Categories
latest news

ത്രിപുരയുടെ വിധിയെഴുത്ത് നാളെ…കാറ്റ് ബി.ജെ.പിക്കെതിര്

ത്രിപുരയില്‍ ജനം എന്തു വിധിയെഴുതും…അവസാന നിമിഷം ആ സംസ്ഥാനത്തെ രാഷ്ട്രീയകാലാവസ്ഥയെക്കുറിച്ചുള്ള അവലോകനം

Spread the love

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍്ക്കുമ്പോള്‍ ത്രിപുരയില്‍ ബി.ജെ.പി. കനത്ത സമ്മര്‍ദ്ദത്തിലാണ്. മാറ്റത്തിന്റെ കാറ്റ് അവര്‍ക്കെതിരായി വീശുന്നു എന്ന തോന്നല്‍ അഗര്‍ത്തലയില്‍ ശക്തമാണെന്ന് അവിടെ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ത്രിപുര ഇത്തവണ സി.പി.എമ്മിന്റെ പ്രാണവായു പോലെയായി മാറുന്ന സാഹചര്യമാണ്. അതിനപ്പുറം കോണ്‍ഗ്രസ് വിരോധത്തിലൂന്നിയ സി.പി.എം.രാഷ്ട്രീയ തത്വശാസ്ത്രവും പരിപാടിയും കേരളത്തിനു പുറത്ത് എങ്കിലും മാറ്റിച്ചിന്തിച്ചേ മതിയാകൂ എന്ന സന്ദേശം നല്‍കും ഇടതു-കോണ്‍ഗ്രസ് സഖ്യം ജയിച്ചാല്‍.

60 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണ 36 സീറ്റ് നേടിയ ബി.ജെ.പി. 8 സീറ്റ് നേടിയ തദ്ദേശീയ രാഷ്ട്രീയ പാര്‍ടിയായ ഐ.പി.എഫ്.ടി.യെ കൂട്ടുപിടിച്ചായിരുന്നു ത്രിപുരയിലെ ഭരണം കയ്യടക്കിയത്. അന്ന് ഭരണകക്ഷിയായിരുന്ന സി.പി.എമ്മിന് ലഭിച്ചതാവട്ടെ 16 സീറ്റ് മാത്രവും.

thepoliticaleditor

തുടര്‍ച്ചയായ ഇടതുഭരണത്തിലെ വിരസതയ്‌ക്കൊപ്പം തദ്ദേശീയ ഗോത്രവര്‍ഗജനതയുടെ വികാരങ്ങള്‍ ഉപയോഗപ്പെടുത്തിയതായിരുന്നു ബി.ജെ.പി.യുടെ നേട്ടമായി മാറിയത്. എന്നാല്‍ ഇത്തവണ അന്തരീക്ഷം വ്യത്യസ്തമാണ്. തദ്ദേശീയ വികാരങ്ങള്‍ പഴയതു പോലെ ഏകപക്ഷീയമായി ചൂഷണം ചെയ്യാന്‍ ബിജെപിക്ക് സാധിക്കില്ല. ഐ.പി.എഫ്.ടിയെ അപ്രസക്തമാക്കി തിപ്ര മോത എന്ന തദ്ദേശീയ രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ കരുത്തറിയിച്ച് രംഗത്തുണ്ട്. ഇവരെ സ്വാധീനിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല, അവരെ അല്‍പമെങ്കിലും സ്വാധീനിക്കാന്‍ സാധിച്ചിരിക്കുന്നത് സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിനാണു താനും.

തിപ്ര മോതയുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാന്‍ സി.പി.എം. ശ്രമിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് ആദ്യം വലിയ താല്‍പര്യം കാണിച്ചില്ല. തിപ്ര മോത എന്നാല്‍ വളരെയധികം പ്രാദേശിക സാംസ്‌കാരികതയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. അവരുടെ സംസ്‌കാരം നശിച്ചുകൊണ്ടിരിക്കയാണെന്ന വികാരമാണ് മോത മുന്നോട്ടു വെക്കുന്നത്. ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നതാണ് മോതയുടെ രാഷ്ട്രീയ ആവശ്യം. ഈ ആവശ്യത്തിന് രേഖാമൂലം അനുമതി നല്‍കിയാല്‍ സഖ്യമാകാമെന്നായിരുന്നു മോതയുടെ പരമോന്നത മേധാവി പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ പറഞ്ഞത്. ഇത് പക്ഷേ ഇടതുപക്ഷസഖ്യത്തിന് സ്വീകാര്യമാകുമായിരുന്നില്ല.

പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍

അതിനാല്‍ സഖ്യനീക്കം വിജയിച്ചില്ല. എന്നാല്‍ പല മണ്ഡലങ്ങളിലും മോതയുമായി നീക്കു പോക്കുകളും സ്വതന്ത്രസ്ഥാനാര്‍ഥികള്‍ക്ക് മോതയുടെ പിന്തുണയും ലഭിക്കുന്ന അവസ്ഥ ഇടതു സഖ്യത്തിനുണ്ട്.
60 അംഗ ത്രിപുര നിയമസഭയില്‍ 20 സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തതാണ്. തിപ്രമോത 42 സീറ്റിലേക്ക് മല്‍സരിക്കുന്നുണ്ട്. ബി.ജെ.പി. മുന്നണിയിലുള്ള ഐ.പി.ടിഎഫിന്റെ എട്ട് സീറ്റുകളില്‍ ഭൂരിപക്ഷവും പിടിച്ചെടുക്കാന്‍ തിപ്ര മോതയ്ക്ക് കഴിഞ്ഞാല്‍ ബി.ജെ.പി.ക്ക് പിന്നെ രക്ഷയില്ല.

ഭൂമിശാസ്ത്രപരമായി ത്രിപുരയുടെ 70 ശതമാനം പ്രദേശവും ഉള്‍ക്കൊള്ളുന്ന ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക് കൗണ്‍സില്‍ ഭരിക്കുന്നത് തിപ്ര മോതയാണ് എന്ന കാര്യം ശ്രദ്ധേയമാണ്. 2021-ലാണ് അവര്‍ കൗണ്‍സില്‍ പിടിച്ചടക്കിയത്. ഈ സ്വാധീനം നിലനിര്‍ത്താനായാല്‍ നിയമസഭയില്‍ തിപ്ര മോത പിന്‍താങ്ങുന്ന കക്ഷി ഭരണത്തില്‍ വരുമെന്നുറപ്പാണ്. ഇത് മുന്നില്‍ കണ്ടാണ് കഴിഞ്ഞ ദിവസം അഗര്‍ത്തലയില്‍ പ്രചാരണത്തിനിടയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തിപ്ര മോത കമ്മ്യൂണിസ്റ്റുകാരുമായി സഖ്യമുണ്ടാക്കിയിരിക്കയാണെന്ന് ആരോപിച്ചത്.

ബി.ജെ.പി.ക്ക് തിപ്രമോതയുടെ സ്വാധീനം സംബന്ധിച്ചുള്ള വെപ്രാളം പ്രകടമാണ്. മോത-യുടെ സ്വാധീനം അവര്‍ പരസ്യമായി തള്ളിക്കളയുന്നു. “ത്രിപുരയിൽ 19 വംശീയ സമുദായങ്ങളുണ്ട്. ദെബ്ബർമൻ സമുദായം തിപ്ര മോതയ്ക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നു എന്നത് സത്യമാണ്. എന്നാൽ ത്രിപുരികൾ, ജമാത്തിയകൾ കൂടാതെ അത്ര ആവേശം കാണിക്കാത്ത നിരവധി പേരുണ്ട്. ഞങ്ങളുടെ എംപിയായ രേബതി ത്രിപുരയെപ്പോലെ ശക്തരായ നേതാക്കളുണ്ട്. അവർക്ക് പിന്നിൽ ത്രിപുരികൾ അണിനിരന്നിരിക്കുന്നു”.–ഒരു ബിജെപി നേതാവ് പറയുന്നത് ഇങ്ങനെ. ഇതിൽ നിന്നും അവരുടെ വേവലാതി മനസ്സിലാക്കാം. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റായ കണക്കുകൂട്ടൽ മൂലമാണ് മോതയ്ക്ക് ടിടിഎഎഡിസി പിടിച്ചെടുക്കാനായതെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

തിപ്ര മോത തിരഞ്ഞെടുപ്പിനു ശേഷം ഇടതു പക്ഷവുമായി സഖ്യമുണ്ടാക്കാനിടയുണ്ട്. ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു സംഭവ വികാസം ഉണ്ടായിട്ടുണ്ട്. ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന തങ്ങളുടെ ആശയം ത്രിപുരയില്‍ നിന്നും വേര്‍പെട്ടുകൊണ്ടുള്ളതല്ല എന്ന പ്രദ്യോത് ദേബര്‍മ പ്രഖ്യാപിച്ചതാണ് അത്. ഇതോടെ തങ്ങള്‍ ബംഗാളികള്‍ക്ക് എതിരല്ലെന്നും തങ്ങളുടെ വംശത്തോട് കാണിക്കുന് വിവേചനം അവസാനിപ്പിക്കാനുള്ള അധികാര സംവിധാനം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും മോതയുടെ നേതൃത്വം ആവശ്യത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നു.

ട്രൈബല്‍ കൗണ്‍സിലിന് ഇപ്പോള്‍ കുറഞ്ഞ അധികാരങ്ങളേ ഉള്ളൂ എന്നും കൂടുതല്‍ അധികാരങ്ങള്‍ ആവശ്യമെന്നും ദേബര്‍മ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു. ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക് കൗണ്‍സിലിന് കൂടുതല്‍ സ്വയംഭരണാധികാരം ലഭ്യമാക്കിയാല്‍ തിപ്രമോതയെ തൃപ്തരാക്കാന്‍ സാധിക്കും എന്ന സാഹചര്യം രൂപപ്പെടുന്നുണ്ട്. വിഘടനവാദം പോലുള്ള ആശയമല്ല പ്രത്യേക തിപ്ര ലാന്‍ഡ് എന്നു വരുന്നതോടെ ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന് മോതയുമായി ചേരാന്‍ പ്രയാസമുണ്ടാവില്ല.

സി.പി.എം-കോണ്‍ഗ്രസ് സഖ്യം ബി.ജെ.പി.ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടു പക്ഷമേയില്ല ത്രിപുരയില്‍. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ഇതായിരുന്നില്ല സാഹചര്യം. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലേക്കു പോയ ശക്തനായ നേതാവ് സുദീപ് റോയ് ബര്‍മന്‍ ഇപ്പോള്‍ ബി.ജെ.പി.യെ ഉപേക്ഷിച്ച് തിരിച്ചെത്തിയത് വലിയ പ്രതീക്ഷ ഇടതു-കോണ്‍ഗ്രസ് സഖ്യത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഏക എം.എല്‍.എ. കൂടിയാണ് സുദീപ് റോയ് ബര്‍മന്‍. ബി.ജെ.പി.യിലേക്ക് പോയ ഒട്ടേറെ കോണ്‍ഗ്രസുകാര്‍ തിരികെ എത്തിയതും ആ പാര്‍ടിക്ക് ആവേശവും ബിജെപിക്ക് നിരാശയും ഉണ്ടാക്കിയിട്ടുണ്ട്.

അതിനാല്‍ത്തന്നെയാണ് കൊച്ചു സംസ്ഥാനമായ ത്രിപുരയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആ നാട്ടിലെ നേതാക്കളെക്കാള്‍ അണിനിരന്നത് ദേശീയ നേതാക്കളായിരുന്നു-പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തൊട്ട് ബി.ജെ.പി ദേശീയാധ്യക്ഷന്‍ വരെ. എന്നാല്‍ ഇതൊന്നും അഭൂതപൂര്‍വ്വമായ ആവേശം ഉണര്‍ത്തിയിട്ടില്ല എന്നതാണ് ജനമനസ്സില്‍ മാറ്റത്തിന്റെ സൂചനയുണ്ടെന്ന വിലയിരുത്തലിന് അടിസ്ഥാനമായി അവസാന നിമിഷം ഊഹിക്കപ്പെടുന്നത്.

Spread the love
English Summary: tripura to polling booth tomorrow

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick