Categories
kerala

‘പാതി’യില്‍ തുടങ്ങി സിനിമയിലെ പൂര്‍ണ’ചന്ദ്രനാ’വാന്‍ ‘സ്‌റ്റേറ്റ്‌ ബസി’ന്റെ ഡ്രൈവര്‍…

മലയാളികൾക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ പറ്റി അത്ര പരിചയം ഇല്ലാത്ത കാലത്ത് നെറ്റ്ഫ്ലിക്‌സിൽ ഒരു മലയാളം സിനിമ നിറഞ്ഞോടുന്നുണ്ടായിരുന്നു. ടോരൊന്റോ ഫിലിം ഫെസ്റ്റിവലിൽ അടക്കം നിരവധി സിനിമാ ഫെസ്റ്റിവലുകളിൽ ശ്രദ്ധയാകർഷിച്ച ‘പാതി’.
ഇന്ദ്രൻസ് മുഖ്യ വേഷമിട്ട ‘പാതി’ സിനിമ സംവിധാനം ചെയ്തത് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ ചന്ദ്രൻ നരിക്കോടാണ്‌. ചന്ദ്രൻ നരിക്കോടിന്റെ ആദ്യ ചിത്രമായിരുന്നു പാതി. പഞ്ചാബ് ബയോസ്കോപ്പ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, ടോരൊന്റോ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായാകൻ തുടങ്ങിയ ചെറുതും വലുതുമായ അനവധി അവാർഡുകൾ പാതി, ചന്ദ്രൻ നരിക്കോടിന് നേടിക്കൊടുത്തു.

വൻ വിജയമായിരുന്ന ആദ്യ സിനിമ നൽകിയ ആർജ്ജവത്തിൽ നിന്ന് തന്റെ രണ്ടാമത്തെ സിനിമയായ സ്റ്റേറ്റ് ബസ് റിലീസ് ചെയ്യാനൊരുങ്ങുകയാണ് സംവിധായകൻ.

thepoliticaleditor

തളിപ്പറമ്പിലെ സിനിമാ സംഘത്തിന്റെ കൂട്ടായ്മയിൽ നിന്നുണ്ടായതാണ്‌ സ്റ്റേറ്റ് ബസ് സിനിമ. തിരക്കഥാകൃത്തായ പ്രമോദ് കൂവേരിയുടെ ചെറുകഥയിൽ നിന്നാണ് സ്റ്റേറ്റ് ബസ് നാമ്പിടുന്നത്.
സിനിമാ സംഘത്തിന്റെ ഒരു അന്തിച്ചർച്ചയിലാണ് സിനിമ എടുക്കാനുള്ള തീരുമാനം ഉണ്ടായതെന്ന് സംവിധായകൻ പറയുന്നു. പിന്നീട് നാട്ടുകാരും കൂട്ടുകാരുമൊക്കെ ചേർന്ന്പ്രവർത്തിച്ച് സ്റ്റേറ്റ് ബസ് യാഥാർത്ഥ്യമാക്കുകയായിരുന്നു. തന്റെ സിനിമയിൽ, കഴിവുള്ള സ്വന്തം നാട്ടുകാരെ ഉൾപ്പെടുത്തുമെന്നുള്ള സംവിധായകന്റെ നിലപാട് ഈ സിനിമയിലും പ്രകടമാണ്.

സംവിധായകൻ ചന്ദ്രൻ നരിക്കോട്

പ്രാദേശിക കൂട്ടായ്മയുടെ ഒത്തൊരുമ സിനിമാ ചിത്രീകരണത്തിൽ വ്യക്തമാണ്. ആദ്യ സിനിമയായ പാതിയുടെ തിരക്കഥാകൃത്തായ വിജേഷ് വിശ്വമാണ് സ്റ്റേറ്റ് ബസ്സിൽ വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്. ജയസൂര്യ അഭിനയിച്ച വെള്ളം സിനിമയുടെ സഹ എഴുത്തുകാരൻ കൂടിയാണ് വിജേഷ് വിശ്വം. എഴുത്തുകാരനിൽ നിന്ന് വസ്ത്രാലങ്കാരത്തിലേക്ക് എങ്ങനെ എത്തി എന്ന ചോദ്യത്തിന് ‘ചന്ദ്രേട്ടന്റെ പടത്തിൽ ഏതെങ്കിലും വിധത്തിൽ ഭാഗമാകാനുള്ള ആഗ്രഹത്തിൽ ചെയ്തതാണ്’ എന്നായിരുന്നു മറുപടി.

വിജേഷ് വിശ്വം

തന്റെ ആദ്യ സിനിമ അവാർഡുകളിൽ നിറഞ്ഞ് നിന്നത് കൊണ്ടു തന്നെ രണ്ടാമത്തെ സിനിമ അവാർഡുകൾക്ക് പോകരുതെന്ന ഉറച്ച തീരുമാനത്തിൽ എടുത്തതാണെന്ന് സംവിധായാകൻ പറയുന്നു. ശക്തമായ രാഷ്ട്രീയം പ്രമേയമാക്കിയുള്ള സിനിമ,സ്റ്റേറ്റ് ബസിലൂടെയുള്ള ഒരു ത്രില്ലിംഗ് യാത്രയാണ്. 2 മണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും ചിന്തിപ്പിക്കുന്നതുമായിരിക്കും തന്റെ സിനിമയെന്ന് സംവിധായാകൻ ഉറപ്പു നൽകുന്നു.
രാഷ്ട്രീയ പകപോക്കലുകൾക്കപ്പുറം സ്നേഹത്തിന്റെ കൂടെ കഥ പറയുന്ന ചിത്രമാണ് പാതി. സന്തോഷ്‌ കീഴാറ്റൂരും വിജിലേഷുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം മാർച്ചോടെ സിനിമ പ്രേക്ഷകരിലേക്ക് എത്തും.

https://youtu.be/cMGEImmKGuU
Spread the love
English Summary: state bus movie director chandran narikkode

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick