ബിജെപി എംപിയും നടിയുമായ ഹേമമാലിനി വീണ്ടും മത്സരിക്കുന്ന മഥുരയിൽ നിന്ന് കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ച പ്രശസ്ത ബോക്സർ വിജേന്ദർ സിംഗ് കോൺഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. 2019-ൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സൗത്ത് ഡെല്‍ഹിയില്‍ മല്‍സരിച്ചിരുന്നെങ്കിലും ദയനീയ പരാജയമായിരുന്നു ഫലം. 13.56 ശതമാനം വോട്ട് മാത്രമാണിദ്ദേഹത്തിന് കിട്ടിയത്. ഗുസ്തി താരങ്ങളുടെ സമരത്തിനും ഭാരത് ജോഡോ യാത്രയ്ക്കുമൊക്കെ പിന്‍തുണയും മുന്‍തുണയുമായി നിലക്കൊണ്ടിരുന്ന വിജേന്ദറിനെ കോണ്‍ഗ്രസ് ഇത്തവണ മഥുരയില്‍ പരിഗണിക്കുന്നതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു ദിവസം കഴിയുമ്പോഴേക്കും താരം ബിജെപിയിലെത്തി, പാര്‍ടിയെ സ്തുതിച്ചുകൊണ്ട് അംഗത്വം സ്വീകരിക്കുകയും ചെയ്തു.
![](https://thepoliticaleditor.com/wp-content/uploads/2024/04/vijendar-bjp-e1712143922496.png)
കോൺഗ്രസിൽ ചേർന്നപ്പോൾ സിംഗ് എഴുതിയത് ഇങ്ങനെ ആയിരുന്നു- “ബോക്‌സിംഗിലെ എൻ്റെ കരിയറിൽ 20 വർഷത്തിലേറെയായി. റിംഗിൽ ഞാൻ എപ്പോഴും എൻ്റെ രാജ്യത്തിന് അഭിമാനം നൽകിയിട്ടുണ്ട്. ഇപ്പോൾ എൻ്റെ നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനും അവരെ സേവിക്കാനും സമയമായി. ഈ അവസരം സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ ഉത്തരവാദിത്തത്തിന്കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നന്ദി പറയുന്നു.”
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)
കഴിഞ്ഞ വർഷം ജനുവരിയിൽ ഹരിയാനയിലെ കർണാലിൽ ആദ്യ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കൊപ്പം സിംഗ് മാർച്ച് നടത്തി വിജേന്ദർ തന്റെ രാഷ്ട്രീയം പ്രകടമാക്കിയിരുന്നു . ഹരിയാനയിലെ പ്രബല കര്‍ഷകസമുദായമായ ജാട്ട് സമുദായക്കാരനാണ് വിജേന്ദര്‍. ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഹരിയാനയിലെ ജാട്ടുകള്‍ വലിയ പിന്തുണയുമായി ഉണ്ടായിരുന്നു.
2008-ലെ ബീജിംഗ് ഒളിമ്പിക് ഗെയിംസിൽ വെങ്കലം നേടി ഒളിമ്പിക് മെഡൽ നേടുന്ന രാജ്യത്തെ ആദ്യത്തെ ബോക്‌സറായി മാറിയ സിംഗ് 2009-ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും നേടിയിരുന്നു . ഇന്ത്യൻ കായികരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2010-ൽ വിജേന്ദറിനെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.