Categories
latest news

സ്ത്രീ നീതിക്കായി കര്‍ഷകര്‍…പീഢകനെ പിന്തുണച്ച് സന്യാസിമാരും! പുതിയ ദയനീയ ഇന്ത്യ

ജൂൺ അഞ്ചിന് അയോധ്യയിലെ രാംകഥ പാർക്കിൽ നടക്കുന്ന പൊതുബോധവൽക്കരണ റാലിയിൽ പോക്‌സോ നിയമ ഭേദഗതി ആവശ്യപ്പെടും

Spread the love

ഗംഗാതടത്തില്‍ വീണു ചുട്ടുപൊങ്ങിയ ഗുസ്തി താരങ്ങളുടെ നീതി തേടിയുള്ള കണ്ണീരിനെ പിന്തുണച്ച് ബിഹാറിലെയും യു.പി.യിലെയും നൂറുകണക്കിന് കര്‍ഷകരും കര്‍ഷക നേതാക്കളും ഹരിദ്വാറില്‍ കഴിഞ്ഞ ദിവസം അണിനിരന്നപ്പോള്‍ ഇങ്ങ് അയോധ്യയില്‍ മറ്റൊരു പിന്തുണയുമായി സന്യാസികളുടെ യോഗം ചേരുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ജാമ്യമില്ലാത്ത പോക്‌സോ കേസിലുള്‍പ്പെടെ പ്രതിയായ ബിജെപി എം.പി. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെ സംരക്ഷിക്കാനും പിന്തുണയ്ക്കാനുമായി സന്യാസിമാര്‍ യോഗം ചേര്‍ന്നു എന്ന വാര്‍ത്ത പുതിയ സംഘപരിവാര്‍ ഇന്ത്യയിലെ ഞെട്ടിക്കുന്ന ചിത്രമായി.

thepoliticaleditor

അയോധ്യയില്‍ യോഗം ചേര്‍ന്ന ഒരു കൂട്ടം ‘സാധുക്കള്‍’ ബ്രിജ് ഭൂഷണ് പിന്തുണയുമായി അടുത്ത ആഴ്ച റാലി നടത്തുമെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല പോക്‌സോ നിയമം മാറ്റിയെഴുതണമെന്നും സന്യാസിമാര്‍ ആവശ്യപ്പെട്ടുവെന്നാണ് വാര്‍ത്ത.

പോക്‌സോയ്‌ക്കെതിരെ പ്രതിഷേധിക്കുമെന്നാണ് സന്യാസിമാര്‍ പ്രഖ്യാപിച്ചത്. ജൂൺ അഞ്ചിന് അയോധ്യയിലെ രാംകഥ പാർക്കിൽ നടക്കുന്ന പൊതുബോധവൽക്കരണ റാലിയിൽ പോക്‌സോ നിയമ ഭേദഗതി ആവശ്യപ്പെടും. മുൻ ജഡ്ജിമാരും നിയമവിദഗ്ധരും ചടങ്ങിൽ പങ്കെടുക്കുമെന്ന് മഹന്ത് കമൽ നയൻ ദാസ് പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു, അത് അടിയന്തിരമായി ഭേദഗതി ചെയ്യേണ്ടതുണ്ട്.

ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ പിൻഗാമിയായ മഹന്ത് കമൽ നയൻ ദാസ് മാധ്യമ പ്രവർത്തകരോട് സംവദിക്കവേ, ബ്രിജ് ഭൂഷൺ പീഡിപ്പിക്കപ്പെടുകയാണെന്ന് പറഞ്ഞു. “പോക്‌സോ നിയമം ദുരുപയോഗം ചെയ്ത് നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നു. അവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നു, പ്രത്യേകിച്ച് ദർശകർ, മഹാന്മാർ, രാഷ്ട്രീയക്കാർ എന്നിവർ “– ദാസ് പറഞ്ഞു. ഈ പീഡനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ബ്രിജ് ഭൂഷൺ ശരൺ സിംഗ്- ദാസ് കൂട്ടിച്ചേർത്തു.

ലൈംഗിക കുറ്റകൃത്യത്തിലേര്‍പ്പെട്ട ബിജെപി എം.പി.യെ രക്ഷിക്കലാണ് ഹിന്ദു ധര്‍മം എന്ന് വിശ്വസിക്കുന്നുവോ സംഘപരിവാരത്തിന്റെ സന്യാസിമാര്‍ എന്ന ചോദ്യം ഉയരുന്നു.
ലോകത്തിന്റെ നെറുകയില്‍ ഇന്ത്‌യുടെ അഭിമാനമുയര്‍ത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവര്‍ അവരുടെ ആത്മാഭിമാനത്തിനേറ്റ മുറിവുകളുമായി നീതിക്കു വേണ്ടി കഴിഞ്ഞ 35 ദിവസമായി പോരാടുമ്പോള്‍ രാജ്യത്തെ സര്‍ക്കാര്‍ അവര്‍ക്കൊപ്പമില്ല.

ജന്തര്‍മന്ദര്‍ എന്ന പാര്‍ലമെന്റിന്റെ മൂക്കിനു താഴെയുള്ള സ്ഥലത്ത് മാസത്തിലേറെയായി നടക്കുന്ന രാജ്യവും പുറം രാജ്യങ്ങളും ശ്രദ്ധിച്ച സമരം പ്രധാനമന്ത്രി മാത്രം കാണുന്നില്ല. ഒടുവില്‍ സമരപ്പന്തല്‍ പൊളിക്കാനും താരങ്ങളെ തെരുവില്‍ വലിച്ചിഴച്ച് ലോക്കപ്പിലിടാനും കഴിഞ്ഞ ഞായറാഴ്ച കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡെല്‍ഹി പോലീസ് തുനിഞ്ഞു.

ഇതെല്ലാം എന്തിനാണ്. ഒറ്റ കാര്യം-ഏഴു സ്ത്രീകളുടെ പരാതികളിലെ ഏക പ്രതി, ഗുസ്തി ഫെഡറേഷന്‍ മേധാവിയായ ബിജെപി എം.പി.യെ ന്യായമായും അറസ്റ്റ് ചെയ്യണമെന്ന ഒറ്റ ആവശ്യം-സ്ത്രീകളുടെ അഭിമാനത്തെപ്പറ്റിയും ആ്തമനിര്‍ഭര്‍ ഭാരതിനെപ്പറ്റിയും വാതോരാതെ പ്രസംഗിക്കുന്ന കേന്ദ്രത്തിലെ സര്‍ക്കാരിന് ഈ സാമാന്യ നീതി പോലും നടപ്പാക്കാന്‍ രാഷ്ട്രീയ വിധേയത്വം മൂലം സാധിക്കുന്നില്ല. അത്ര ശക്തനാണ് ബ്രിജ്ഭൂഷണ്‍. യു.പിയിലെ വിദ്യാഭ്യാസ ഡോണ്‍ എന്നു പറയാം.

ബിജെപിയുടെ പ്രധാന സ്വാധീന ശക്തികേന്ദ്രമായി മാറിയ ബ്രിജ് ഭൂഷണിനെതിരെ ഒരു കുഞ്ഞു നീക്കം പോലും നടത്താന്‍ ബിജെപി തയ്യാറാകുന്നില്ല. പുതിയ ഇന്ത്യ സഞ്ചരിക്കുന്നത് ഇത്തരം കാട്ടുനീതി ബോധത്തിലേക്കും നിയമവ്യവസ്ഥയിലേക്കുമാണോ.
മാത്രമല്ല, ഒട്ടും ലജ്ജയില്ലാത്ത സന്യാസിമാരെ അണിനിരത്തി പ്രതിരോധിക്കാനുള്ള ബ്രിജ്ഭൂഷണിന്റെ ശ്രമം ഹിന്ദുത്വത്തെ ബിജെപി എങ്ങിനെ ഉപയോഗിക്കുമെന്നതിന്റെ സൂചനയും നല്‍കുന്നു. രാജ്യത്തെ യഥാര്‍ഥ സന്യാസത്തിനും സന്യാസിമാര്‍ക്കും അപമാനമായി മാറുന്നു അയോധ്യയിലെ സന്യാസി സംഗമം.

അതേസമയം ബിഹാറിലെ കര്‍ഷക ഖാപ് പഞ്ചായത്തുകളില്‍ നിന്നെത്തിയ കര്‍ഷകരുടെ സംഗമം നീതിക്കായി പിടയുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ കൂടെച്ചേര്‍ന്ന് പൊരുതുന്ന നീതിബോധത്തിന്റെ കാവലാളുകളായും മാറുന്നു.

ലജ്ജാകരമാണ് പ്രധാനമന്ത്രീ, ഈ മൗനം. സന്യാസിമാരെ റാലിക്കായി ഇറക്കിവിടുന്ന ബ്രിജ്ഭൂഷണെ കൈയ്യാമം വെക്കാന്‍ ഒരു നിമിഷം പോലും മടി കാണിച്ചാല്‍ താങ്കള്‍ നടത്തുന്ന മന്‍ കി ബാത്ത് വിമര്‍ശകര്‍ പറയുമ്പോലെ മങ്കി ബാത്ത് മാത്രമായിത്തീരും.

Spread the love
English Summary: ayodhya seer meeting in support to brij bhushan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick