Categories
latest news

അദാനിയുടെ എന്‍.ഡി.ടി.വി….പവാറിന്റെ പിന്തുണ…പ്രതിപക്ഷത്തില്‍ വിള്ളല്‍

കൃത്രിമമായി ഷെയര്‍ മൂല്യം ഉയര്‍ത്തിക്കാട്ടി നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ആസ്തി പെരുപ്പിച്ചു കാണിച്ചുവെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലോക കോടീശ്വരന്‍മാരുടെ നിരയില്‍ നിന്നും കൂപ്പു കുത്തിയ ഗൗതം അദാനി പ്രതിപക്ഷത്തിന്റെ മുനയൊടിക്കാന്‍ ഉപയോഗിച്ചത് കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയെ, അത് പരസ്യമാക്കിയത് തന്റെ തന്നെ നിയന്ത്രണത്തിലുള്ള എന്‍.ഡി.ടി.വി. എന്ന വാര്‍ത്താ ചാനലിനെ.

അദാനി ഗ്രൂപ്പിന്റെ ഓഹരി ആധിപത്യം ഉള്ള ചാനലായി എന്‍ഡിടിവിയിലൂടെയാണ് എന്‍.സി.പി. നേതാവ് ശരദ് പവാറിന്റെ അഭിമുഖം പുറത്തുവന്നത്. പവാറിന്റെ വാക്കുകളാവട്ടെ അദാനി വിഷയത്തില്‍ പ്രതിപക്ഷത്ത് ഭിന്നതയുണ്ടെന്ന അവസ്ഥ സൃഷ്ടിക്കാനും സാധിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിനെ സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷകക്ഷികള്‍ എത്രയോ ആഴ്ചയായി വലിയ പ്രതിഷേധം നടത്തിവരികയായിരുന്നു. പ്രതിപക്ഷം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്തു. അപ്പോഴാണ് പൊടുന്നനെ ശരദ്പവാര്‍ രംഗത്തു വന്നിരിക്കുന്നത്. ജെ.പി.സി. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനോടുള്ള വിയോജിപ്പ് പവാര്‍ പറഞ്ഞു. മാത്രമല്ല അദാനി വിഷയത്തില്‍ ജെ.പി.സി.യുടെ ആവശ്യം എന്താണ് എന്ന് ചോദിക്കുകയും ചെയ്തു. ഇതോടെ ഐക്യത്തോടെ എല്ലാ പ്രതിപക്ഷ കക്ഷികളും എന്ന വലിയ നേട്ടത്തെ തകര്‍ക്കാന്‍ അദാനിക്കും അതു വഴി ബിജെപിക്കും ഭരണപക്ഷത്തെ ഉന്നതര്‍ക്കും സാധിച്ചിരിക്കുന്നു.

thepoliticaleditor


ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ദുരുദ്ദേശ്യപരമാണെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നുമാണ് അദാനി ഗ്രൂപ്പ് തങ്ങള്‍ക്കെതിരായ ആരോപണത്തെക്കുറിച്ച് പ്രതികരിച്ചത്. ഇത് അപ്പാടെ ശരിവെക്കുകയാണ് പവാര്‍ തന്റെ അഭിമുഖത്തില്‍ ചെയ്തത്. ഫലത്തില്‍ നരേന്ദ്രമോദിയും ഗൗതം അദാനിയും പറയുന്ന കാര്യങ്ങള്‍ ശരിവെക്കുക വഴി കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷത്തു നിന്നും കിട്ടുന്ന പിന്തുണയായി മാറുകയാണ് ശരദ്പവാറിന്റെത്. അദാനിയും മോദിയും തമ്മിലുള്ള ‘അവിശുദ്ധ ബന്ധ’ത്തെക്കുറിച്ച് വന്‍ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടി നല്‍കുന്നു.


അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന തന്റെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ കാഴ്ചപ്പാട് താൻ പങ്കുവെച്ചിട്ടില്ലെന്ന് ഒരു ടെലിവിഷൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ശരദ് പവാർ പറഞ്ഞു. അദാനിഗ്രൂപ്പിന്റെ പ്രശ്‌നത്തിന് അമിതമായ പ്രാധാന്യമാണ് നല്‍കിയതെന്ന് ശരദ്പവാര്‍ പറഞ്ഞു. ” ചില വിഷയങ്ങൾ ഉന്നയിച്ചതോടെ രാജ്യത്താകെ ഒച്ചപ്പാടുണ്ടായി. അതു നമ്മുടെ സമ്പദ് വ്യവസ്ഥയെയാണു ബാധിച്ചത്. ഇതൊന്നും കണ്ടില്ലെന്നു നടിക്കാനാവില്ല. പ്രത്യേക ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നാണു തോന്നുന്നത്. ഒരു വ്യവസായ ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടത്.”-ശരദ്പവാര്‍ പറഞ്ഞു. വൻകിട വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന “അദാനി-അംബാനി” വിമർശന ശൈലിയോട് താൻ യോജിക്കുന്നില്ലെന്നും പവാർ കൂട്ടിച്ചേർത്തു.

അദാനി വിഷയത്തിന് അമിതമായ പ്രാധാന്യം നല്‍കിയെന്നും അദാനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് ആരാണെന്ന് ആര്‍ക്കാണ് അറിയുക എന്നും പവാര്‍ പറഞ്ഞു. അജ്ഞാത ശക്തികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ലക്ഷ്യമിടുന്നു എന്ന കേന്ദ്ര ഭരണകക്ഷിയുടെ ആരോപണത്തിന് പിന്തുണ നല്‍കുന്ന വാക്കുകളാണ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍.സി.പി.യുടെ പരമോന്നത നേതാവ് പറഞ്ഞത് എന്നത് പ്രതിപക്ഷത്തിനുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല.

Spread the love
English Summary: ndtv interview of ncp leader sharat pawar a setback to opposition unity

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick