മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ വിജയിച്ചു.143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. 40 ശിവസേന എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി കൂറുമാറി ഷിന്‍ഡെയ്ക്കപ്പൊം ചേര്‍ന്നു. 99 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിനേക്കാൾ എട്ടു വോട്ടുകൾ പ്രതിപക്ഷത്തിന് കുറവുണ്ടായിരുന്നു.
സന്തോഷ് ബംഗാർ ആണ് ഇന്ന് ഷിന്ദേ പക്ഷത്തിനൊപ്പം ചേർന്ന ശിവസേന എംഎൽഎ. മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം അരങ്ങേറിയ സാഹചര്യത്തിൽ ഉദ്ധവ് താക്കറെയ്ക്ക് പൊതുവേദിയിൽ പിന്തുണ പ്രഖ്യാപിച്ച എംഎൽഎ ആണ് സന്തോഷ് ബംഗാർ.
പിന്തുണ പ്രഖ്യാപിക്കുന്നതിനിടെ സന്തോഷ് ബംഗർ വിതുമ്പിക്കരയുന്നതും അനുയായികൾ അദ്ദേഹത്തിന്റെ കണ്ണീരൊപ്പുന്നതും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായ കാഴ്ചയായിരുന്നു. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമാണ് താക്കറെ’– വൈറൽ വിഡിയോയിൽ സന്തോഷ് ബംഗർ പറയുന്നു. ഏക്നാഥ് ഷിൻഡെ പിന്നിൽനിന്ന് കുത്തിയെന്നും തിരികെ വരണമെന്നും വൈറൽ പ്രസംഗത്തിൽ സന്തോഷ് ബംഗർ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് രാവിലെ വിമത എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്.
സന്തോഷ് ബംഗാറുടെ അപ്രതീക്ഷിത ചുവടുമാറ്റം അനുയായികൾ അടക്കമുള്ളവരെ അത്ഭുതപ്പെടുത്തിയിരുന്നു.
മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പി.ഡബ്ല്യു.പി.ഐ എംഎൽഎ ശ്യാംസുന്ദർ ഷിന്ദേയും എൻഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്.
വിശ്വാസവോട്ടെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച സ്പീക്കർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ രാഹുൽ നർവേക്കർ ഇന്നലെ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പിലും ഷിന്ദേ വൻവിജയം കൈവരിച്ചിരിക്കുന്നത്.
അതേ സമയം, ഏക്നാഥ് ഷിൻഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവായി സ്പീക്കർ രാഹുൽ നർവേക്കർ അംഗീകരിച്ച നടപടി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 11 ന് മറ്റ് ഹര്‍ജികള്‍ക്കൊപ്പം ശിവസേനയുടെ ഹര്‍ജിയും കേള്‍ക്കും.