ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിംഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. “നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ” ആണ് രാജിയെന്ന് സിംഗ് പറഞ്ഞു.
സിങ്ങിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യാൻ മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ദീപക് ബാബരിയ എന്നിവരും ഖാർഗെയുടെ വസതിയിൽ എത്തിയിരുന്നു. ഐഎഎസ് ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ് സിങ്. മുൻ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനാണ് സിംഗ്. 21 വർഷത്തോളം രാജ്യത്തെ സേവിച്ച ശേഷം സ്വമേധയാ വിരമിച്ച അദ്ദേഹം 2019-ൽ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ജനനായക് ജനതാ പാർട്ടിയുടെ ദുഷ്യന്ത് ചൗട്ടാലയെയും കോൺഗ്രസുമായി ചേർന്ന് നിന്ന ഭവ്യ ബിഷ്‌ണോയിയെയും പരാജയപ്പെടുത്തി ഹിസാർ മണ്ഡലത്തിൽ സിംഗ് വിജയിച്ചു. കഴിഞ്ഞ വർഷം, ലൈംഗികാരോപണങ്ങളുടെ പേരിൽ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധിച്ച ഗുസ്തിക്കാരെ അദ്ദേഹം പരസ്യമായി പിന്തുണച്ചിരുന്നു.
“നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. പാർട്ടിക്ക് നന്ദി അറിയിക്കുന്നു. ഹിസാറിലെ പാർലമെൻ്റ് അംഗമായി പ്രവർത്തിക്കാൻ എനിക്ക് അവസരം നൽകിയതിന് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവർക്കും നന്ദി.” സിംഗ് എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.