ചൊവ്വാഴ്ച പുലര്‍ച്ചെ യു.എസിലെ ബാള്‍ട്ടിമോറില്‍ രണ്ടര കിലോമീറ്റര്‍ നീളമുള്ള സ്റ്റീല്‍ പാലം ഒരു ചരക്കു കപ്പല്‍ ഇടിച്ചു തകര്‍ന്നു വീഴാനിടയായ സംഭവത്തില്‍ അപകകടമുണ്ടാക്കിയ കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യാക്കാരാണെന്ന് കമ്പനി അറിയിച്ചു. കപ്പല്‍ ആവട്ടെ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമാണ് എന്നാണ് പുറത്തുവരുന്ന വിവരം. മലയാളിയുടെ ഉടമസ്ഥതയിലുള്ള സിനെര്‍ജ് ഗ്രൂപ്പ് ആണ് കപ്പല്‍ സര്‍വ്വീസ് നടത്തുന്നത്. ലോകവ്യാപകമായി കപ്പല്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണിത്.
കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. രണ്ടു പൈലറ്റുമാരുള്‍പ്പെടെ എല്ലാ ക്രൂ അംഗങ്ങളും ഇന്ത്യക്കാരാണെന്നും ആര്‍ക്കും പരിക്കൊന്നുമില്ലെന്നും കപ്പലിന് കേടുപറ്റി ഇന്ധനച്ചോര്‍ച്ചയോ മറ്റുള്ള മലിനീകരണമോ ഉണ്ടായിട്ടില്ലെന്നും കപ്പല്‍ മാനേജ്‌മെന്റ് കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.


ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേയാണ് ഡാലി എന്ന കണ്ടെയ്‌നര്‍ കപ്പല്‍ പാലത്തിന്റെ ഒരു തൂണില്‍ ഇടിച്ചത്. തുടര്‍ന്ന് പാലം മുഴുവനായി തകര്‍ന്നു വീഴുകയായിരുന്നു. ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ രജിസ്റ്റർ ചെയ്തതും സിംഗപ്പൂർ പതാക പറക്കുന്നതുമായ കപ്പൽ, കൂട്ടിയിടി സമയത്ത് കണ്ടെയ്‌നറുകൾ കൊണ്ട് നിറഞ്ഞിരുന്നു.
പാലത്തിൽ പണിയെടുക്കുന്ന ഒരു കൺസ്ട്രക്ഷൻ ക്രൂവിന് പരിക്കേറ്റു. എട്ട് വ്യക്തികൾ നദിയുടെ അതിശൈത്യമുള്ള വെള്ളത്തിൽ വീണു. ഇവിടെ താപനില 8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എട്ട് പേരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറ് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.