Categories
kerala

തൃക്കാക്കരയിൽ മത്സരം വൈകാരികതയും വികസനവും തമ്മിൽ…

പി.ടി തോമസിന്റെ നിര്യാണം മൂലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കര മണ്ഡലത്തിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. ഇരു മുന്നണികൾക്കും സംസ്ഥാന തരത്തിലുള്ള സ്വീകാര്യത വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയിൽ നടക്കുക.കോൺഗ്രസ് സ്ഥാനാർഥിയായി അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു.

കോൺഗ്രസിന് മേൽക്കൈ ഉള്ള സീറ്റ് ആയതിനാൽ സീറ്റിന് വേണ്ടി പാർട്ടിക്കകത്ത് വലിയ പിടിവലിയാണ് നടന്നത്.എന്നാൽ മുതിർന്ന നേതാക്കൻ തിരുവനന്തപുരത്ത് യോഗം ചേർന്ന് ഉമ എന്ന ഒറ്റപേരിലേക്കെത്തുകയായിരുന്നു.

thepoliticaleditor

സീറ്റ് മോഹികളുടെ പ്രതിഷേധങ്ങൾ ഒന്നും വലിയ രീതിയിൽ പാർട്ടിയിൽ ഉയരാനുള്ള സാധ്യത ഇനി ഇല്ല. ഉയർന്നാലും അതിന് വലിയ പ്രസക്തിയും ഉണ്ടാവില്ല. പി.ടി യുടെ വികസന സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് തന്റെ ലക്ഷ്യമെന്ന് ഉമ തോമസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഉറച്ച തീരുമാനമുള്ള
വ്യക്തി എന്ന ഉമയുടെ പ്രതിഛായയും സ്വീകാര്യനായ നേതാവിന്റെ പത്നിയോടുള്ള സഹതാപ തരംഗവും പരമാവധി ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ്സിന്റെ നീക്കം.

മറുവശത്ത് 100 സീറ്റ് തികക്കാനുള്ള കോപ്പുകൂട്ടുകയാണ് എൽഡിഎഫ്. പാർട്ടിയുടെ മുഴുവൻ ശ്രദ്ധയും മുന്നണി സംവിധാനവും തൃക്കാക്കര മണ്ഡലത്തിൽ കേന്ദ്രീകരിക്കുകയാണ്. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് പ്രചരണ ചുമതല. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്നാണ്‌ മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അവകാശ വാദത്തിന്, പൊന്നാപുരം കോട്ട ഇടിച്ചുനിരത്തുമെന്ന മറുപടിയാണ് ഇ.പി ജയരാജൻ കൊടുത്തത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിയുമായ പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവർക്കും തെരഞ്ഞെടുപ്പ് പോരാട്ടം നയിക്കുന്നതിനുള്ള നിർണായക ചുമതലകൾ പാർട്ടി നൽകിയിട്ടുണ്ട്.

അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയാൽ എൽഡിഎഫിന്‍റെ പ്രചരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സജീവമായി ഉണ്ടാകുമെന്നാണ് സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സ്വാധീന മണ്ഡലമാണെങ്കിലും ഒത്തുപിടിച്ചാൽ തൃക്കാക്കരയും പോരുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നേതാക്കൾക്ക് നൽകിയത്.

ആ നിലയ്ക്ക് വളരെ രാഷ്ട്രീയ ശ്രദ്ധയുള്ള ഒരു പോരാട്ടമായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മാറുമെന്നത് തീർച്ചയാണ്. ഉടൻ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് എൽഡിഎഫ്.

ഉമ തോമസിന് വിമർശനം

ഡൊമനിക് പ്രസന്റേഷൻ

ഉമാ തോമസിനെ സ്ഥാനാർഥിയാക്കാനുളള നീക്കത്തിൽ വിമർശനവുമായി മുൻ മന്ത്രി ഡൊമനിക് പ്രസന്റേഷൻ രംഗത്ത് വന്നിരുന്നു. സഹതാപം തൃക്കാക്കരയിൽ വിലപ്പോവില്ലെന്നും സാമൂഹിക സാമുദായിക ഘടകങ്ങൾ കൂടി പരിഗണിച്ച് സ്ഥാനാർഥിയെ നിശ്ചയിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നുമാണ് ‍ഡൊമനിക് പ്രസന്റേഷൻ പറഞ്ഞത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ വി തോമസ് ചേർത്ത്നിർത്തും ; ഉമ

ഉമ തോമസ്

അതേ സമയം, കെ വി തോമസ് തനിക്കെതിരെ പ്രവർത്തിക്കില്ലെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഉമ തോമസ് പറഞ്ഞത്. കെ വി തോമസ്, പി ടിയെ എന്നും ചേർത്തു പിടിച്ച നേതാവാണെന്നും അദ്ദേഹത്തെ നേരിട്ട് കണ്ട് അനുഗ്രഹം തേടുമെന്നും അവർ വ്യക്തമാക്കി.

‘മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല.കുടുംബങ്ങൾ തമ്മിലുള്ള ബന്ധം അത്രയ്‌ക്കുണ്ട്.മാഷിനെ നേരിട്ട് പോയി കാണും.ഇന്നലെ ഞാൻ വിളിച്ചിരുന്നു.ഞങ്ങളുടെ അനുഗ്രഹമുണ്ടാകുമെന്ന് പ്രത്യേകം പറഞ്ഞു.ചേർത്തുപിടിച്ചിട്ടേയുള്ളൂ അവർ’- ഉമ തോമസ് പറഞ്ഞു.

വ്യക്തിബന്ധങ്ങൾക്കല്ല വികസനത്തിനാണ് പ്രാധാന്യം ; കെ.വി തോമസ്

കെ.വി തോമസ്

എന്നാൽ, തിരഞ്ഞെടുപ്പിൽ വ്യക്തിബന്ധങ്ങൾക്കല്ല വികസനത്തിനാണ് പ്രാധാന്യമെന്ന് കെ.വി തോമസ് പ്രതികരിച്ചത്. എൽഡിഎഫിനൊപ്പമോ യുഡിഎഫിനൊപ്പമോ അല്ലെന്നും വികസനത്തിനൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


‘കെ റെയിൽ പോലുള്ള വികസന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല.കേരളത്തിൽ ഗതാഗത പ്രശ്നം ഒരുപാട് രൂക്ഷമാണ്.ഈയൊരു സാഹചര്യത്തിൽ വ്യക്തി ബന്ധങ്ങൾക്കല്ല പ്രാധാന്യം കൊടുക്കുന്നത്. ഇന്നലെ രാത്രി ഉമ വിളിച്ചപ്പോൾ എന്റെ ഭാര്യയുമായി സംസാരിച്ചു.പക്ഷേ തിരഞ്ഞെടുപ്പെന്ന് പറയുന്നത് ജനങ്ങളുമായും വികസനവുമായി ബന്ധപ്പെട്ടതാണ്.സ്വാഭാവികമായും വികസന രാഷ്ട്രീയത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്.ആർക്ക് വോട്ട് ചെയ്യണം വോട്ട് ചെയ്യേണ്ട എന്നത് വേറെ കാര്യം’- കെ.വി തോമസ് പറഞ്ഞു.

Spread the love
English Summary: thrikkaakara by election

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick