 മാസം പ്രായമുള്ള 89 ശതമാനം കുട്ടികൾക്കും “കുറഞ്ഞ ഭക്ഷണക്രമം” പോലും ലഭിക്കുന്നില്ലെന്ന് സർവ്വേ കണ്ടെത്തി. നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ (എൻഎഫ്എച്ച്എസ്) ഏകോപനവും സാങ്കേതിക മാർഗനിർദേശവും നൽകുന്ന നോഡൽ ഏജൻസിയാണ് ഐഐപിഎസ്. ജനസംഖ്യ, ആരോഗ്യം, സ്ത്രീകളുടെ പ്രശ്നങ്ങൾ, കുട്ടികളുടെ പോഷകാഹാരം, ഗവൺമെന്റിന്റെ ക്ഷേമ പദ്ധതികളുമായി അടുത്ത ബന്ധമുള്ള മറ്റ് വിഷയങ്ങൾ എന്നിവയുൾപ്പെടെ ഉള്ള കാര്യങ്ങളിൽ ഐഐപിഎസ് പ്രധാന വിവരങ്ങൾ നൽകുന്നുണ്ട്.

thepoliticaleditor

ഇങ്ങനെ സത്യങ്ങള്‍ വെളിപ്പെടുത്താമോ. കേന്ദ്രസര്‍ക്കാര്‍ പിന്നെ ആ ഉദ്യോഗസ്ഥനെ ഒരു നിമിഷം ഇരുത്തിപ്പൊറുപ്പിച്ചില്ല. വ്യാജമായതും നിസ്സാരമായതുമായ കാരണങ്ങള്‍ ഉണ്ടാക്കിയെടുത്ത് നടപടിക്കൊരുങ്ങി. പഴക്കച്ചവടക്കാരന് കൈക്കൂലി കൊടുക്കുന്നു, മൊബൈൽ വാങ്ങുന്നു ഇങ്ങനെ ഒരു കൂട്ടം പരിഹാസ്യമായ പരാതികൾ ജെയിംസിനെതിരെ ഉണ്ടാക്കിയെടുത്തു. ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഹിന്ദി ഉദ്യോഗസ്ഥന്റെ നിയമനം, കൈക്കൂലിയായി “80 പ്ലേറ്റ് ഫ്രൂട്ട് സാലഡ്” വാങ്ങിയെന്ന പഴം വിൽപനക്കാരന്റെ ആരോപണം- ഇങ്ങനെ പോകുന്നു അന്വേഷണ വിഷയങ്ങൾ.!!

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രൂപീകരിച്ച വസ്തുതാന്വേഷണ സമിതി (എഫ്എഫ്‌സി) ജയിംസിനെതിരെ അന്വേഷിച്ച പരാതികളിൽ ഉന്നയിച്ച 35 വിഷയങ്ങളിൽ 24 എണ്ണത്തിന് ഒരു തുമ്പും കണ്ടെത്തിയില്ല. ഇതിൽ ജയ് ഭീം ആർമി അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണം കൂടി ഉണ്ടായിരുന്നു. ഏപ്രിൽ 28നാണ് ജെയിംസിനെതിരെ ജയ് ഭീം ആർമിയുടെ പരാതി ആരോഗ്യ മന്ത്രാലയത്തിനു മുന്നിൽ വന്നത്. മെയ് 8 ന് മന്ത്രാലയം വസ്തുതാന്വേഷണ സമിതിയെ പ്രഖ്യാപിച്ചു. ജൂലൈ 28 ന് ജെയിംസിനെ സസ്പെൻഡ് ചെയ്തു. എന്നാൽ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ആരോഗ്യ മന്ത്രാലയത്തിന് വിശദമായ വിശദീകരണം അദ്ദേഹം സമർപ്പിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട് ഒമ്പത് ദിവസങ്ങൾക്ക് ശേഷം ജെയിംസ് രാജിവെച്ചു. എന്നാൽ അത് രണ്ട് മാസത്തിന് ശേഷം ഒക്ടോബർ 11 ന് ആണ് സർക്കാർ അംഗീകരിച്ചത് എന്ന് മാത്രം.

ജെയിംസിന്റെ സസ്പെൻഷൻ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം ആരോഗ്യ മന്ത്രാലയം ഒരു ചെറിയ കുറിപ്പ് പുറത്തിറക്കി. “ലഭിച്ച 35 പരാതികളിൽ 11 എണ്ണത്തിലും എഫ്എഫ്‌സി പ്രഥമദൃഷ്ട്യാ ക്രമക്കേടുകൾ കണ്ടെത്തി. ആരോപണങ്ങൾ ഗൗരവമുള്ളതും ഗുരുതരവുമാണ്. കൂടാതെ ഡയറക്ടർ എന്ന നിലയിൽ ജെയിംസ് നേരിട്ടും അല്ലാതെയും ഉത്തരവാദിയാണ്. മതിയായ മേൽനോട്ടം നിർവഹിക്കുന്നതിൽ ഇദ്ദേഹം പരാജയപ്പെട്ടു. ക്രമക്കേടുകൾ ഉടനടി കണ്ടെത്തുന്നതിലും സമയബന്ധിതമായി തിരുത്തൽ നടപടിയെടുക്കുന്നതിലും ഡയറക്ടർ പരാജയപ്പെട്ടതായി അനുമാനിക്കുന്നു”- ഇതായിരുന്നു പ്രസ്താവന.

രാജി നല്‍കി ഇറങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചതായി പറയുന്നു. അതിന് വഴങ്ങാതിരുന്നപ്പോള്‍ ജൂലൈ 28-നു സസ്‌പെന്‍ഡ് ചെയ്തു. ഇതോടെയാണ് ജെയിംസ് സ്ഥാപനമേധാവി സ്ഥാനം രാജിവെച്ച് ഇറങ്ങി നടന്നത്.
അദ്ദേഹത്തിന് ഒരിക്കലും അടിമപ്പണിയുടെ ആവശ്യമില്ല. അദ്ദേഹം ജവര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല മുതല്‍ പല ഉന്നത വിദ്യാകേന്ദ്രങ്ങളിലും പ്രൊഫസറായിരുന്നു. കൂടാതെ ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചിൽ പോപ്പുലേഷൻ റിസർച്ച് സെന്റർ പ്രൊഫസറും മേധാവിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഓസ്ട്രിയയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്ലൈഡ് സിസ്റ്റം അനാലിസിസിലെ പോപ്പുലേഷൻ ആൻഡ് ജസ്റ്റ് സൊസൈറ്റീസ് പ്രോഗ്രാമിലെ മുതിർന്ന ഗവേഷണ പണ്ഡിതനാണ്. ഹാര്‍വാഡ് സര്‍വ്വകലാശാല, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നിവിടങ്ങളില്‍ വിസിറ്റിങ് ഫെല്ലോ ആണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick