ഒഡിഷയിലെ ബാലസോറില്‍ മൂന്ന് രണ്ട് യാത്രാ ട്രെയിനും ഒരു ഗുഡ്‌സ് ട്രെയിനും തമ്മിലിടിച്ചുണ്ടായ ദുരന്തത്തില്‍ കുറഞ്ഞത് 233 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 900 ഓളം പേർക്ക് പരിക്കേറ്റു. 24 പേരെ രക്ഷപ്പെടുത്തി. ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷനിൽ വെള്ളിയാഴ്ച്ച രാത്രി ഏഴു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റി തൊട്ടടുത്ത പാളത്തിലേക്ക് മറിഞ്ഞ കോറമണ്ടൽ എക്‌സപ്രസ് ട്രെയിനിലേക്ക് അടുത്ത പാളത്തിലൂടെ വന്ന യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘം അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. മറ്റ് ഏഴ് ടീമുകളെ കട്ടക്ക് ജില്ലയിലെ മുണ്ടാലിയിൽ നിന്ന് സംഭവസ്ഥലത്തേക്ക് എത്തിക്കുന്നുണ്ടെന്ന് എൻഡിആർഎഫ് ഡിഐജി മൊഹ്‌സീൻ ഷഹീദി പറഞ്ഞു . നാല് സ്‌നിഫർ നായ്ക്കളെയും എത്തിക്കുന്നുണ്ട്. സ്‌ട്രെച്ചറുകൾ, ഗ്യാസ് കട്ടറുകൾ, ലിഫ്റ്റിംഗ് പാഡുകൾ, പ്രഥമശുശ്രൂഷ കിറ്റുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഏഴ് ടീമുകളിലായി 200-ലധികം രക്ഷാ പ്രവർത്തകർ ഉണ്ട്.