Categories
latest news

അനില്‍ ആന്റണി ബി.ജെ.പി.യില്‍ ചേര്‍ന്നു

എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പി.ആസ്ഥാനത്ത് എത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. പാര്‍ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാവും രാജ്യസഭാകക്ഷി നേതാവുമായ പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി.

കോണ്‍ഗ്രസിന്റെ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവായ എ.കെ.ആന്റണിയെ രാഷ്ട്രീയമായി നാണം കെടുത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് തണലില്‍ വ്യക്തിത്വം നേടിയ അനില്‍ ആന്റണി ആദ്യം നിഷ്പക്ഷ മുഖം മൂടിയണിഞ്ഞ പ്രസ്താവനകളിലൂടെ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ഇപ്പോള്‍ പരസ്യമായി രാഷട്രീയ എതിരാളികള്‍ക്കൊപ്പം ചേരുകയും ചെയ്തിരിക്കുന്നത് എന്നത് സമീപ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ കൗതുകമായി.

thepoliticaleditor

ബി.ജെ.പിയുടെ ജന്മദിനത്തിലാണ് അനില്‍ ആന്റണിക്ക് പാര്‍ടി അംഗത്വം നല്‍കി കോണ്‍ഗ്രസിന് രാഷ്ട്രീയമായ പ്രഹരം നല്‍കാന്‍ ശ്രമിക്കുന്നത്. അനിലിനെ അത്യധികം പുകഴ്ത്തി സംസാരിച്ച പിയൂഷ് ഗോയല്‍ അദ്ദേഹം അപൂര്‍വ്വ പ്രതിഭയാണ് അനില്‍ ആന്റണിയെന്ന് വിശേഷിപ്പിച്ചു. കേരളത്തിലും ദേശീയ തലത്തിലും അനില്‍ ആന്റണിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. ചടങ്ങില്‍ മറുപടി പറഞ്ഞ അനില്‍ ആന്റണി തനിക്ക് ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് മോദി, അമിത്ഷാ, ജെ.പി. നദ്ദ എന്നിവര്‍ക്ക് നന്ദി പറഞ്ഞു.

നേരത്തെ അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയില്‍ നിന്നും കെ.പി.സി.സിയുടെ സമൂഹമാധ്യമ ചുമതലയില്‍ നിന്നും ഒഴിയുകയും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ചു രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോൾ കോൺഗ്രസ് അംഗത്വവും രാജി വെച്ച് ബിജെപിയിലേക്ക് പോകുകയാണ്.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചുള്ള കത്ത് ഇന്ന് അദ്ദേഹം രാവിലെ ദേശീയ അധ്യക്ഷന് കൈമാറിയിരുന്നു എന്നാണ് അറിയുന്നത്. “എനിക്ക് എന്റേതായ അതുല്യമായ ശക്തിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അത് പല തരത്തിൽ പാർട്ടിക്ക് വളരെ ഫലപ്രദമായി സംഭാവന ചെയ്യാൻ എന്നെ പ്രാപ്തനാക്കാമായിരുന്നു.”–ഇതാണ് അനിൽ ആന്റണി തന്റെ രാജിക്കത്തിൽ സ്വയം വിലയിരുത്തുന്നത് എന്നതാണ് കൗതുകകരം.

ഈ വര്‍ഷം ജനുവരിയില്‍ അനില്‍ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് പരസ്യമായി രംഗത്തെത്തി. മോദിയെക്കുറിച്ചുള്ള ബിബിസി ഡോകുമെന്ററി രാജ്യത്തിന്റെ ദേശീയ താല്‍പര്യത്തിന് എതിരാണെന്ന് ട്വീറ്റ് ചെയ്തു കൊണ്ടാണ് കോണ്‍ഗ്രസിനോട് അനില്‍ ആദ്യമായി പരസ്യമായ വിയോജിപ്പ് രേഖപ്പെടുത്തിയത്.

“ബിജെപിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇന്ത്യൻ മുൻവിധികളുടെ നീണ്ട ചരിത്രമുള്ള യുഎസ് സ്റ്റേറ്റ് സ്പോൺസർഡ് ചാനലായ ബിബിസിയുടെയും ഇറാഖ് യുദ്ധത്തിന് പിന്നിലെ തലച്ചോറായ ജാക്ക് സ്ട്രോയുടെയും വീക്ഷണങ്ങൾ ഇന്ത്യയിൽ ഉള്ളവർ തന്നെ സ്ഥാപിക്കുന്നത് അപകടകരമായ മുൻ‌ഗണനയാണെന്ന് ഞാൻ കരുതുന്നു. ഇത് നമ്മുടെ പരമാധികാരത്തെ തുരങ്കം വെക്കും” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത് . രാജ്യത്തിനകത്ത് ആഭ്യന്തര ഭിന്നതകളുണ്ടാകാമെന്നും എന്നാൽ ഈ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാൻ ബാഹ്യ ഏജൻസികളെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ട്വീറ്റ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ദേശീയനേതാക്കളും കേരള നേതാക്കളും നിര്‍ബന്ധിച്ചെങ്കിലും അനില്‍ അതിന് തയ്യാറായില്ല.
ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ച ട്വീറ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ കോൺഗ്രസ് വിട്ടതെന്ന് അനിൽ പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ തന്നെ തന്റെ ട്വീറ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടത് അസഹിഷ്ണുത ആയത് കൊണ്ടാണ് താൻ ഈ തീരുമാനമെടുത്തതെന്നും അനിൽ പറഞ്ഞു.

എ.കെ. ആന്റണിയുടെ രാഷ്ട്രീയ പാരമ്പര്യത്തില്‍ നിന്നും എല്ലാ സ്ഥാനങ്ങളിലേക്കും കയറിപ്പറ്റിയ അനില്‍ ആന്റണി കോണ്‍ഗ്രസിന് എന്ത് സംഭാവനയാണ് നല്‍കിയത് എന്നും അനിലിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്ത് പങ്കാണ് എന്നതും അനില്‍ കോണ്‍ഗ്രസ് വിട്ടുപോയാല്‍ എന്ത് കാര്യമാണ് പാര്‍ടിക്ക് നഷ്ടപ്പെടുകയെന്നതും രാഷ്ട്രീയ ലോകം വീണ്ടും ചര്‍ച്ച ചെയ്യാന്‍ തുടങ്ങുകയാണ്.

അടുത്ത കാലത്ത് അനില്‍ പരസ്യമായി ബിജെപി നേതാക്കളെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കയായിരുന്നു. രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് ഒരു വ്യക്തിയുടെ വിഢിത്തത്തിന് അനുസരിച്ച് കോണ്‍ഗ്രസ് പോയാല്‍ പാര്‍ടി ബാക്കിയുണ്ടാവില്ല എന്നതടക്കം വിവാദമായ ധാരാളം ട്വീറ്റുകള്‍ അനില്‍ ആന്റണി അടുത്തിടെ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയല്ല കോണ്‍ഗ്രസിന്റെ നേതാവ് ആകേണ്ടത് എന്നും
അനില്‍ അഭിപ്രായപ്പെട്ടിരുന്നു. സ്മൃതി ഇറാനിയെയും മോദിയെയും പ്രശംസിച്ചു കൊണ്ടുള്ള അനിലിന്റെ അഭിപ്രായപ്രകടനങ്ങളോടെ അനില്‍ ബിജെപിയിലേക്ക് തന്നെയാണ് പോകുന്നതെന്ന് പൊതുവെ അഭ്യൂഹം ഉണ്ടായിരുന്നു. അതിനാല്‍ ഇന്നത്തെ അംഗത്വസ്വീകരണം വലിയൊരു അത്ഭുതമൊന്നും രാഷ്ട്രീയ വൃത്തങ്ങളില്‍ ഉണ്ടാക്കുന്നില്ല.

Spread the love
English Summary: anil antony joines bjp

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick