ബാൾട്ടിമോറിൽ കപ്പൽ പാലത്തിൽ ഇടിച്ച് പാലം പൂർണമായും തകർന്ന അപകടത്തിൽ കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും അഭിനന്ദിക്കുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കപ്പലിലെ വൈദ്യുതി നിലച്ചു നിയന്ത്രണം നഷ്ടപ്പെട്ടതായി തക്ക സമയത്ത് പ്രാദേശിക അധികാരികളെ അറിയിക്കാൻ ‘മെയ്‌ഡേ’ കോൾ അയച്ചതിനാൽ പാലത്തിലെ എല്ലാ ഗതാഗതവും കൃത്യസമയത്ത് നിർത്തി വെക്കാനും ഒട്ടേറെ ജീവ ഹാനി തടയാനും സാധിച്ചു എന്നാണ് യുഎസ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
കൂട്ടിയിടിക്കുന്നതിന് മുമ്പ് കണ്ടെയ്‌നർ കപ്പലിൻ്റെ “മെയ്‌ഡേ” കോൾ കിട്ടിയത് പാലത്തിലെ ആളുകളെയും
വാഹനങ്ങളെയും ഒഴിപ്പിക്കുന്നതിലേക്ക് നയിച്ചു. പെട്ടെന്നുള്ള ഈ പ്രവർത്തനം നിരവധി ജീവൻ രക്ഷിക്കാൻ ഇടയാക്കി. എന്നിരുന്നാലും, പാലത്തിൽ ജോലി ചെയ്യുന്ന രാത്രികാല നിർമ്മാണ ജോലിക്കാരിലെ ആറ് പേരെ കാണാതായിരുന്നു. ഇവർ മരിച്ചതായി അനുമാനിക്കുന്നു. ഇവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതിശൈത്യ ജലാശയത്തിൽ ആഴ്ന്നു പോയ ഇവർക്ക് രക്ഷപ്പെടാൻ സാധിക്കില്ല എന്നാണ് നിഗമനം.
“കപ്പലിലെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കപ്പലിൻ്റെ നിയന്ത്രണം നഷ്‌ടമായെന്ന് മേരിലാൻഡ് ഗതാഗത വകുപ്പിനെ അറിയിക്കാൻ കഴിഞ്ഞു. തൽഫലമായി പാലത്തിൽ ഇടിക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികൾക്ക് പാലം അടയ്ക്കാൻ കഴിഞ്ഞു, ഇത് നിസ്സംശയമായും ഒട്ടേറെ ജീവൻ രക്ഷിച്ചു”– ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
“ഈ ആളുകൾ ഹീറോകളാണ്. ഞങ്ങൾ നന്ദിയുള്ളവരാണ്. ഇന്നലെ രാത്രി അവർ ഒട്ടേറെ ജീവൻ രക്ഷിച്ചു” — മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.