രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് അന്വേഷണം പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രിയുടെ കഥയ്ക്ക് അനുസരിച്ച് പോലീസ് തയ്യാറാക്കിയ തിരക്കഥയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പോലീസിന്റെ ഒത്താശയോടെയാണ് അക്രമമെന്ന് തെളിയിക്കാൻ എസ്എഫ്ഐ പ്രവർത്തകനെ പോലീസുകാരൻ തോളിൽ തട്ടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് കെ.സി വേണുഗോപാലിന്റെ ആരോപണം.
എസ്എഫ്ഐയെ മഹത്വവത്കരിക്കുന്ന റിപ്പോർട്ടാണ് ഇതെന്ന് കെസി വേണുഗോപാൽ ആരോപിച്ചു. മുഖ്യമന്ത്രി പറഞ്ഞാൽ അതിനനുസരിച്ച് റിപ്പോർട്ട് എഴുതാൻ മാത്രം യോഗ്യതയുള്ള കേരള പോലീസിൽ നിന്ന് മറ്റൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും കെ.സി പറഞ്ഞു. വിശ്വാസ്യത ഇല്ലാത്ത ഈ പോലീസ് റിപ്പോർട്ടും കേരളം തള്ളിക്കളയുമെന്നും രാഹുൽ ഗാന്ധി തന്നെ ആസൂത്രണം ചെയ്ത ആക്രമമാണിതെന്ന് സിപിഎം പറയാത്തത് ഭാഗ്യമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.