എകെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ കോട്ടയം ഡിസിസി ഓഫീസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്റ് സെക്രട്ടറി കെ.മിഥുൻ , കമ്മറ്റിയംഗം വിഷ്ണു ഗോപാൽ , വിഷ്ണു രാജേന്ദ്രൻ , അരുൺകുമാർ, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.
എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ എട്ടംഗസംഘം നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫിസിനു നേരെ തീപ്പന്തം എറിയുകയും ജനാലകൾ കല്ലെറിഞ്ഞു തകർക്കുകയും ചെയ്തത്.
ഇവരുടെ ചിത്രങ്ങൾ അപ്പോൾ തന്നെ പൊലീസ് ഉദ്യോഗസ്ഥർ പകർത്തിയിരുന്നു. ഇതുകൂടാതെ പ്രതികൾ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വ്യക്തമായ തെളിവുണ്ടായിട്ടും ഡിസിസി ഓഫീസ് ആക്രമണ കേസിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നത് വലിയ വിവാദമായിരുന്നു. സിപിഎമ്മുകാരായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവുമായി നേരത്തെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡിസിസി ഓഫിസിനുണ്ടായ നാശനഷ്ടത്തിന്‍റെ കണക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കിട്ടാത്തത് കൊണ്ടാണ് നടപടികൾ വൈകിയത് എന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം.നഷ്ടക്കണക്ക് വ്യക്തമാകാതെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയാല്‍ വേഗം ജാമ്യം ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.
ഡിസിസി ഓഫിസിലേക്ക് തീപ്പന്തമെറിഞ്ഞത് കുമരകത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മിഥുന്‍ എന്ന അമ്പിളിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതേ അമ്പിളി നേരത്തെ മറ്റൊരു കേസില്‍ അറസ്റ്റിലായപ്പോള്‍ പൊലീസ് സ്റ്റേഷനുളളില്‍ എസ്ഐയുടെ തൊപ്പി വെച്ച് സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ചതും വിവാദത്തിലായിരുന്നു.
എന്നാല്‍ പ്രതികള്‍ നിരീക്ഷണത്തിലുണ്ടെന്നായിരുന്നു കോട്ടയം വെസ്റ്റ് പൊലീസിന്‍റെ വിശദീകരണം.