സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.
കെ. സുധാകരന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. 1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽ നിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ഇ.പി.ജയരാജന് കഴുത്തിൽ വെടിയേറ്റത്. രാവിലെ പത്തുമണിയോടെ ഇ.പി. ജയരാജന്‍ തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു.
കേസിൽ ഗൂഢാലോചനാ കുറ്റമാണ് കെ.സുധാകരനെതിരെ ചുമത്തിയിരുന്നത്. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടര്‍ന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ നിയോഗിച്ചെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
കേസിൽ ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആദ്യം സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്.
എന്നാൽ സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജി വിചാരണക്കോടതി തള്ളി. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
കെ.പി.സി.സി. അധ്യക്ഷന്‍ എന്ന നിലയില്‍ ഇപ്പോള്‍ പാര്‍ടിക്കകത്ത് വലിയ രീതിയില്‍ ഒഴിവാക്കപ്പെടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സുധാകരന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കോടതി വിധി വലിയ രാഷ്ട്രീയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ രാഷ്ട്രീയത്തിലും ഈ വിധി വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടും. സുധാകരന്‍-സിപിഎം ശത്രുത വീണ്ടും കണ്ണൂര്‍ ചര്‍ച്ച ചെയ്യുന്നതിന് വിധി സാഹചര്യമൊരുക്കുന്നു.