മദ്യ കുംഭകോണത്തിൽ നിന്നുള്ള പണം എവിടെയാണെന്ന് മാർച്ച് 28 ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിൻ്റെ ഭാര്യ സുനിത കെജ്‌രിവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കസ്റ്റഡിയിലാണ് കെജ്രിവാൾ. മാർച്ച് 21 ന് ഇഡി അറസ്റ്റ് ചെയ്ത ഇദ്ദേഹത്തിന്റെ റിമാൻഡ് മാർച്ച് 28 വരെയാണ്.
“അവർ( ബിജെപി) ഡൽഹിയെ നശിപ്പിക്കണോ? ജനങ്ങൾ ദുരിതമനുഭവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ? അരവിന്ദ് കെജ്‌രിവാളിനെ ഇത് വളരെ വേദനിപ്പിക്കുന്നു. മദ്യ കുംഭകോണം എന്ന് വിളിക്കപ്പെടുന്ന കേസിൽ ഇഡി 250 ലധികം റെയ്ഡുകൾ നടത്തി. അവർ ഈ കുംഭകോണത്തിൻ്റെ പണത്തിനായി തിരയുകയാണ് ”–വെർച്വൽ ആയി നടത്തിയ പത്രസമ്മേളനത്തിൽ സുനിത പറഞ്ഞു. “അവർ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. മാർച്ച് 28 ന് കോടതിയിൽ എല്ലാം വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിട്ടുണ്ട് . മദ്യ കുംഭകോണത്തിൻ്റെ പണം എവിടെയാണെന്ന് അദ്ദേഹം നാളെ വെളിപ്പെടുത്തും. തെളിവും അദ്ദേഹം നൽകും”– സുനിത പറഞ്ഞു.
