Categories
latest news

അയോധ്യ രാമക്ഷേത്രം ഇനി പ്രതിപക്ഷത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഇവയാണ്…

തിങ്കളാഴ്‌ച രാജ്യം ഉറ്റുനോക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അയോധ്യക്ഷേത്രത്തിൽ രാമലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചത് ബിജെപിയുടെയും ആർഎസ്‌എസിന്റെയും ചരിത്രത്തിലെ ഒരു നാഴികക്കല്ല് മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലെ ഒരു പുതിയ അധ്യായവും കൂടി അടയാളപ്പെടുത്തുന്നതാണ്. ഒരു കാലത്ത് ഇന്ത്യൻ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ അരികുകളിൽ മാത്രം കണ്ടിരുന്ന സംഘപരിവാറിന്റെ അഭൂതപൂർവമായ “ഹിന്ദുത്വ” കുതിച്ചുചാട്ടമായിരുന്നു അതിന്റെ സന്ദേശം. ആഴ്ചകൾ മാത്രം അകലെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത് എങ്ങനെ സഹായിക്കും എന്നത് അറിയണം.

മന്ദിർ പ്രസ്ഥാനത്തിന്റെ ശില്പിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ.കെ അദ്വാനി ദിവസങ്ങൾക്ക് മുമ്പ് എഴുതിയ ഒരു കുറിപ്പിൽ, മോദി ക്ഷേത്രം പ്രതിഷ്ഠിക്കുമ്പോൾ അദ്ദേഹം ഇന്ത്യയിലെ 140 കോടി ജനങ്ങളെയും പ്രതിനിധീകരിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.!! “നീതിയുടെയും സത്യത്തിന്റെയും സംയുക്ത വിജയം കയ്പേറിയ ഓർമ്മകളെ ഇല്ലാതാക്കുകയും പുതിയ കഥകൾ സൃഷ്ടിക്കുകയും സമൂഹത്തിൽ സൗഹാർദ്ദം വളർത്തുകയും ചെയ്യുന്നു” എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എഴുതി.

thepoliticaleditor

2024 ജനുവരി 22 പ്രതിപക്ഷത്തിന് ഒരു പുതിയ രാഷ്ട്രീയ വെല്ലുവിളി സൃഷ്ടിക്കുന്നു. 1989-ൽ ബി.ജെ.പി അതിന്റെ പാലമ്പൂർ സമ്മേളന പ്രമേയത്തിൽ പറഞ്ഞത്, കോടതികൾക്കല്ല മറിച്ച് ചർച്ചകളിലൂടെയുള്ള ഒത്തുതീർപ്പിലൂടെയോ നിയമനിർമ്മാണത്തിലൂടെയോ ആണ് അയോധ്യപ്രശ്നം പരിഹരിക്കാൻ കഴിയുക എന്നായിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ വിഷയം ജുഡീഷ്യറിക്ക് വിടുക എന്ന നിലപാടിൽ ആയിരുന്നു.

തർക്കം നിലനിന്നിരുന്ന മുഴുവൻ ഭൂമിയും രാമക്ഷേത്രത്തിനായി സുപ്രീം കോടതി 2019-ൽഅനുവദിച്ചതോടെ, ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് എന്തായിരിക്കണമെന്ന് തീരുമാനിക്കാനാകാതെ പ്രതിപക്ഷം കുഴങ്ങി എന്നതാണ് സത്യം. പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ തന്നെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ പങ്കാളിത്തക്കാര്യത്തില്‍ ഐക്യം ഉണ്ടായില്ല എന്നതും നമ്മള്‍ കണ്ടു. ഇതെല്ലാ നേട്ടമായി മാറിയത് സംഘപരിവാറിനാണ് എന്ന് പ്രതിപക്ഷകക്ഷികള്‍ ഇനിയെങ്കിലും ഓര്‍ക്കുമോ.

ഹിന്ദു വികാരത്തെ സംഘപരിവാര്‍ ഉടനെ വന്‍തോതിലുള്ള വോട്ടാക്കി മാറ്റാന്‍ തുനിയുമ്പോള്‍ ഹിന്ദുവികാരം എന്ന ആശയത്തെ മാറ്റി നിര്‍ത്താന്‍ പ്രതിപക്ഷ പാര്‍ടികള്‍ക്ക് ഇനി ഒട്ടും സാധിക്കില്ല. ഇക്കാര്യത്തില്‍ സന്തുലിതമായ ഒരു തന്ത്രം ആവിഷ്‌കരിക്കാന്‍ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഇന്ത്യ മുന്നണിക്ക് ഒറ്റക്കെട്ടായി കഴിയേണ്ടതുണ്ട്. ഇതാണ് വലിയൊരു വെല്ലുവിളി.
മഥുരപള്ളി , വാരാണസിയിലെ ഗ്യാന്‍വാപി പള്ളി എന്നിവയെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങളും ഇപ്പോള്‍ കോടതികളിലാണ്. ഇവ കോടതികള്‍ എങ്ങിനെയായിരിക്കും കൈകാര്യം ചെയ്ത് അവസാനിപ്പിക്കുക എന്നതും നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ രാമജന്‍മഭൂമി തര്‍ക്കക്കേസ് വിധി സുപ്രധാന സ്വാധീനം തന്നെ ചെലുത്തുമെന്നും അനുമാനിക്കാവുന്നതാണ്. പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ പഴയപോലെ കോടതി തീരുമാനിക്കട്ടെ എന്ന നിലപാട് തന്നെയാണോ സ്വീകരിക്കുക എന്നത് ശ്രദ്ധേയമായ ചോദ്യമാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick