പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പറന്നുയർന്നതിന് പിന്നാലെ കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ട് പ്രതിഷേധിച്ച നാല് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ ഗന്നവരം വിമാനത്താവളത്തിൽ നിന്ന് പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെയായിരുന്നു കറുത്ത ബലൂണുകൾ പ്രതിഷേധക്കാർ പറത്തിവിട്ടത്.ഹെലികോപ്ടറിന് വളരെ അടുത്തുകൂടിയാണ് ബലൂണുകൾ പറന്നത്.
എന്നാൽ പോലീസ് പറയുന്നത് പ്രധാനമന്ത്രി പോയി അഞ്ച് മിനിറ്റിന് ശേഷമാണ് വിമാനത്താവളത്തിന് 4.5 കിലോമീറ്റർ അകലെവെച്ച് പ്രതിഷേധക്കാർ ബലൂണുകൾ പറത്തിയത് എന്നാണ്.

‘നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റിൽ കയറിയാണ് കറുത്ത ബലൂണുകൾ പ്രതിഷേധക്കാർ പറത്തിവിട്ടത്. എന്നാൽ, അവർ ബലൂണുകൾ പറത്തിയപ്പോഴേക്കും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ വിമാനത്താവളത്തിൽ നിന്ന് പോയികഴിഞ്ഞിരുന്നു’ പോലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി മോദിക്കെതിരെ കറുത്ത ബലൂണുകൾ കാണിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ഇതെ തുടർന്ന് കൃഷ്ണ ജില്ല പോലീസ് 144 അടക്കം പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് കറുത്ത ബലൂണുകളുമായി വിമാനത്താവളത്തിലേക്ക് കടന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
അല്ലൂരി സീതാരാമ രാജുവിന്റെ 125ആം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് പ്രധാനമന്ത്രി ആന്ധ്രയിലെത്തിയത്.