Categories
kerala

അപൂർവ യാത്ര

രാഹുല്‍ ഗാന്ധിയുടെ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള യാത്രയും കാശ്മീരില്‍ അദ്ദേഹം ചെയ്ത വൈകാരിക തീവ്രതയുളള പ്രസംഗവും സൃഷ്ടിക്കുന്ന മാനങ്ങള്‍ അമൂല്യവും അര്‍ഥപൂര്‍ണവുമാകുന്നതെങ്ങിനെ- പ്രമുഖ കഥാകാരനും സാമൂഹിക വിമര്‍ശകനുമായ വി.എസ്.അനില്‍കുമാര്‍ എഴുതുന്നു

Spread the love

വല്ലാത്തൊരു സർഗ്ഗാത്മകത ഉണ്ടായിരുന്നു , രാഹുൽ ഗാന്ധിയുടെ ഐക്യയാത്രയ്ക്ക്. നാളെത്തന്നെ തിരിച്ചു കിട്ടാവുന്ന എന്തിനെങ്കിലും വേണ്ടിയായിരുന്നില്ല ആ യാത്ര . “എനിക്കോ കോൺഗ്രസ് പാർട്ടിക്കോ വേണ്ടിയല്ല, രാജ്യത്തിന്റെ സ്വതന്ത്രവും മതേതരവുമായ മൂല്യങ്ങൾ സംരക്ഷിക്കാനാണ് ജോഡോ യാത്ര ” എന്ന് രാഹുൽ പറഞ്ഞു. ഇന്ത്യയിലിന്ന് ഏറ്റവും പരുക്കേറ്റു കിടക്കുന്ന രണ്ട് സംഗതികളാണ് സ്വാതന്ത്ര്യവും മതേതരത്വവും. സംഘപരിവാറിനൊഴിച്ച് ബാക്കിയെല്ലാവർക്കും അത് മനസ്സിലാവും.

ഇന്ത്യ ഭരിക്കുന്നവരുടെ അപകടകരമായ നയങ്ങളേയും ചെയ്തികളേയും കഴിഞ്ഞ അഞ്ചെട്ട് കൊല്ലമായി നിരന്തരം തുറന്നു കാട്ടുകയും എതിർക്കുകയും ചെയ്ത , ഒരു പക്ഷെ ഒരേയൊരു , നേതാവ് രാഹുൽ ഗാന്ധിയാവും. സ്വന്തം കക്ഷിയിലെ കടൽക്കിഴവന്മാരിൽ നിന്നോ യുവസിംഹങ്ങളിൽ നിന്നോ പോലും രാഹുലിന് വ്യക്തമായ പിന്തുണ കിട്ടുകയുണ്ടായില്ല.

thepoliticaleditor
വി.എസ്.അനിൽകുമാർ

നല്ല അളവിൽ ബുദ്ധത്വം രാഹുൽ ഗാന്ധിയിൽ സന്നിവേശിച്ചിട്ടുണ്ട്. തീർച്ചയായും കിട്ടാവുന്ന സൗകര്യങ്ങളും സ്ഥാനമാനങ്ങളും വേണ്ടെന്നു വെക്കലാണ് ബുദ്ധത്വത്തിന്റെ പ്രഥമ പടി. വാരിക്കൂട്ടലല്ല, മറ്റുള്ളവർക്കായി ത്യജിക്കലാണ് അതിന്റെ പ്രത്യയശാസ്ത്രം.

മക്കൾക്കും അനന്തര തലമുറകൾക്കും വേണ്ടി വാരിക്കൂട്ടുന്നവർക്ക് ഈ യാത്രയോട് പുച്ഛം തോന്നിയിട്ടുണ്ട്. അതവർ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമുൽ ബേബി, പപ്പു പരാമർശ കാലം മുതൽക്കേ പരിഹാസങ്ങൾക്ക് രാഹുൽ അനിഷ്ടമോ വിദ്വേഷമോ കൈമാറിയിട്ടിയില്ല.” ചൌക്കിദാർ കള്ളനാണ് ” എന്ന പ്രയോഗത്തിനു പോലും രാഷ്ട്രീയ മൂല്യമാണുള്ളത് ഇന്ന് കൂടുതൽ പേർക്ക് അറിയാം.

ഈ യാത്രയിൽ രാഹുൽ ഗാന്ധിയിൽ ഉള്ളടങ്ങിയ മാനസിക ശക്തിയും രാഷ്ട്രീയ സ്‌ഥൈര്യവും ഗംഭീരമായിരുന്നു. അതോടൊപ്പമോ അതിനേക്കാളുമോ വലുതായിരുന്നു രാഹുലിന്റെ ശാരീരിക ക്ഷമത.ജീവിതശൈലീരോഗങ്ങളുടെ തലസ്ഥാനങ്ങൾക്ക് ഈ യാത്രയിൽ നിന്ന് ചിലതു പഠിക്കാനുണ്ട്.

കേരളത്തിൽ നിന്ന് കുറേയധികം നേതാക്കൾ കശ്മീരിലെത്തി കൊടും തണുപ്പ് കൊണ്ടിട്ടുണ്ട്. നല്ലതു തന്നെ വി.ഡി. സതീശൻ മുതൽ വി.ടി ബലറാം വരെയുണ്ട്. നല്ലത്. അവനവന്റെ ക്ഷുദ്ര താല്പര്യങ്ങൾ പരിപാലിച്ചു കിട്ടാൻ വേണ്ടി സംഘങ്ങളുണ്ടാക്കുകയും ഏതു തരം നീച പ്രവർത്തികളിലേക്കും വ്യാപിക്കുകയും ചെയ്യുന്നവർക്ക് രാഹുലിന്റെ പ്രവൃത്തികൾ ബുദ്ധി തുറപ്പിക്കുന്നതായിരിക്കും.

കശ്മീരിലെ പ്രസംഗത്തിൽ രാഹുൽ പറഞ്ഞത് പ്രധാനപ്പെട്ട ചില കാര്യങ്ങളാണ്. ഈ നാടിനെ മാത്രമല്ല മനുഷ്യരുള്ള എല്ലാ ഇടങ്ങളിലും പ്രസക്തമായത്. “മോദിയോടും അമിത് ഷായോടും അജിത് ഡോവലിനോടും എനിക്ക് പറയാനുള്ളത് അക്രമം നടത്തുന്ന ആർ.എസ്.എസുകാർക്കും അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്കും അതു (അക്രമത്തിന്റെ വേദന) മനസ്സിലാവില്ല എന്നാണ് “

മഹാത്മാ ഗാന്ധിയുടെ ഒരംശം ഇതിൽ സ്വാംശീകരിച്ചു കിടപ്പുണ്ട് എന്ന് തീർച്ചയാണ്. കാരണം അഹിംസയെക്കുറിച്ചുള്ള ഇത്തരം നിർബ്ബന്ധങ്ങൾ ബുദ്ധനിലൂടെയും ഗാന്ധിജിയിലൂടെയും നമ്മൾ ഇന്ത്യക്കാരും ലോകരും ഇതിനു മുമ്പ് കേട്ടിട്ടുണ്ട്.

“കശ്മീരിയായാലും വൈഷ്ണവനായാലും ശങ്കർ ദേവ്ജിയോ ബസവജിയോ നാരായണ ഗുരുവോ തിരുവള്ളുവരോ തമിഴ് നാടോ കശ്മീരോ ആയാലും ഈ വിവിധ പ്രത്യയ ശാസ്ത്രങ്ങളെയാണ് അവർ ആക്രമിക്കുന്നത്. ഈ ആശയങ്ങളെ സംരക്ഷിക്കലാണ് എന്റെ യാത്രയുടെ ലക്ഷ്യം.” എന്നു പറഞ്ഞപ്പോൾ പലതു ചേർന്ന ഒന്നാണ് ഇന്ത്യയെന്ന യാഥാർത്ഥ്യത്തെ ഉറപ്പിക്കുന്നുണ്ട് , ഇവിടെ രാഹുൽ. അതാണ് വാസ്തവത്തിലുള്ള ജനാധിപത്യം. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ എന്ന രാജശാസനകൾക്ക് എതിരാണിത്.

തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള തന്ത്രങ്ങൾ ഉല്പാദിപ്പിക്കുന്നതു മാത്രമായിത്തീർന്ന നമ്മുടെ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഒരു ബദൽ രാഷ്ട്രീയം മുന്നോട്ടു വെക്കുകയും ചെയ്തു, രാഹുൽ ഗാന്ധി.

Spread the love
English Summary: V S ANILKUMAR WRITES ABOUT RAHUL GANDHI YATHRA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick