Categories
latest news

എ.കെ.ബാലന്‍ ഭയപ്പെടേണ്ടതില്ല, സിപിഎമ്മിന്റെ കേരളേതര നയം നേട്ടമാകും

രാജ്യത്ത് ദേശീയ പാര്‍ടി പദവിയുള്ള സിപിഎം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 13 സംസ്ഥാനങ്ങളിലായി 44 സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. അതില്‍ 29 -ഉം കേരളമൊഴികെയുള്ള വിവിധ സംസ്ഥാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ്. ഇവരില്‍ 21 പേരും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യത്തിലെ സ്ഥാനാര്‍ഥികളാണ് എന്നും കാണേണ്ടതുണ്ട്. കേരളത്തിനു പുറത്ത് കോണ്‍ഗ്രസുമായുള്ള സഖ്യം ഇടതുപക്ഷത്തിന് ഇത്തവണ വോട്ടു വിഹിതം വര്‍ധിപ്പിക്കുന്നതില്‍ നേട്ടമാകുമെന്നും അതു വഴി ദേശീയ പാര്‍ടി പദവി നിലനിര്‍ത്താന്‍ സഹായിക്കുമെന്നുമാണ് പ്രവചിക്കാന്‍ സാധിക്കുക.

പാര്‍ടി കേന്ദ്രക്കമ്മിറ്റി അംഗം ഏ.കെ.ബാലന്റെ ആശങ്ക ഒരു പക്ഷേ പരിഹരിക്കപ്പെട്ടേക്കാം–നീര്‍ക്കോലിയും മരപ്പട്ടിയുമുള്‍പ്പെടെയുളള സ്വതന്ത്ര ചിഹ്നങ്ങളിലേക്ക് സംസ്ഥാനപാര്‍ടി പദവി മാത്രമായി സിപിഎം നീങ്ങേണ്ടി വരില്ലെന്നു കരുതാം- പക്ഷേ കേരളത്തിലെ നില കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഗണ്യമായി മുന്നോട്ടു കൊണ്ടുപോയാലേ രക്ഷയുള്ളൂ എന്ന കാര്യം പ്രസക്തവുമാണ്.

thepoliticaleditor

ബംഗാളിലും ത്രിപുരയിലും രാജസ്ഥാനിലും സിപിഎം നേരിട്ടു തന്നെ കോണ്‍ഗ്രസുമായി സഖ്യമായാണ് മല്‍സരിക്കുന്നത്. ബംഗാളില്‍ 17 സീറ്റിലാണ് പാര്‍ടി സ്ഥാനാര്‍ഥികളുള്ളത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ മല്‍സരം മൂര്‍ഷിദാബാദിലെതാണ്. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഇവിടെയാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള ഈ മണ്ഡലം സിപിഎമ്മിനായി സന്തോഷപൂര്‍വ്വമാണ് തങ്ങള്‍ വിട്ടു നല്‍കിയതെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. മുഹമ്മദ് സലിം ഇത്തവണ ജയിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിലവില്‍ ബംഗാളില്‍ നിന്നും ഒറ്റ ലോക്‌സഭാ-നിയമസഭാ സാമാജികന്‍ പോലും സിപിഎമ്മിന് ഇല്ല എന്നോര്‍ക്കുമ്പോഴാണ് ഈ വിജയം എത്ര പ്രധാനമാണെന്ന് മനസ്സിലാവുക.

അമ്രാറാം ചൗധരി

ഇതിനു സമാനമാണ് രാജസ്ഥാനിലെ സ്ഥിതി. രാജസ്ഥാനില്‍ പാര്‍ടിക്ക് ഏറ്റവും അടിത്തറയുള്ള മണ്ഡലമാണ് സിക്കര്‍. ഇവിടെ കര്‍ഷകസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് സിപിഎം വളര്‍ന്നത്. അവരുടെ നേതാവാകട്ടെ അമ്രാറാം ചൗധരി എന്ന ജാട്ട് സമുദായക്കാരനും. സിക്കറിലെ ശക്തി കൊണ്ടാണ് രാജസ്ഥാനില്‍ സിപിഎം വിലാസമുണ്ടാക്കി നില്‍ക്കുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.
സിക്കറില്‍ സിപിഎം സ്ഥാനാര്‍ഥിയായി അമ്രാറാം ചൗധരി കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമായാണ് മല്‍സരിക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ പ്രധാന കാര്യം കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിക്കറിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും ജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു എന്നതാണ്. അതായത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലോക്‌സഭയിലേക്ക് മല്‍സരിക്കേണ്ട സ്ഥലമാണ് സിക്കര്‍. എന്നിട്ടും അവര്‍ സിപിഎമ്മിനു വേണ്ടി കളം ഒഴിഞ്ഞു കൊടുത്തിരിക്കയാണ്. രാജസ്ഥാനില്‍ ഭരണം കൈവിട്ടു പോയെങ്കിലും ബിജെപിയുമായി കോണ്‍ഗ്രസിനുള്ള വോട്ടു വ്യത്യാസം വളരെ നേര്‍ത്തതാണ്-വെറും 2.14 ശതമാനം മാത്രം.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കൂടി പങ്കെടുത്ത സംയുക്ത പൊതുയോഗത്തിലാണ് അമ്രാറാമിന്റെ വിജയം കോണ്‍ഗ്രസ് ഉന്നത നേതൃത്വം ഉറപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. അമ്രാറാം ഡെല്‍ഹിക്കു പോകുകയും ചെങ്കൊടിയും ത്രിവര്‍ണ പതാകയും ഒരുമിച്ച് പാറിക്കുകയും ചെയ്യുമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്രാറാം മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. പക്ഷേ 20,000 വോട്ട് പിടിച്ചു. കോണ്‍ഗ്രസിന് സിക്കറില്‍ 35 ശതമാനം വോട്ട് ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ കോണ്‍ഗ്രസിന് ഇവിടെ വിജയിക്കാന്‍ സാധിച്ചത് 2009-ല്‍ മാത്രമാണ്. അന്ന് ബിജെപിയെ തോല്‍പിച്ചത് അമ്രാറാം ഒന്നര ലക്ഷത്തിലേറെ വോട്ട് പിടിച്ചതിനാലുമാണ്. എന്നാല്‍ ഇന്ന് സ്ഥിതി തുലോം വ്യത്യസ്തമാണ്. ബിജെപിക്ക് 58 ശതമാനത്തോളം വോട്ട് ഈ മണ്ഡലത്തിലുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ട് ലക്ഷത്തില്‍പരം വോട്ടിനാണ് ബിജെപി ഇവിടെ ജയിച്ചത് എന്നതും കാണണം. അതേ വ്യക്തി തന്നെയാണ് ഇത്തവണയും ബിജെപി സ്ഥാനാര്‍ഥി. എങ്കിലും അമ്രാറാം പിടിക്കുന്ന സിപിഎം-കോണ്‍ഗ്രസ് വോട്ട് സിപിഎമ്മിന്റെ വോട്ടു വിഹിതമായി എണ്ണപ്പെടുമെന്നതിനാല്‍ ദേശീയ തലത്തില്‍ പാര്‍ടിക്ക് അത് നേട്ടമാകുമെന്നുറപ്പാണ്.
തമിഴ്‌നാട്ടിലെ രണ്ട് സീറ്റിലും ബിഹാറില്‍ ഒരു സീറ്റിലും പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമായാണ് സിപിഎം മല്‍സരിക്കുന്നത്. രണ്ടിടത്തും പ്രമുഖ സഖ്യകക്ഷിയല്ലെങ്കിലും കോണ്‍ഗ്രസ് ഒപ്പമുണ്ട്.

ഇതിനു പുറമേ അസം, ജാര്‍ഖണ്ഡ്, കര്‍ണാടക, ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍, പഞ്ചാബ്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളില്‍ ഓരോ സീറ്റിലാണ് സിപിഎം മല്‍സരിക്കുന്നത്.

ഇതില്‍ ത്രിപുരയില്‍ കോണ്‍ഗ്രസുമായി നേരിട്ട് സഖ്യത്തിലാണ് സിപിഎം. കര്‍ണാടകത്തില്‍ ചിക്കബെല്ലാപുരിയില്‍ സിപിഎം മല്‍സരിക്കുമ്പോള്‍ ബാക്കി എല്ലാ സീറ്റിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി യു.ബസവരാജ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സഖ്യത്തിനു കിട്ടുന്ന് വോട്ടുകളെല്ലാം വിലപ്പെട്ടതാണെന്നും ഓരോ കക്ഷിക്കും കിട്ടിയ വോട്ടിന്‍മേല്‍ തര്‍ക്കിക്കുന്നതില്‍ കാര്യമില്ലെന്നും പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പ്രസ്താവിക്കുകയും ചെയ്തതോടെ ചിത്രം വ്യക്തമായി.

ഇതിനു പുറമേ കേരളത്തിലെ 15 മണ്ഡലങ്ങളിലെ മല്‍സരം കൂടി ഗുണകരമായാല്‍ സിപിഎം വോട്ട് വിഹിതം അഖിലേന്ത്യാ തലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചമാകാനാണ് സാധ്യത.

കേരളത്തില്‍ കഴിഞ്ഞ തവണ ഒററ സീറ്റിലാണ് വിജയം ഉണ്ടായത്. അത് വലിയ തിരിച്ചടിയായിരുന്നു. അതോടെ പാര്‍ലമെന്റിലെ പ്രാതിനിധ്യത്തില്‍ മാത്രമല്ല, വോട്ട് വിഹിതത്തിലും ദേശീയ തലത്തില്‍ സിപിഎം ഏറെ പിറകിലേക്കു പോയി. ഇത്തവണ പത്ത് മണ്ഡലങ്ങളിലെങ്കിലും ജയിക്കാന്‍ സാധിക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിന്. അതിനുള്ള കരുക്കളാണ് പാര്‍ടി ഇപ്പോള്‍ നീക്കുന്നത്. 44 സീറ്റില്‍ എത്ര സീററ് ഇത്തവണ ജയിക്കും എന്നത് പാര്‍ടിയെ സംബന്ധിച്ച് നിര്‍ണായകവുമാണ്.

ജയം ഉണ്ടായില്ലെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് കിട്ടുന്ന വോട്ടുകള്‍ പാര്‍ടിയുടെ ദേശീയതല വോട്ടുവിഹിതത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാക്കാമെന്നത് തീര്‍ച്ചയായും സിപിഎമ്മിന് തിരഞ്ഞെടുപ്പുകമ്മീഷന്റെ പരിഗണനയില്‍ കണക്കുകള്‍ നിരത്താന്‍ സഹായകമാകും എന്നതാണ് കാര്യം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick