അരുണാചൽ പ്രദേശിൽ മലയാളി ദമ്പതികളുടെയും സുഹൃത്തായ അധ്യാപികയുടെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിവായി. ‘സന്തോഷത്തോടെ ജീവിച്ചു, ഇപ്പോൾ പോകുന്നു’ എന്ന കുറിപ്പും മരണശേഷം വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും മുറിയിലെ മേശയുടെ മുകളിൽ വച്ചിരുന്നു. എങ്ങനെ മരിക്കാം എന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകൾ ഇവർ പരിശോധിച്ചിരുന്നതായും കണ്ടെത്തി.
മരണാനന്തര ജീവിതത്തെപ്പറ്റിയാണ് മൂന്ന് പേരും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത്. മരണാനന്തരം എന്ത് സംഭവിക്കും, മരിച്ച ശേഷം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗൂഗിളിൽ തപ്പിയത്. ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി യൂട്യൂബ് വീഡിയോകളും കണ്ടു. ദേഹമാസകലം പലതരത്തിലുള്ള മുറിവുകളിൽ നിന്ന് അമിത രക്തസ്രാവത്തെ തുടർന്നാണ് മൂവരും മരിച്ചത്.
ആയുർവേദ ഡോക്ടർമാരായ വട്ടയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിലെ ആര്യ ബി നായർ (29), കോട്ടയം സ്വദേശി നവീൻ തോമസ് (39), ഭാര്യ ദേവി (39) എന്നിവരെയാണ് ഇന്നലെ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കടുത്ത അന്ധവിശ്വാസികളായിരുന്നു നവീനും ദേവിയും എന്നാണ് പുറത്തുവരുന്ന വിവരം. പുനര്‍ജന്‍മത്തിലും വിശ്വസിച്ചിരുന്നു. മരണത്തിനു ശേഷവും ജീവിതവും ഒരിടവും ഉണ്ടെന്ന് നവീന്‍ ദേവിയെയും സുഹൃത്തായ ആര്യയെയും വിശ്വസിപ്പിച്ചിരുന്നു എന്നും ഫോണ്‍ സന്ദേശത്തിലെ സൂചനകള്‍ വ്യക്തമാക്കുന്നു. മരണത്തിനു ശേഷം ആ ഇടത്തേക്ക് പോകാമെന്ന് നവീന്‍ ഇവരെ പ്രലോഭിപ്പിച്ചിരുന്നുവത്രേ. മൃതദേഹങ്ങളുടെ ഫോട്ടോകളും രക്തത്തുള്ളികളുടെ ചിത്രവുമൊക്കെ നവീന്‍ ആര്യയ്ക്ക് അയച്ചുകൊടുത്തിരുന്നുവത്രേ. ഭാര്യയെയും സുഹൃത്തായ ആര്യയെയും വിചിത്രമായ വഴിയിലേക്ക് നയിച്ചത് നവീനാണെന്നാണ് ഇതുവരെയുള്ള സൂചന. ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മരിക്കാനുള്ള തീരുമാനം ഉണ്ടായതെന്നും സംശയമുണ്ട്. മെയ് 7-നായിരുന്നു ആര്യയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ദേവിയെയും ഭർത്താവിനെയും കാണാതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അതിനാൽ ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നില്ല. ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ പോയതെന്ന് കണ്ടെത്തിയത്.
മൂന്ന് പേരുടെയും പോസ്റ്റ്‌മോർട്ടം ഇന്ന് അരുണാചലിലെ ഇറ്റാനഗറിൽ നടക്കും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കും.