Categories
latest news

ഗോഡ്‌സെ ആരാധികയായ തീവ്ര ആർഎസ് എസ്സുകാരി,ജെഎൻയുവിന്റെ പുതിയ വനിതാ വൈസ്‌ചാൻസലർ..

രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ഒന്നായ ജവഹ്ർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ്‌ ഇന്നലെ നിയമിതതായി. സാവിത്രി ഭായ് ഫൂലേ പൂനെ സർവകലാശലയിൽ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രൊഫസർ ആയിരുന്നു ശാന്തിശ്രീ.
ജെഎൻയു വിന്റെ പ്രഥമ വനിതാ വൈസ് ചാൻസലർ എന്ന വിശേഷണത്തോടെയാണ് ശാന്തിശ്രീ വൈസ്ചാൻസലർ പദവിയിലേറുന്നത്.

തന്റെ ഭരണ കാലത്ത് വിവാദങ്ങൾ കൊണ്ട് മാധ്യങ്ങളിൽ നിറ സാന്നിധ്യമായിരുന്ന എം ജഗദീഷ് കുമാറിന് ശേഷമാണ് ശാന്തിശ്രീ വൈസ് ചാൻസലർ പദവിയിലേക്ക് വരുന്നത്. ജഗദീഷ് കുമാറിനെ യുജിസി ചെയർമാൻ ആയി കഴിഞ്ഞ ദിവസമാണ്
നിയമിച്ചത്.

thepoliticaleditor

ജഗദീഷ് കുമാറിനെ പോലെ തന്നെ ആർഎസ്എസിന്റെയും തീവ്ര ഹിന്ദുത്വ ആശയങ്ങളുടെയും കടുത്ത ആരാധികയാണ് പുതിയ വൈസ് ചാൻസാലർ ശാന്തിശ്രീയും. മുസ്ലീങ്ങളുടെ വംശഹത്യയ്ക്കും, കർഷകർക്കെതിരെ ആക്രമണം അഴിച്ച് വിടുന്നതിലുമൊക്കെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ശാന്തിശ്രീ പോസ്റ്റ്‌ ചെയ്ത ട്വീറ്റുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘപരിവാർ പശ്ചാത്തലമുള്ളവരെ നിയമിക്കാനുള്ള കേന്ദ്ര സർക്കാർ അജണ്ടയാണ് ഇതിൽ നിന്നും തെളിയുന്നത്.

ശാന്തിശ്രീയുടെ മുൻകാല ട്വീറ്റുറുകളിൽ ചിലത് :

ഗാന്ധിയെ വധിച്ച ഗോഡ്സെയെ അനുകൂലിച്ചാണ് ഒരു ട്വീറ്റ്‌.
ഗാന്ധി വധം സങ്കടകരമാണെങ്കിലും, ഏകീകൃത ഇന്ത്യയ്ക്ക് ഗാന്ധിയുടെ കൊലപാതകം മാത്രമാണ് പരിഹാരം എന്നാണ് ശാന്തിശ്രീ ട്വിറ്ററിൽ കുറിച്ചത്.

ജെഎൻയുവിലെ ഇടതു പക്ഷ പ്രവർത്തകരെ ‘നക്സൽ ജിഹാദികൾ’ എന്നാണ് ശാന്തിശ്രീ വിശേഷിപ്പിച്ചത്. ഭീകരതയുടെ മറ്റൊരു മുഖമായ ലവ് ജിഹാദ് തടയാൻ അമുസ്‌ലീംകൾ ഉണരണമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
രോഹിങ്ക്യൻ അഭയാർത്ഥികളെ ഇന്ത്യയിൽ നിന്ന് തുരത്താനും, ജാമിയ മിലിയ ഇസ്ലാമിയ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട്‌ അനുവദിക്കരുതെന്നും ആഹ്വാനം ചെയ്ത പോസ്റ്റുകളും കാണാം.

അടുത്തിടെ, കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകരെ ഇത്തിൾ കണ്ണികളെന്നും ദല്ലാളെന്നും, ഇടനിലക്കാരെന്നും വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

സംഘപരിവാർ ഗ്രൂപ്പുകളിലെ ട്രോളുകളും പലപ്പോഴായി അവർ റിട്വീറ്റ്‌ ചെയ്തതായും കാണാം.

ഇത്തരത്തിൽ തീവ്ര ഹിന്ദുത്വ ആശയങ്ങൾ പറയുന്ന നിരവധി പോസ്റ്റുകളാണ് ഇവരുടെ നിയമനത്തിന് പിന്നാലെ വിദ്യാർത്ഥികൾ പുറത്തു കൊണ്ട് വന്നത്. തന്റെ പഴയ പോസ്റ്റുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ ശാന്തിശ്രീ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തു.

പൂനെ സർവകലാശാലയിൽ അന്താരാഷ്ട്ര സ്റ്റുഡന്റസ് സെന്റർ മേധാവി ആയിരിക്കെ, വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ ക്രമക്കേട് കാണിച്ചെന്ന ആരോപണവും ഇവർക്കെതിരെയുണ്ടായിരുന്നു. ആരോപണം തെളിഞ്ഞിട്ടും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അന്നത്തെ വിസി ആയിരുന്ന രഘുനാഥ് ശേവ്ഗനോക്കർ തയാറില്ലെന്ന് അഴിമതി ആദ്യമായി ഉന്നയിച്ച സേനറ്റ് അംഗം അതുൽ ബഗുൽ മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി തെളിയിക്കാനായി നിയോഗിച്ച കമ്മിറ്റിയും കുറ്റം തെളിഞ്ഞതിന് ശേഷം നടപടിയെടുക്കാൻ തയാറായില്ല.

മൂന്ന് പേരുടെ പട്ടികയിൽ നിന്നുമാണ് ജെഎൻയു വൈസ് ചാൻസലർ ആയി ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റിനെ നിയമിക്കുന്നത്. ജെഎൻയു പൂർവ വിദ്യാർത്ഥിയും സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ സെന്റർ ഫോർ യൂറോപ്യൻ സ്റ്റഡീസ് പ്രൊഫസ്സറായ ഗുൽഷൻ സച്ച്ദേവ, ഇന്റർ യൂണിവേഴ്സിറ്റി അക്സിലറേറ്റർ സെന്റർ (ഐയുഎസി) മേധാവി അവിനാഷ് ചന്ദ്ര പാണ്ടേ എന്നിവരയായിരുന്നു പട്ടികയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ.

രാഷ്ട്രീയ ആശയങ്ങൾ കൊണ്ട് ജ്വലിച്ചു നിൽക്കുന്ന ജെഎൻയു കലാലയത്തിൽ ഉടലെടുത്ത പുതിയ അധികാര-രാഷ്ട്രീയ മാറ്റങ്ങൾ ഏത് വിധത്തിൽ പ്രതിഫലിക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.

Spread the love
English Summary: who's newly appointed lady vice chancellor of JNU

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick