Categories
latest news

ജോഡോ യാത്രയ്ക്ക് സുരക്ഷ പിന്‍വലിച്ചതിലെ സന്ദേശം എന്താണ്…രാഹുലിനെ പേടിയുണ്ടെന്നോ ?

കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ആക്രോശിക്കുന്നതു പോലെ, രാഹുലിന്റെ ജീവന്‍ വെച്ച് കേന്ദ്രസര്‍ക്കാര്‍ കളിക്കുന്നതല്ല ഇപ്പോള്‍ കാശ്മീരില്‍ ഉണ്ടായിട്ടുളള സുരക്ഷ പിന്‍വലിക്കല്‍ സംഗതി എന്നത് വ്യക്തമാണ്

Spread the love

ജനുവരി 30-ന് ഭാരത് ജോഡോ യാത്ര കാശ്മീരില്‍ സമാപിക്കാനിരിക്കെ ഇപ്പോള്‍ കാശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന യാത്രയ്ക്ക് സുരക്ഷാ സംവിധാനം വെള്ളിയാഴ്ച പൊടുന്നനെ ഒഴിവാക്കിയതിന് കാരണമെന്തെന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ യാത്രയെ ഭയപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ സുരക്ഷാസംവിധാനം പിന്‍വലിച്ച് യാത്രയെ തടയുകയാണ് എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. യാത്ര വെള്ളിയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. ശനിയാഴ്ച വീണ്ടും യാത്ര ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയും കഴിഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് ശനിയാഴ്ച ഉപവാസ സമരവും ഇരിക്കയാണ്. അതേസമയം രാഹുല്‍ഗാന്ധിയെ വെച്ച് ഇരവാദം ഉന്നയിക്കുകയാണെന്ന് പരിഹസിക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധിയുടെ യാത്ര സുരക്ഷിതമായി സമാപിച്ച് അദ്ദേഹം ഡെല്‍ഹിയിലേക്ക് തിരിച്ചെത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമാണ് എന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യാത്രയെ ബി.ജെ.പി. എന്തിന് പേടിക്കണം എന്നും രാഹുല്‍ ഇപ്പോള്‍ നിലവില്‍ ബി.ജെ.പി.ക്ക് ഒരു തെല്ലും ഭീഷണിയല്ലെന്നും ബി.ജെ.പി. നേതൃത്വം വ്യക്തമാക്കുന്നു.
ബി.ജെ.പി.യുടെ ഈ വ്യക്തമാക്കലിലാണ് ജോഡോ യാത്രയുടെ സുരക്ഷാസംവിധാനം പെട്ടെന്ന് നിര്‍ത്തിയതിന്റെ കാരണം ഇരിക്കുന്നത്. നേരത്തെ പപ്പു എന്ന് വിളിച്ച് പരിഹസിച്ച് രാഹുല്‍ഗാന്ധിയെ വ്യക്തിഹത്യയ്ക്ക് ഇരയാക്കിയതിനു പിന്നിലെ തന്ത്രം രാഹുലിനെ വില കല്‍പിക്കാതിരിക്കുക, നിസ്സാരവല്‍ക്കരിക്കുക എന്നതായിരുന്നു. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തൊടുത്തുവിട്ട തന്ത്രം ഏകദേശം പൂര്‍ണവിജയവുമായിരുന്നു. ഇമേജ് നഷ്ടപ്പെട്ട രാഹുല്‍ഗാന്ധി പാര്‍ലമെന്ററി ഇലക്ഷനില്‍ പൂര്‍ണമായും പരാജയപ്പെട്ടു പോകുകയും ചെയ്തു.

thepoliticaleditor

ഭാരത് ജോഡോ യാത്ര തീര്‍ച്ചയായും രാഹുലിന്റെ പപ്പു ഇമേജിനുള്ള ശരിയായ മറുപടിയാണ്. യാത്ര രാഹുല്‍ പൂര്‍ത്തിയാക്കാതെ രക്ഷപ്പെടുമെന്ന് കോണ്‍ഗ്രസില്‍ പോലും പലരും വിശ്വസിച്ചിരുന്ന സാഹചര്യത്തില്‍ നിന്നും രാഹുല്‍ വളരെയേറെ മുന്നില്‍ എത്തിയിരിക്കുന്നു. യാത്ര പാര്‍ടിക്ക് പുതിയ ജീവന്‍ നല്‍കുകയും ചെയ്തിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ആക്രോശിക്കുന്നതു പോലെ, രാഹുലിന്റെ ജീവന്‍ വെച്ച് കേന്ദ്രസര്‍ക്കാര്‍ കളിക്കുന്നതല്ല ഇപ്പോള്‍ കാശ്മീരില്‍ ഉണ്ടായിട്ടുളള സുരക്ഷ പിന്‍വലിക്കല്‍ സംഗതി എന്നത് വ്യക്തമാണ്.

രാഹുലിനോ കോണ്‍ഗ്രസിനോ ഉടനെയൊന്നും ബി.ജെ.പി.യുടെയോ മോദിയുടെയോ പ്രഭാവത്തിന് ക്ഷതമൊന്നും ഏല്‍പിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസിന്റെ ഏതൊരു ഉണര്‍വ്വും ബി.ജെ.പി.യെയും സംഘപരിവാറിനെയും ഉള്ളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. ഇതിനെ മറികടക്കാന്‍ ആകെ ചെയ്യാവുന്നത് രാഹുലിനെ തങ്ങള്‍ വലിയൊരു ഘടകമായി കരുതുന്നില്ലെന്ന് വരുത്തുകയാണ്. രാഹുലിനെ നിസ്സാരവല്‍ക്കരിക്കുക എന്നതാണ് തന്ത്രം–പഴയ പപ്പു പ്രചാരണ തന്ത്രത്തിന്റെ മറ്റൊരു മുഖം. ജോഡോ യാത്രയില്‍ തങ്ങള്‍ക്ക് വലിയ ആശങ്കയില്ലെന്നും അത് തങ്ങള്‍ പരിഗണിക്കുന്നു പോലുമില്ലെന്നും കാണിക്കുക.

സുരക്ഷാ പ്രശ്‌നം ഉള്ളയിടത്ത് എന്തിന് നടക്കുന്നു എന്ന് നിസ്സാരവല്‍ക്കരിക്കുകയും ഇതിനൊന്നും സര്‍ക്കാരിന്റെ വലിയ ശ്രദ്ധ ആവശ്യമില്ലെന്ന് ഇന്ത്യന്‍ ജനതയ്ക്ക് സന്ദേശം നല്‍കുകയും ചെയ്യുക എന്നതു മാത്രമാണ് ഇപ്പോള്‍ കാശ്മീരിലെ സംഭവവികാസങ്ങളുടെ അര്‍ഥം. വേണമെങ്കില്‍ പ്രത്യേകം അഭ്യര്‍ഥിക്കട്ടെ, അപ്പോള്‍ സുരക്ഷ ഏര്‍പ്പെടുത്താം എന്ന നിലപാട് എടുക്കുന്നു സര്‍ക്കാര്‍ എന്നാണ് തോന്നുന്നത്. ഇത് രാഹുലിന്റെ യാത്രയെ നിസ്സാരവല്‍ക്കരിക്കലാണ്, അതു മാത്രമാണ്. അതായത് ഭാരത് ജോഡോ യാത്ര ഏതേതോ തരത്തില്‍ ബി.ജെ.പി.യെ അസ്വസ്ഥമാക്കുന്നുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick