Categories
latest news

ജോഷിമഠ് തകരുകയാണ്, കാരണങ്ങൾ ഇവയാണ്

ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം തകരുകയാണ് . ഹിമാലയത്തിലെ ഇക്കോ സെൻസിറ്റീവ് സോണിൽ സ്ഥിതി ചെയ്യുന്ന ജോഷിമഠ് ബദരീനാഥ്, ഹേമകുണ്ഡ്, പൂക്കളുടെ താഴ്‌വര എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കേന്ദ്രമായി കണക്കാക്കപ്പെടുന്നു. ഇവിടെ 561 വീടുകളിൽ വിള്ളലുകൾ വീണിട്ടുണ്ട്. 4,677 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് നിന്ന് 600 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. അയ്യായിരത്തോളം പേർ പരിഭ്രാന്തിയിലാണ്. വീട് എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്ന ഭീതിയിലാണ് ഇവർ. നഗരത്തിലെ രവിഗ്രാം, ഗാന്ധിനഗർ, സുനിൽ വാർഡുകളിലാണ് ഏറ്റവും കൂടുതൽ ആഘാതം. ഉത്തരാഖണ്ഡ്‌ സര്‍ക്കാരിന്റെ അനങ്ങാപ്പാറ, അവഗണനാ നയത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായി ഉയര്‍ന്നിരിക്കയാണ്‌. സ്ഥിതിഗതികള്‍ നിയന്ത്രണത്തിനുപ്പുറത്താവാന്‍ തുടങ്ങിയതോടെയാണ്‌ ഇപ്പോള്‍ വൈകി ജനങ്ങളെ ഒഴിപ്പിക്കുന്നതിന്‌ ആരംഭിച്ചതെന്നു പറയുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ശനിയാഴ്ച ജോഷിമഠത്തിലെത്തി. അപകടമേഖലയിൽ നിന്ന് അടിയന്തരമായി ഒഴിപ്പിക്കാനും ദുരിതബാധിതരായ കുടുംബങ്ങൾക്കായി സുരക്ഷിതമായ സ്ഥലത്ത് പുനരധിവാസ കേന്ദ്രം നിർമിക്കാനും വെള്ളിയാഴ്ച അദ്ദേഹം ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രി വരെ 50 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 

13 വർഷം മുമ്പാണ് ജോഷിമഠത്തിന്റെ വീടുകളിൽ വിള്ളലുകൾ വീണു തുടങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായപ്പോൾ എൻടിപിസി പവർ പ്രോജക്ടിന്റെയും ചാർധാം ഓൾ വെതർ റോഡിന്റെയും പ്രവൃത്തി നിർത്തിവയ്ക്കാൻ ഉത്തരവായി. നഗരത്തിനടിയിലെ സ്‌ഫോടനവും തുരങ്കനിർമാണവും മൂലം മലനിരകൾ ഇടിയുന്നതായി വിദഗ്ധർ പറയുന്നു. നിർമ്മാണങ്ങൾ അടിയന്തരമായി നിർത്തിയില്ലെങ്കിൽ നഗരം പൂർണമായും തകർന്നടിഞ്ഞേക്കാം. അസന്തുലിതമായ വികസന പ്രവര്‍ത്തനങ്ങളുടെ കനത്ത പ്രത്യാഘാതമാണ്‌ ജോഷിമഠില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ്‌ നിഗമനം.

1976 ൽ അന്നത്തെ ഗഡ്വാൾ കമ്മീഷണർ എം സി മിശ്രയുടെ അധ്യക്ഷതയിൽ രൂപീകരിച്ച കമ്മിറ്റി ജോഷിമഠ് പ്രദേശം പുരാതന ഉരുൾപൊട്ടൽ പ്രദേശത്താണ് വരുന്നതെന്ന് പറഞ്ഞിരുന്നു. വളരെ അസ്ഥിരമായ പർവതത്തിൽ നിന്ന് താഴേക്ക് വന്ന പാറയുടെയും മണ്ണിന്റെയും കൂമ്പാരത്തിലാണ് നഗരം നിർമ്മിച്ചിരിക്കുന്നത്.

ഈ ഭാഗത്തെ ചരിവുകളിൽ കുഴിയെടുത്തോ സ്‌ഫോടനം നടത്തിയോ വലിയ കല്ലുകൾ നീക്കം ചെയ്യരുതെന്ന് സമിതി നിർദേശിച്ചിരുന്നു. ജോഷിമഠത്തിന്റെ അഞ്ച് കിലോമീറ്ററിനുള്ളിൽ നിർമാണ സാമഗ്രികൾ തള്ളരുതെന്നും നിർദേശിച്ചിരുന്നു.

വൻ പദ്ധതികൾക്ക് വിലക്കേർപ്പെടുത്തിയിട്ടും വൻകിട യന്ത്രങ്ങൾ ഇവിടെ മല തുരക്കുന്നു. എൻടിപിസിയുടെ ജലവൈദ്യുത പദ്ധതിയുടെ 16 കിലോമീറ്റർ നീളമുള്ള തുരങ്കം ജോഷിമഠത്തിനു കീഴിലാണ് കടന്നുപോകുന്നത്. തുരങ്കത്തിൽ വാതകം രൂപപ്പെടുന്നതുമൂലമുണ്ടാകുന്ന മർദ്ദം മണ്ണിനെ അസ്ഥിരപ്പെടുത്തുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. ഇതുമൂലം ഭൂമി താഴ്ന്നു കൊണ്ടിരിക്കുകയാണ്.

സ്ഥിതി വഷളായപ്പോൾ, എൻടിപിസിയുടെ ജലവൈദ്യുത പദ്ധതിയുടെയും ചാർധാം ഓൾ-വെതർ റോഡിന്റെയും തുരങ്ക പ്രവൃത്തി നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് കടലാസിൽ ഒതുങ്ങി, മല തുരക്കൽ നിർബാധം തുടർന്നു കൊണ്ടേയിരുന്നു.

നഗരത്തിലെ ജനസംഖ്യ വർധിച്ചതോടെ വനവിസ്തൃതി രണ്ടായിരം അടിയായി കുറഞ്ഞു.വികസന പ്രവർത്തനം ജോഷിമഠ് പ്രദേശത്തുണ്ടായിരുന്ന കാടുകൾ നശിപ്പിച്ചതായി മിശ്ര കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പർവതങ്ങളുടെ പാറക്കെട്ടുകൾ മരങ്ങളില്ലാതെ നഗ്നമായി അവശേഷിക്കുന്നു.

ജോഷിമഠ് സ്ഥിതി ചെയ്യുന്നത് ഏകദേശം 6,000 അടി ഉയരത്തിലാണ്, എന്നാൽ ജനവാസ വർദ്ധന കാരണം വനവിസ്തൃതി 8,000 അടിയിലേക്ക് താഴ്ന്നു. മരങ്ങൾ ഇല്ലാത്തതിനാൽ മണ്ണൊലിപ്പും മണ്ണിടിച്ചിലും വർധിച്ചിട്ടുണ്ട്. വലിയ പാറക്കല്ലുകൾ ഇളകുന്നത് തടയാൻ വനം ഇല്ല. ലക്കും ലഗാനും ഇല്ലാത്ത സ്‌ഫോടനങ്ങളും അശ്രദ്ധമായ നിർമ്മാണവും ഭൂമി ഇളകി മാറുന്നതിന്റെ വേഗത വർദ്ധിപ്പിച്ചു.

ഹിമാലയൻ മേഖലയിൽ ജോഷിമഠ് സ്ഥിതി ചെയ്യുന്ന ഇടത്തെ പാരാ-ഗ്ലേഷ്യൽ സോൺ എന്ന് വിളിക്കുന്നു. ഇതിനർത്ഥം ഈ സ്ഥലങ്ങളിൽ ഒരിക്കൽ ഹിമാനികൾ ഉണ്ടായിരുന്നു എന്നാണ്. എന്നാൽ പിന്നീട് ഹിമാനികൾ ഉരുകുകയും അവശിഷ്ടങ്ങൾ അവശേഷിക്കുകയും ചെയ്തു. ഈ അവശിഷ്ടങ്ങൾ ആണ് പർവതം ആയി രൂപാന്തരപ്പെട്ടത്. പാരിസ്ഥിതികമായ അസന്തുലിതാവസ്ഥ ആണ് ഈ പ്രദേശത്തിന്റെ സവിശേഷത. സ്ഥിരതയില്ലാത്തതും സന്തുലിതാവസ്ഥ ഇല്ലാത്തതുമായ ഭൂമി ആണ് ഇത്.
ജോഷിമഠ് “വിന്റർ സ്നോ ലൈൻ”-ന്റെ ഉയരത്തിനും മുകളിലാണെന്ന പ്രത്യേകതയും ഉണ്ട്. മഞ്ഞുകാലത്ത് മഞ്ഞ് അവശേഷിക്കുന്നതിന്റെ വ്യാപ്തിയാണ് വിന്റർ സ്നോ ലൈൻ.

Spread the love
English Summary: joshi mat disaster reasons

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick